Posted On date_range 30 March 2026 6:30 AM IST Updated On date_range 30 March 2026 6:30 AM IST ചോദ്യങ്ങൾ ചോദിച്ച കാലമുണ്ടായിരുന്നു സഖാവേ! text_fields bookmark_border കാലംമാറി കാലംമാറി എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും മാറ്റം അടുത്തുനിന്ന് കണ്ടത് 2026 മാർച്ച് 24നാണ്. കോന്നിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുമ്പോൾ. അതിലാണല്ലോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ ഒരു പാർട്ടിപ്രവർത്തകൻ ചോദ്യമുണ്ടെന്ന് പറഞ്ഞതും അത് വീട്ടിൽപോയി ചോദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചതും. പിറ്റേന്ന് ചോദ്യങ്ങൾ ചോദിക്കാതിരിക്കേണ്ടതിനെക്കുറിച്ച് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽവെച്ച് ക്ലാസെടുക്കുകയും ചെയ്തു. ‘‘അങ്ങനെ ചോദ്യംചോദിക്കാൻ പത്രസമ്മേളനമല്ലല്ലോ പൊതുയോഗം. പൊതുയോഗത്തിൽ ഒരാൾ പ്രസംഗിക്കുന്നു. ഇഷ്ടമില്ലാത്തവർ കേൾക്കണ്ട. പോകണം. ആ മര്യാദ പാലിക്കാതിരുന്നാൽ ആ മറുപടിയായിരിക്കും. പത്രസമ്മേളനമല്ല പൊതുയോഗം. പൊതുയോഗത്തിനു മുന്നിൽവന്നാൽ കിട്ടുന്ന മറുപടി അതായിരിക്കും’’ -ഇതാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രാഥമികവാദം. അവിടംകൊണ്ട് നിർത്തുന്നില്ല. അദ്ദേഹം വിശദീകരിക്കുന്നുണ്ട്: ‘‘വളരെ ദശാബ്ദങ്ങൾക്കുമുമ്പ് ചോദ്യം എഴുതീട്ട് കൊടുക്കും. ചിലയിടത്ത് പോയാൽ ചോദ്യം ഒരു കടലാസിലെഴുതിയിട്ട് കൊണ്ടുകൊടുക്കും. ആ ചോദ്യത്തിന് ഉത്തരം പറയാനാണോ പൊതുയോഗം വെക്കുന്നത്? പൊതുയോഗത്തിൽ പറയാനുള്ള കാര്യങ്ങൾ പറയാനല്ലേ. അപ്പോ, അങ്ങനെയൊക്കെ രീതി ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. ചില ആൾക്കാര് ചിലതിനെ എതിർക്കാനായി ചെയ്യുന്ന കാര്യങ്ങളാണ്. അങ്ങനെയുള്ളതൊന്നും സാധാരണ പൊതുമര്യാദയിൽ പെട്ടതല്ല. ഏതായാലും ഞാൻ പറഞ്ഞത് ചോദിച്ചയാൾക്ക് മനസ്സിലായല്ലോ’’ -ഇതാണ് മുഖ്യമന്ത്രിയുടെ ന്യായവാദം. ചോദിച്ചയാൾ എന്നാൽ ‘‘സി.എമ്മേ ഒരു ചോദ്യം’’ എന്ന് വിളിച്ചുപറഞ്ഞയാളാണ്. ദാസ് പി. ജോർജ് -എൽ.ഡി.