‘ആശങ്കപ്പെടേണ്ട, ഞങ്ങളുടെ സുഹൃത്തുക്കൾ സുരക്ഷിതർ’; ഹുർമുസ് ഉപരോധത്തിൽ ഇന്ത്യക്കാർക്ക് ആശ്വാസവുമായി വീണ്ടും ഇറാൻ

‘ആശങ്കപ്പെടേണ്ട, ഞങ്ങളുടെ സുഹൃത്തുക്കൾ സുരക്ഷിതർ’; ഹുർമുസ് ഉപരോധത്തിൽ ഇന്ത്യക്കാർക്ക് ആശ്വാസവുമായി വീണ്ടും ഇറാൻ

M
MadhyamamSource Link
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നതിനിടെ, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിൽ ഇന്ത്യക്ക് ഉറപ്പുമായി വീണ്ടും ഇറാൻ. തങ്ങളുടെ സുഹൃദ്‌രാജ്യമായ ഇന്ത്യക്ക് ആശങ്ക വേണ്ടെന്നും ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമാണെന്നും ഇന്ത്യയിലെ ഇറാൻ എംബസി അറിയിച്ചു. വ്യാഴാഴ്ച എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ലോകത്തെ ഊർജ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് നിലവിൽ ഇറാന്റെ പൂർണ നിയന്ത്രണത്തിലാണ്. ഫെബ്രുവരി 28ന് നടന്ന ആക്രമണങ്ങൾക്കുപിന്നാലെ ഇറാൻ ഈ മേഖലയിൽ കപ്പലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യ, ചൈന, റഷ്യ, ഇറാഖ്, പാകിസ്താൻ തുടങ്ങിയ സൗഹൃദ രാജ്യങ്ങളിലെ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. അതിനുശേഷമാണ് വീണ്ടും ഇറാൻ സമൂഹമാധ്യമത്തിൽ സമാധാന സന്ദേശവുമായി എത്തിയത്. "ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾ ഇവിടെ സുരക്ഷിതരാണ്, ആശങ്കപ്പെടേണ്ട" എന്നാണ് ഇന്ത്യയിലെ ഇറാൻ എംബസി പങ്കുവെച്ചത്. ഇറാന്റെ ഭാഗത്തുനിന്ന് ഉറപ്പുകൾ ലഭിക്കുന്നുണ്ടെങ്കിലും നിലവിൽ ഊർജ വിതരണത്തിൽ ചെറുതല്ലാത്ത തടസം ഇന്ത്യ നേരിടുന്നുണ്ട്. മാർച്ച് 30ന് നടന്ന അന്തർ മന്ത്രാലയ വിശദീകരണ യോഗത്തിൽ, തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയത്തിലെ സ്പെഷൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചത് പ്രകാരം, ഇന്ത്യയിലേക്കുള്ള ഊർജ ശേഖരവുമായി വരുന്ന 10 വിദേശ കപ്പലുകൾ നിലവിൽ ഹുർമുസിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിൽ മൂന്ന് എൽ.പി.ജി കപ്പലുകളും, നാല് ക്രൂഡ് ഓയിൽ ടാങ്കറുകളും മൂന്ന് എൽ.എൻ.ജി കാരിയറുകളും ഉൾപ്പെടുന്നു. ഇവ കൂടാതെ, 3 എൽ.പി.ജി ടാങ്കറുകളും, ഒരു എൽ.എൻ.ജി കാരിയറും, 4 ക്രൂഡ് ഓയിൽ ടാങ്കറുകളും ഉൾപ്പെടെ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകളും ഉണ്ട്. ഒരു ഒഴിഞ്ഞ ടാങ്കറിൽ എൽ.പി.ജി നിറച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ ഇറാന്റെ സഹായത്തോടെ 94,000 ടൺ എൽ.പി.ജി ശേഖരവുമായി രണ്ട് കപ്പലുകൾ ഉൾപ്പെടെ ആകെ എട്ട് കപ്പലുകൾ ഹുർമുസ് കടലിടുക്ക് കടന്നിരുന്നു. ആകെ 500ഓളം കപ്പലുകളാണ് സംഘർഷത്തെത്തുടർന്ന് ഈ ഇടുങ്ങിയ കടലിടുക്കിൽ കുടുങ്ങിയത്. ഊർജ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവും ഷിപ്പിങ് മന്ത്രാലയവും നിരന്തരം ആശയവിനിമയം നടത്തിവരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ആശങ്കപ്പെടേണ്ട, ഞങ്ങളുടെ സുഹൃത്തുക്കൾ സുരക്ഷിതർ’; ഹുർമുസ്… | Boolokam