ലോകത്തെമ്പാടും ആരാധകരുള്ള ഫിക്ഷണൽ സ്റ്റോറീസാണ് ഹാരി പോട്ടർ . ജെ.കെ റൗളിങിന്‍റെ ഏഴ് വോളിയമുള്ള പുസ്തകം പിന്നീട് എട്ട് സീരീസുകളുള്ള സിനിമയായി മാറി. ഒരു തലമുറയുടെ ബാല്യം മാന്ത്രിക ലോകത്തിന്‍റെ കൗതുകത്താൽ മനോഹരമാക്കി തീർത്ത ഹാരീ പോട്ടർ സീരീസുകൾ വീണ്ടും എത്തുകയാണ്. പക്ഷെ, മനസ്സിൽ ഉറപ്പിച്ച കഥാപാത്രങ്ങളുടെ മുഖങ്ങൾ ഇനി മാറും. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ ആ മാന്ത്രിക ലോകത്തെ യാഥാർഥ്യത്തിലേക്ക് എത്തിച്ചേക്കാം. ആരാധകർക്ക് ക്രിസ്തുമസ് വിരുന്നായാണ് ഹാരിപോട്ടർ പുതിയ സീരീസ് എത്തുന്നത്. പോട്ടർ ഹെഡുകൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് പുറത്തു വന്ന ടീസർ. ഭാഷയുടേയോ സംസ്കാരത്തിന്‍റേയോ അതിർവരമ്പുകളില്ലാതെ ഹാരി പോട്ടർ സീരീസിലെ ഓരോ കഥാപാത്രങ്ങളും ഇന്നും ആ മായാ ലോകത്തെ ജീവനുള്ള വ്യക്തികളായി പ്രേക്ഷകമനസ്സിൽ നിറഞ്ഞു നിൽക്കുന്നവയാണ്. കാലമെത്രതന്നെ കഴിഞ്ഞാലും ഹാരി പോട്ടർ ആരാധകർ കൂടിവരികയാണ്. ഒരോ പ്രായത്തിൽ കാണുമ്പോളും ഹാരി പോട്ടറിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും കാണാനും മനസ്സിലാക്കാനും സാധിക്കുമെന്നാണ് ആരാധകർ പറയുന്നത്. പുതിയ ഹാരി പോട്ടർ സീരീസ് പ്രഖ്യാപിച്ചതുമുതൽ കാസ്റ്റിങ്ങിനെകുറിച്ചുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. ഡാനിയൽ റാഡ്ക്ലിഫ് അനുസ്മരണീയമാക്കിയ ഹാരി പോട്ടർ എന്ന കഥാപാത്രം അത്രയധികം ആരാധക മനസ്സിൽ പതിഞ്ഞു കഴിഞ്ഞതാണ്. ഇനി അതേ കഥാപാത്രത്തിലേക്ക് മറ്റൊരു മുഖം വരുമ്പോൾ അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അത് വളരെയധികം പ്രയാസങ്ങൾ നിറഞ്ഞതാകും. ഡൊമനിക് മക് ലോഗ്ലിൻ എന്ന ബാലതാരമാണ് പുതിയ ഹാരിപോട്ടറായി എത്തുന്നത്. ഒരു സാധാരണ ബാലനിൽ നിന്ന് അത്ഭുതങ്ങളും രഹസ്യങ്ങളും അപകടങ്ങളും നിറഞ്ഞ മാന്ത്രിക ലോകത്തേക്ക് നടന്ന് നീങ്ങുന്ന ഹാരി എന്ന ബാലൻ തന്റെ ഭൂതകാലവുമായി ബന്ധപ്പെട്ട ശത്രുവിനെ നേരിടുന്നതുമാണ് സിരീസിന്റെ ഇതിവൃത്തം. ഏഴു ഭാഗങ്ങളിലും ഓരോ കടമ്പകളും പ്രതിസന്ധികളും തരണം ചെയ്താണ് ഹാരി മുന്നേറുന്നത്. ഇനി എന്തെല്ലാം മാറ്റങ്ങളാണ് പുതിയ സീരീസിൽ ഉണ്ടാവുക എന്ന ആകാംഷയിലാണ് ആരാധകർ.

ഹോഗ്വാർട്സ് സ്കൂളിന്‍റെ മാന്ത്രികതയുമായി ഒരു ക്രിസ്മസ് കാലം എത്തുന്നു; ഹാരി പോട്ടർ സീരീസ് പുതിയ മുഖങ്ങളിലൂടെ വീണ്ടും....
M
MadhyamamSource Link
about 1 month ago