എഫ് പ്രവർത്തകനാണ്. മുഖ്യമന്ത്രി അങ്ങനെ മറുപടിപറഞ്ഞതിൽ തെല്ലും വിഷമമില്ലെന്നും പ്രസംഗം തടസ്സപ്പെടുത്തുന്നത് ശരിയല്ല എന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചതാണെന്നും ദാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയുടെ അഹന്തയായിട്ടാണ് കൺവെൻഷനിലെ മറുപടിയെ പ്രതിപക്ഷത്തെ നേതാക്കൾ കണ്ടത്. കാലം മാറിയിട്ടുണ്ട്. ആ മാറ്റത്തിന്റെ പ്രതീകമാണ് പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവ്. എങ്ങോട്ടുമാറി എന്ന് കാണിച്ചുതരുന്നതാണ് പൊതുയോഗത്തിലെ ചോദ്യങ്ങൾക്കെതിരായി അദ്ദേഹം നിരത്തുന്ന വാദങ്ങൾ. അവ ചരിത്രപരമായി അവാസ്തവമാണ്. സൈദ്ധാന്തികമായി തെറ്റുമാണ്. പിണറായി പറഞ്ഞതുപോലെയായിരുന്നില്ല കേരളത്തിന്റെ ഇന്നലെകൾ. പൊതുയോഗങ്ങളിൽ ആളുകൾ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ചോദ്യങ്ങൾ പൊതുയോഗങ്ങളുടെ ഭാഗമായതുകാരണം പിന്നീട് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ടായി. ആദ്യമൊക്കെ, കോന്നിയിലെ ദാസ് പി. ജോർജിനെ പോലെ ചിലർ ഇടയിൽക്കയറി ചോദിക്കുമായിരുന്നു. പിന്നീട് പ്രസംഗം കഴിഞ്ഞശേഷം ചോദ്യങ്ങൾക്ക് സമയം അനുവദിക്കുക എന്ന രീതിവന്നു. ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ടാകും എന്ന് നോട്ടീസിൽ വെക്കുമായിരുന്നു. അതും കഴിഞ്ഞാണ് ചോദ്യങ്ങൾ എഴുതി സംഘാടകരെ ഏൽപിക്കുകയും അധ്യക്ഷൻ മുഖേന അത് പ്രസംഗകന് കൈമാറുകയും ചെയ്യുന്ന രീതി വന്നത്. സംവാദങ്ങളിലും സിമ്പോസിയങ്ങളിലുമല്ല, പൊതുയോഗങ്ങളിൽതന്നെ അതുണ്ടായിരുന്നു. ഏറ്റവുമധികം ആദരിക്കപ്പെടുന്ന മുൻ മുഖ്യമന്ത്രിമാരിൽ ഒരാളായ സി. അച്യുതമേനോൻ ‘സ്മരണയുടെ ഏടുകൾ’ എന്ന പുസ്തകത്തിൽ ഇത്തരം സംഭവങ്ങൾ വിശദീകരിക്കുന്നുണ്ട്. കൗമാരകാലത്ത് അദ്ദേഹത്തിന്റെ ഹീറോ ആയിരുന്ന കെ.എം. ഇബ്രാഹിമിനെ (കെ.എം. സീതിസാഹിന്റെ അനുജൻ) കുറിച്ച് സ്മരിക്കുന്നിടത്താണത്. കെ.എം. ഇബ്രാഹിമിന്റെ ജീവിതത്തിലെ മൂന്നുഘട്ടങ്ങൾ സി. അച്യുതമേനോൻ വിവരിച്ചുപോവുകയാണ്: ‘‘മൂന്നാമത്തെ ചിത്രം ഇതിൽനിന്നെല്ലാം ഭിന്നമാണ്. അത് 1945ൽ ആയിരുന്നു എന്നാണോർമ. അന്ന് ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കൊച്ചി ജില്ലാക്കമ്മിറ്റിയുടെ സെക്രട്ടറിയാണ്. പാർട്ടിയുടെ ആഭിമുഖ്യത്തിൽ കാവിൽ തെക്കേമൈതാനത്ത് ഗംഭീരമായ (അന്നത്തെ നിലയ്ക്ക്) ഒരു പൊതുയോഗം നടന്നു. സ: എ.കെ. ഗോപാലനായിരുന്നു പ്രധാനപ്രാസംഗികൻ. എ.കെ.