മുംബൈ: ബോളിവുഡിന്റെ താരചക്രവർത്തിമാരിൽ ഒരാളായി തുടരുന്ന അഭിനയപ്രതിഭ ആമിർ ഖാന് 61വയസ്സായി. മാർച്ച് 14 ശനിയാഴ്ചയായിരുന്നു ആമിറിന്റെ പിറന്നാൾ. ജന്മദിനത്തിൽ പ്രിയനടന് ആശംസകൾ നേർന്ന് ഹിന്ദി സിനിമാ ലോകത്തെ സൂപ്പർ നായികയായിരുന്ന സൈറ ബാനു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് വൈറലായി. തന്റെ ഭർത്താവും ബോളിവുഡിലെ വിഖ്യാത നടനുമായ ദിലീപ് കുമാറിനോടുള്ള ആമിറിന്റെ വർഷങ്ങൾ നീണ്ട സ്നേഹബന്ധത്തെ അനുസ്മരിച്ച സൈറാ ബാനു, തനിക്കും കുടുംബത്തിനും ഏറെ സ്നേഹം പകരുന്ന ആമിറിനെ പ്രത്യേകം പരാമർശിച്ചു. ‘കുറച്ചു ദിവസങ്ങൾക്ക് മുൻപ്, ആമിർ ഖാൻ ഗൗരിയോടൊപ്പം എന്നെ കാണാൻ വന്നു. അത്രയേറെ പ്രിയപ്പെട്ടവരുടെയും പരിചിതരുടെയും സാന്നിധ്യം മാത്രം നൽകുന്ന ഊഷ്മളത അപ്പോൾ എന്റെ ഹൃദയത്തിൽ നിറഞ്ഞു. ഒരാൾ അറിഞ്ഞിരിക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും മാന്യനും സൗമ്യനുമായ വ്യക്തിയായിട്ടാണ് ആമിർ എന്നും എനിക്ക് അനുഭവപ്പെട്ടത്’ -ഇൻസ്റ്റാഗ്രാമിൽ സൈറ ബാനു കുറിച്ചു. ‘ദിലീപ് സാബിനോടുള്ള ആമിറിന്റെ ആദരം, ദൂരെ നിന്നൊരു ആരാധകന്റേതു മാത്രമായിരുന്നില്ല. വർഷങ്ങളായി പ്രകടമാകുന്ന യഥാർഥ സ്നേഹത്തിൽ നിന്ന് ഉടലെടുത്ത ബഹുമാനമായിരുന്നു. സന്തോഷമായാലും, പ്രതിസന്ധികളായാലും ആമിർ എന്നും ഞങ്ങൾക്കൊപ്പം നിന്നു. ദിലീപ് സാബിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്ന സമയത്തെ വെല്ലുവിളികൾ നേരിടാനും ആമിർ ഏറെ പിന്തുണ നൽകി’. ‘അസുഖത്തിന്റെ നാളുകളിൽ, ആശുപത്രി ഇടനാഴികൾ ദീർഘവും കനത്തതുമായി അനുഭവപ്പെട്ടപ്പോൾ, നിശബ്ദമായ കൂട്ടും ഒരിക്കലും മറക്കാനാകാത്ത ആർദ്രതയും സമ്മാനിച്ച് ആമിർ അവിടെയും ഉണ്ടായിരുന്നു. വിനയാന്വിതവും അർഥഗർഭവുമായ ഇത്തരം സ്നേഹപ്രകടനങ്ങളാണ് ഒരു വ്യക്തിയുടെ യഥാർഥ മൂല്യം വെളിവാക്കുന്നത്. അദ്ദേഹം വീട്ടിലേക്ക് കടന്നുവരുമ്പോൾ അത് വെറുമൊരു സന്ദർശനമായി തോന്നാതെ, കുടുംബത്തിലെ പ്രിയപ്പെട്ട അംഗം വരുന്നതു പോലെ അനുഭവപ്പെടുന്നത് അതുകൊണ്ടാണ്’ -കുറിപ്പിൽ സൈറ വിശദീകരിച്ചു. ആമിറിനെപ്പോലെ ഒരാൾ മാത്രമേ ഉണ്ടാകൂ എന്നും അവർ കുറിച്ചു. ’ഈ സവിശേഷദിനത്തിൽ ലോകം നിങ്ങളുടെ ജന്മദിനം ആഘോഷിക്കുമ്പോൾ, ലക്ഷക്കണക്കിനാളുകൾ നിങ്ങളിലെ കലാകാരനെ ആദരിക്കുന്നു. എന്നാൽ, നിങ്ങളെ അടുത്തറിയുന്ന ഞങ്ങൾ നിങ്ങളിലെ അപൂർവവും അത്യുജ്ജ്വലവുമായ മനുഷ്യനെയാണ് നെഞ്ചേറ്റുന്നത്. ആമിർ ഒരാൾ മാത്രമേയുള്ളൂ. ജന്മദിനാശംസകൾ . സ്നേഹത്തോടെ, സൈറ’ എന്നാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് സൈറ ബാനു. 1960കളിലും 70കളിലും ബോളിവുഡിൽ തരംഗം സൃഷ്ടിച്ച അവർ, തലമുറകൾ ആരാധിക്കുന്ന ഇതിഹാസമാണിന്നും.

‘ആമിർ..നിങ്ങളെപ്പോലെ ഒരാൾ മാത്രമേ ഉള്ളൂ, നിശബ്ദമായ കൂട്ടും ആ ആർദ്രതയും മറക്കില്ല’; ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി സൈറ ബാനു
M
MadhyamamSource Link
about 2 months ago