‘ഇറാൻ യുദ്ധം പകുതി പിന്നിട്ടു’; എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് നെതന്യാഹു

‘ഇറാൻ യുദ്ധം പകുതി പിന്നിട്ടു’; എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് നെതന്യാഹു

M
MadhyamamSource Link
ജെറുസലേം: ഇറാനെതിരായ സൈനിക നടപടി പകുതിയിലധികം ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു . ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലാണ് ശ്രദ്ധയെന്നും യുദ്ധം എന്ന് അവസാനിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ മാധ്യമമായ ന്യൂസ്മാക്സിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. യുദ്ധത്തിൻ്റെ പുരോഗതി സമയത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് നിശ്ചയിച്ച സൈനിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നതെന്ന് നെതന്യാഹു പറഞ്ഞു. ഇറാൻ്റെ സൈനിക-വ്യവസായ മേഖലകൾക്കും ആണവ പദ്ധതികൾക്കും കനത്ത ആഘാതം സൃഷ്ടിക്കാൻ കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ്റെ ആണവായുധ നിർമാണ ശേഷിയും മിസൈൽ കരുത്തും ഗണ്യമായി കുറക്കാൻ ഇസ്രയേൽ-യു.എസ് സഖ്യത്തിന് സാധിച്ചു. ഇറാൻ്റെ വ്യവസായ അടിത്തറയും ആണവ കേന്ദ്രങ്ങളും തകർക്കുന്ന ഘട്ടം പൂർത്തിയാകാറായതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ നിലവിലെ ഭരണകൂടം ആഭ്യന്തര സമ്മർദം മൂലം തകരുമെന്ന് നെതന്യാഹു പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ നിലവിൽ ഇറാൻ്റെ സൈനിക ശേഷി തകർക്കുന്നതിനാണ് മുൻഗണന നൽകുന്നത്. യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ഏകദേശം 15 അമേരിക്കൻ സൈനികരും 7 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇറാന്‍റെ ഭാഗത്ത് ആയിരക്കണക്കിന് റെവല്യൂഷണറി ഗാർഡുകളും (IRGC) ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയ ശേഷം ഇറാൻ 400ലധികം ബാലസ്റ്റിക് മിസൈലുകൾ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടു. എന്നാൽ ഇസ്രയേലിന്‍റെ പ്രതിരോധ സംവിധാനങ്ങൾ ഇതിൽ 92 ശതമാനവും തകർത്തു. ഫെബ്രുവരി 28ന് ഇസ്രയേലിനൊപ്പം സംയുക്ത സൈനിക നീക്കം ആരംഭിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് , യുദ്ധം 4 മുതൽ 6 ആഴ്ച വരെ നീണ്ടുനിന്നേക്കാമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. യുദ്ധം മാസങ്ങളോളം നീളില്ലെന്നും ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കി. എങ്കിലും, യുദ്ധം മൂലം ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്നത് അമേരിക്കൻ പൊതുജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇറാൻ ആണവായുധത്തിന് തൊട്ടടുത്തെത്തിയെന്ന ഇസ്രയേൽ-യു.എസ് ആരോപണങ്ങൾ ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇറാൻ യുദ്ധം പകുതി പിന്നിട്ടു’; എന്ന് അവസാനിക്കുമെന്ന് പറയാ… | Boolokam