‘ഇറാഖിന്റെ പിന്തുണക്ക് നന്ദി’; ട്രംപിന്റെ വെല്ലുവിളിക്ക് പിന്നാലെ മുജ്തബ ഖാംനഈയുടെ പരസ്യ സന്ദേശം

‘ഇറാഖിന്റെ പിന്തുണക്ക് നന്ദി’; ട്രംപിന്റെ വെല്ലുവിളിക്ക് പിന്നാലെ മുജ്തബ ഖാംനഈയുടെ പരസ്യ സന്ദേശം

M
MadhyamamSource Link
തെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും സംശയമാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ മൗനം വെടിഞ്ഞ് മുജ്തബ ഖാംനഈ . ഇറാഖിന് അയച്ച രേഖാമൂലമുള്ള സന്ദേശത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. അമേരിക്കക്കും ഇസ്രായേലിനുമെതിരെ തുടരുന്ന യുദ്ധത്തിൽ ഇറാന് നൽകുന്ന പിന്തുണക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ ഇറാഖിന് സന്ദേശം അയച്ചിരിക്കുന്നത്. എന്നാൽ പദവി ഏറ്റെടുത്ത ശേഷം ഒരിക്കൽ പോലും മുജ്തബ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത് അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ചും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുമുള്ള ദുരൂഹത വർധിപ്പിക്കുകയാണ്. ഫെബ്രുവരി 28ന് നടന്ന വ്യോമാക്രമണത്തിൽ പിതാവ് അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മുജ്തബ പരമോന്നത നേതാവായി ചുമതലയേറ്റത്. ഇറാഖിന് നന്ദി പറഞ്ഞ് ഖാംനഈ സന്ദേശം അയച്ച വിവരം ഇറാൻ വാർത്താ ഏജൻസിയായ ഇസ്‌നയാണ് പുറത്തുവിട്ടത്. ഇറാന് നേരെയുള്ള അധിനിവേശത്തെ അപലപിച്ചതിനും രാജ്യത്തിന് നൽകുന്ന പിന്തുണക്കും ഇറാഖിലെ പരമോന്നത നേതൃത്വത്തോടും ജനങ്ങളോടും ഖാംനഈ നന്ദി അറിയിച്ചു. പ്രമുഖ ശിയാ പണ്ഡിതനായ ഗ്രാൻഡ് ആയത്തുള്ള അലി സിസ്താനിയെ പ്രത്യേകം പരാമർശിച്ചായിരുന്നു സന്ദേശം. ബാഗ്ദാദിലെ ഇറാൻ അംബാസഡറും ഇറാഖിലെ ശിയാ രാഷ്ട്രീയ പാർട്ടിയായ ഇസ്‌ലാമിക് സുപ്രീം കൗൺസിൽ പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ സന്ദേശം പുറത്തുവന്നത്. എന്നാൽ സന്ദേശം എങ്ങനെയാണ് കൈമാറിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. അധികാരമേറ്റ ശേഷം മുജ്തബ ഇതുവരെ പൊതുജനങ്ങൾക്ക് മുന്നിൽ വന്നിട്ടില്ല. നേരത്തെ നടന്ന വ്യോമാക്രമണത്തിൽ ഖാംനഈക്ക് പരിക്കേറ്റതായും അദ്ദേഹം സുഖം പ്രാപിച്ചു വരികയുമാണെന്നുമാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങളുടെ വിശദീകരണം. ഇതിനിടെയാണ് മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന പരാമർശവുമായി ട്രംപ് രംഗത്തുവന്നത്. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താന്റെ മധ്യസ്ഥതയിൽ ആരംഭിച്ച ചർച്ചകളെ മുൾമുനയിലാക്കി അമേരിക്ക കരസേനയെ വിന്യസിച്ചു. എന്നാൽ കരസേനയെ ഇറക്കി നടത്തുന്ന ഏതുതരം അധിനിവേശവും ദുരന്തസമാനമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പേർഷ്യൻ കടലിലെ സ്രാവുകൾക്ക് അവർ നല്ല ഭക്ഷണമായിരിക്കുമെന്നും ഇറാൻ സൈന്യം പ്രതികരിച്ചു. തുർക്കിയ, ഈജിപ്ത്, സൗദി അറേബ്യ രാജ്യങ്ങളാണ് മധ്യസ്ഥ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇറാഖിന്റെ പിന്തുണക്ക് നന്ദി’; ട്രംപിന്റെ വെല്ലുവിളിക്ക് പി… | Boolokam