ജിയുടെ പ്രസംഗം കഴിയുമ്പോൾ രാത്രി എട്ടര ഒൻപതു മണിയോളമായിട്ടുണ്ട്. പ്രസംഗം കഴിഞ്ഞ ഉടനെ സദസ്സിന്റെ അറ്റത്തുനിന്ന് ഒരാൾ എഴുന്നേറ്റ് നല്ല സ്വച്ഛമായ മലയാളത്തിൽ ഏതാനും ചോദ്യങ്ങൾ ചോദിച്ചു. അത് ഇബ്രാഹിമായിരുന്നു. അദ്ദേഹം പ്രസംഗം മുഴുവൻതന്നെ സശ്രദ്ധം കേട്ടുകൊണ്ട് സദസ്സിന്റെ ഒരുമൂലയിൽ അടങ്ങിയൊതുങ്ങി ഇരുന്നിരുന്നു എന്ന് അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്. അപ്പോഴേക്കും ശ്രീ ഇബ്രാഹിം മുസ്ലിംലീഗുകാരനായി കഴിഞ്ഞിരുന്നു.’’ അത് കേരളത്തിലെ ഒരു രീതിയായിരുന്നു. അന്ന് പൊതുയോഗങ്ങൾ രാഷ്ട്രീയവിദ്യാഭ്യാസത്തിനുള്ള മാധ്യമങ്ങളായിരുന്നു. സംഘടിപ്പിക്കുന്നവരും പ്രസംഗിക്കുന്നവരും കേൾക്കുന്നവരും ഒരേ ലക്ഷ്യത്തോടെയായിരുന്നു പൊതുയോഗങ്ങൾക്കെത്തിയിരുന്നത്. മുഖ്യമന്ത്രി വിശദീകരിച്ചതുപോലെ ‘‘ഇഷ്ടമില്ലാത്തവർ കേൾക്കണ്ട. പോകണം’’ എന്നായിരുന്നില്ല പഴയനേതാക്കളുടെ നിലപാട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ കടുത്ത വിമർശകനായിരുന്ന കെ. ബാലകൃഷ്ണൻ ഒരനുഭവം പറയുന്നുണ്ട്: ‘‘ഞാൻ കോഴിക്കോട് റെയിൽവേ സ്റ്റെഷനിലിറങ്ങിയപ്പോൾ ആദ്യംകണ്ട ഭിത്തിപ്പരസ്യം ഇതാണ്: ‘ഇ.എം.എസിന്റെ കമ്യൂണിസ്റ്റ് ലേഖനങ്ങൾക്ക് കെ. ബാലകൃഷ്ണൻ ചുട്ടമറുപടി പറയുന്നു’. ഞാൻ അമ്പരന്നുപോയി. കമ്യൂണിസ്റ്റ് വാരികയിൽ കെ.എസ്.പിക്ക് എതിരായി ഇ.എം.എസ് എഴുതിയ ലേഖനപരമ്പര ഞാൻ വായിച്ചിരുന്നില്ല. ഒരു സഖാവിനോട് ആ കമ്യൂണിസ്റ്റ് ലേഖനങ്ങൾ കൊണ്ടുവരാൻ പറഞ്ഞു. ഇ.എം.എസിന്റെ ലേഖനത്തിൽ പ്രതിപാദിച്ചിരുന്ന മാർക്സിസം എനിക്കു തീരെ പിടികിട്ടിയില്ല. ലെനിന്റെ ‘സ്റ്റേറ്റും റെവല്യൂഷനും’ എന്ന പുസ്തകം ഞാൻ ആവശ്യപ്പെട്ടു. പലതവണ വായിച്ചിട്ടുള്ള ആ പുസ്കത്തിൽനിന്ന് ഇം.എം.എസിന്റെ വാദത്തെ നേരിടാനുള്ള വരികൾ കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. ഞാൻ കമ്യൂണിസ്റ്റ് ലേഖനങ്ങളും ആ പുസ്തകവുമായി മുതലക്കുളത്തുപോയി. എന്റെ പ്രതീക്ഷകളെ പരാജയപ്പെടുത്തുമാറ് ഗംഭീരമായ സദസ്സ്. പി. കൃഷ്ണപിള്ള ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കന്മാരെല്ലാം യോഗസ്ഥലത്തുണ്ടെന്ന് ഒരു സഖാവ് എന്റെ ചെവിയിൽ മന്ത്രിച്ചു. രണ്ടുമണിക്കൂറിൽ കൂടുതൽ ഞാൻ പ്രസംഗിച്ചു. ലേഖനങ്ങൾക്ക് മറുപടി മാത്രമായിരുന്നു പ്രസംഗസാരം. യോഗം കഴിഞ്ഞു പോരുമ്പോൾ കൃഷ്ണപിള്ളയെ കണ്ടു. അദ്ദേഹം പറഞ്ഞ വാചകം ഇ.എം.എസിനെ വിലയിരുത്തുന്നതിൽ എല്ലാകാലത്തും എനിക്ക് വഴികാട്ടിയായിരുന്നിട്ടുണ്ട്. ‘പുതിയതലമുറയിലെ പിള്ളാര് ഈ പുസ്തകങ്ങളൊക്കെ വായിച്ചുമനസ്സിലാക്കി തുടങ്ങിയിട്ടുണ്ടെന്ന് അങ്ങേരെ അറിയിച്ചതു ഭേഷായി.’’ അങ്ങനെയൊക്കെയായിരുന്നു കേരളം കടന്നുവന്ന കാലം. കെ. ബാലകൃഷ്ണനെയും എ.കെ.ജിയെയും പോലുള്ള പ്രസംഗകരും കെ.എം. ഇബ്രാഹിമിനേയും കൃഷ്ണപിള്ളയേയും പോലുള്ള കേൾവിക്കാരും മാത്രമല്ല. ദാസ് പി. ജോർജിനെപ്പോലുള്ളവരും എല്ലാകാലത്തുമുണ്ടായിരുന്നു. അവരായിരുന്നു രാഷ്ട്രീയത്തെ ഇളക്കിയിരുന്നത്. ആവേശംകൊണ്ട് അവർ ചോദിച്ചുപോകും. കെ. ദാമോദരൻ നിയമസഭയിലേക്ക് മത്സരിച്ച കാലത്തെ ഒരു കഥയുണ്ട്. ഇന്നത്തെപ്പോലെത്തന്നെ അരിവാൾ മുസ്ല്യാക്കന്മാർ അന്നുമുണ്ടായിരുന്നു. മായിൻ മൗലവി എന്നയാളായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ താരപ്രചാരകൻ. ഒരിടത്തദ്ദേഹം കത്തിക്കയറുകയാണ്: ‘‘അല്ലാഹുവിന്റെയും റസൂലിന്റെയും മുന്നിൽ കെ. ദാമോദരനാണ് ശരിയായ മുസ്ലിം. ജോലിയെടുക്കുന്നവർക്ക് വിയർപ്പ് മാറുന്നതിനുമുമ്പ് കൂലി കൊടുക്കണമെന്നാണ് അവർ പറഞ്ഞത്. അത് കൊടുക്കണം എന്നാണ് കെ. ദാമോദരൻ പറയുന്നത്. കൊടുക്കില്ലെന്ന് പറയുന്നവരുടെ കൂടെയാണ് സീതി. അതുകൊണ്ട് കെ.എം. സീതിയേക്കാൾ മുസ്ലിമാണ് ദാമോദരൻ’’ -ഇത് കേട്ട് ഒരാൾ വിളിച്ചു ചോദിച്ചു: ‘ഇത് നിങ്ങൾ ഖുർആനെക്കൊണ്ട് തെളിയിക്കുമോ?’ മൗലവിയുടെ മറുപടി ഉടനടിവന്നു. ‘വേണ്ടിവന്നാൽ അതിെൻറ വാപ്പാനെക്കൊണ്ടും തെളിയിക്കും.’’ ആ ഉത്തരംകൊണ്ട് മാത്രമാണ് അന്ന് കെ. ദാമോദരൻ തോറ്റതെന്നും കഥയുണ്ട്. അങ്ങനത്തെ ചോദ്യങ്ങളുമുണ്ടാകും. അവയെ നേരിടാനുള്ള ഔചിത്യവും മനസ്സാന്നിധ്യവുമുള്ള നേതാക്കളുമുണ്ടായിരുന്നു അക്കാലത്ത്. ചരിത്രത്തിലങ്ങനെയൊക്കെയുണ്ട്. അവിടെ പൊതുയോഗങ്ങളുണ്ട്. ചോദ്യങ്ങളുണ്ട്. ഹിയർവിളികളുണ്ട്. വൺസ്േമാർ ഉയരുന്നുണ്ട്. അക്കാലത്ത് രാഷ്ട്രീയവേദി സംവാദവേദിയായിരുന്നു. പിന്നീടാണ് ഏകമുഖ പ്രസംഗവേദികളും ആശയങ്ങൾ മാറ്റുരക്കാനുള്ള സംവാദങ്ങളും വേർതിരിഞ്ഞത്. അപ്പോൾ സിമ്പോസിയങ്ങളുണ്ടായി. സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷുമെല്ലാം സംവാദവേദികളിലൂടെ വന്നവരാണ്. അത് രാഷ്ട്രീയത്തിലേക്കുള്ള ഒരു വഴിയായിരുന്നു. ഇപ്പോൾ സിമ്പോസിയങ്ങൾ സമ്മേളനങ്ങളുടേയും സാഹിത്യോത്സവങ്ങളുടേയും പൊലിമക്കുള്ള ചടങ്ങുകൾ മാത്രമല്ലേ. ചോദ്യങ്ങൾ ഇല്ലാതാവുന്ന കാലമല്ലേ. കാലം മാറിയതല്ലേ! Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - There was a time when questions were asked, comrade!

ചോദ്യങ്ങൾ ചോദിച്ച കാലമുണ്ടായിരുന്നു സഖാവേ!
M
MadhyamamSource Link
about 1 month ago