തിരുവനന്തപുരം: കെ. സുധാകരനെ കണ്ണൂരിൽ സ്ഥാനാർഥിയാക്കാമെന്ന് ആർക്കും ഉറപ്പ് നൽകിയില്ലെന്നും ആരും സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിക്കേണ്ടെന്നും വി.ഡി. സതീശൻ. സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടത് കോൺഗ്രസ് നേതൃത്വമാണ്. അത് എല്ലാവരുമായി ചർച്ച ചെയ്താണ് തീരുമാനിക്കുക. പാർട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാർഥികൾ. അതിനപ്പുറത്തേക്ക് ആരും പോകേണ്ടതില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. പറവൂരിൽ കെ. സുധാകരന് അനുകൂല പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ പോസ്റ്റർ വെച്ചത് സി.പി.എമ്മുകാരായിരിക്കുമെന്നും പറവൂരിൽ എന്താണ് പ്രശ്നമെന്നും അവിടെയാണോ കെ. സുധാകരൻ സീറ്റ് ആവശ്യപ്പെട്ടെന്നും അദ്ദേഹം ചോദിച്ചു. അവിടെ സീറ്റ് ചോദിച്ചെങ്കിൽ താൻ മാറിക്കൊടുക്കാം. കോൺഗ്രസിൽ പ്രശ്നങ്ങളിലെന്നും സതീശൻ പറഞ്ഞു. കെ. സുധാകരന്റെ എഫ്.ബി പോസ്റ്റ് ഇട്ടത് താൻ അല്ലെന്നാണ് സുധാകരൻ തന്നോട് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹൈകമാൻഡ് ഇതുവരെ ഇങ്ങനെയൊരു കാര്യം തീരുമാനിച്ചിട്ടില്ല. അദ്ദേഹം നിലവിൽ എം.പി മാത്രമല്ല, വർക്കിങ് കമ്മിറ്റി മെമ്പറുമാണെന്ന് ദീപാദാസ് മുൻഷി പറഞ്ഞു. ചില എം.പിമാർ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. അദ്ദേഹം അങ്ങനെ പറഞ്ഞതിൽ തെറ്റായി തോന്നുന്നില്ല. പക്ഷേ, തീരുമാനം എടുക്കേണ്ടത് ഹൈകമാൻഡാണ്. ഹൈകമാൻഡിനെ അനുസരിക്കാത്ത ആളാണ് കെ. സുധാകരനെന്ന് തോന്നുന്നില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. അതേസമയം, സുധാകരന്റെ പിടിവാശിക്ക് വഴങ്ങേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സുധാകരന്റെ വാശിക്ക് വഴങ്ങിയാൽ സ്ഥാനാർഥി മോഹമുള്ള മറ്റ് എം.പിമാരെയും പരിഗണിക്കേണ്ടി വരില്ലേയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആശങ്ക. അതിനാൽ, സംസ്ഥാന നേതൃത്വം വിഷയം ഹൈകമാൻഡിനെ അറിയിക്കുകയും ചെയ്തു. കണ്ണൂരിൽ സീറ്റിനായി പിടിവാശി പാടില്ലെന്നും മറ്റു പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നുള്ള കാര്യങ്ങൾ ഡൽഹിയിൽ വെച്ച് കെ. സുധാകരനെ നേതൃത്വം ധരിപ്പിച്ചിരുന്നു. കൂടാതെ, അദ്ദേഹം പറയുന്ന ആളെ കണ്ണൂരിൽ മത്സരിപ്പിക്കാമെന്ന ഓഫറും എ.ഐ.സി.സി നേതൃത്വം അറിയിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്. പ്രശ്ന പരിഹാരത്തിനായി മറ്റന്നാൾ ഡൽഹിയിൽ എത്താനാണ് സുധാകരനോട് നേതൃത്വം ആവശ്യപ്പെട്ടത്. എന്നാൽ, സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ സുധാകരൻ ഡൽഹിക്ക് പോകുമോയെന്ന കാര്യത്തിലും സംശയമുണ്ട്. കഴിഞ്ഞ ദിവസത്തെ എഫ്.ബി പോസ്റ്റ് താൻ തന്നെയാണ് ഇട്ടതെന്നും ഇതു സംബന്ധിച്ച് ആരും തന്നെ വിളിച്ചിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. അടൂരിൽ താൻ തന്നെ മത്സരിക്കണമെന്നാണ് മറ്റൊരു എം.പിയായ അടൂർ പ്രകാശിന്റെ നിലപാട്. താനല്ലാതെ അവിടെ വേറെ ആര് നിന്നാലും തോൽക്കുമെന്ന ന്യായവാദമാണ് ഇതിനായി പ്രകാശ് ഉന്നയിക്കുന്നത്

‘ആരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കേണ്ട, സുധാകരനെ സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പ് നൽകിയിട്ടില്ല’; പറവൂർ വേണമെങ്കിൽ താൻ മാറിക്കൊടുക്കാമെന്ന് വി.ഡി. സതീശൻ
M
MadhyamamSource Link
about 2 months ago