തിരുവനന്തപുരം: ഹുർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടയിൽ, കേരളത്തിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ ഉയർത്തിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. തിരുവനന്തപുരം മണ്ഡലത്തിലെ വിഴിഞ്ഞം തുറമുഖത്തിലെ പ്രവർത്തനങ്ങളുടെ കുതിച്ചുചാട്ടം ചൂണ്ടിക്കാട്ടി, ഇത് ഇന്ത്യക്ക് പ്രതീക്ഷിക്കാത്ത അവസരം നൽകുന്നുണ്ടെന്നും ശശി തരൂർ പറഞ്ഞു. നിലവിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ വിഴിഞ്ഞം കൈവരിക്കുന്ന അഭൂതപൂർവ്വമായ വളർച്ചയെക്കുറിച്ച് ശശി തരൂർ വിശദീകരിച്ചു. ഏകദേശം 100 കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് ക്യുവിൽ നിൽക്കുകയോ നങ്കൂരമിടാൻ ശ്രമിക്കുകയോ ചെയ്യുന്നു. ഇത് ആഗോള സമുദ്ര ഗതാഗതത്തിലെ ഒരു മാറ്റത്തിന്റെ സൂചനയാണ്. ഹുർമുസ് കടലിടുക്ക് പ്രതിസന്ധി ആഗോള ഷിപ്പിങ് കണ്ണുകളെ തന്റെ മണ്ഡലത്തിലേക്ക് തിരിച്ചു -ശശി തരൂർ എക്സിൽ കുറിച്ചു. വിഴിഞ്ഞം ഇപ്പോൾ ഇന്ത്യയുടെ അഭിമാനം മാത്രമല്ല, മറിച്ച് ആഗോളതലത്തിൽ അനിവാര്യതയായി മാറി. ഇന്ത്യയുടെ സമുദ്ര സാധ്യതകൾക്ക് ഒരു സുപ്രധാന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു. 100 ships. One destination. The Strait of Hormuz crisis has shifted global shipping eyes to my constituency! Thiruvananthapuram’s Vizhinjam Port is currently seeing a massive surge with 100 vessels in queue or seeking calls. From handling its 1 millionth TEU in record time to… pic.twitter.com/QykvSldpTB — Shashi Tharoor (@ShashiTharoor) April 18, 2026 പശ്ചിമേഷ്യയിലെ ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും സംഘർഷങ്ങളും ആഗോള ഷിപ്പിങ് കമ്പനികളെ ബദൽ മാർഗങ്ങൾ തേടാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശ്വസനീയമായ ഒരു ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞം ഉയർന്നു വരുന്നു. രാജ്യത്തെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായ വിഴിഞ്ഞം തുറമുഖം സമീപ മാസങ്ങളിൽ അതിവേഗ വളർച്ച കൈവരിച്ചു. റെക്കോർഡ് സമയത്തിനുള്ളിൽ തന്നെ പത്ത് ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിന് സാധിച്ചു. കപ്പലുകളുടെ തിരക്ക് കണക്കിലെടുത്ത് രണ്ടാം ഘട്ട വികസനം അതിവേഗം പുരോഗമിക്കുകയാണ്. ഒരേസമയം അഞ്ച് മദർ ഷിപ്പുകളെ സ്വീകരിക്കാൻ സാധിക്കുന്ന തരത്തിലാണ് വിപുലീകരണം. 2026 മാർച്ചിൽ മാത്രം 61 കപ്പലുകൾ കൈകാര്യം ചെയ്തു, ഇത് തുറമുഖത്തിന്റെ പുതിയ വളർച്ചയെ അടയാളപ്പെടുത്തുന്നു. നിലവിൽ നൂറോളം കപ്പലുകളാണ് വിഴിഞ്ഞത്ത് എത്താനോ ബർത്തിങ്ങിനോ വേണ്ടി കാത്തുനിൽക്കുന്നത്. ഇത് ആഗോള സമുദ്ര ചരക്ക് ഗതാഗത രംഗത്ത് വിഴിഞ്ഞം തുറമുഖത്തിന്റെ സ്വീകാര്യതയുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നതെന്നും ശശി തരൂർ പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ ഉയർന്ന വിമർശനങ്ങളെക്കുറിച്ചും ശശി തരൂർ സൂചിപ്പിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിരവധി വിമർശനങ്ങൾ നേരിട്ടുവെങ്കിലും നിലവിൽ തുറമുഖം ഒരു ആഗോള ആസ്തിയായി മാറി. സിംഗപ്പൂർ, കൊളംബോ തുടങ്ങിയ വമ്പൻ തുറമുഖങ്ങളെ മറികടന്ന് പുതിയൊരു ആഗോള നിലവാരം പുലർത്തുന്ന തുറമുഖമായി വിഴിഞ്ഞം മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിലുള്ള പ്രശ്നങ്ങളെ അനുകൂലമായ അവസരങ്ങളാക്കി മാറ്റാൻ വിഴിഞ്ഞം തുറമുഖത്തിന് സാധിക്കുമെന്നും ആഗോള ഷിപ്പിങ്ങിൽ ഇന്ത്യയുടെ സ്ഥാനം ഇത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ആഗോള ഷിപ്പിങ് കണ്ണുകൾ ഇപ്പോൾ എന്റെ മണ്ഡലത്തിൽ’; ഹുർമുസ് പ്രതിസന്ധിക്കിടെ വിഴിഞ്ഞം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നുവെന്ന് ശശി തരൂർ
M
MadhyamamSource Link
21 days ago