കോഴിക്കോട്: ഉപരിപഠനവും മികച്ച കരിയറും സ്വപ്നം കാണുന്ന വിദ്യാർഥികൾക്കുള്ള കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ ‘മാധ്യമം എജുകഫെ’ ശനിയാഴ്ച കോഴിക്കോട്ട് സമാപിക്കും. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലുള്ളവർക്ക് ഏറ്റവും അടുത്ത മേളയുടെ സമാപന ദിവസമായ ശനിയാഴ്ച വിവിധ സെഷനോടുകൂടിയാണ് സമാപിക്കുക. ‘കൗമാരക്കാരിൽ വർധിച്ചുവരുന്ന ഉത്കണ്ഠയും വിഷാദവും’ എന്ന വിഷയത്തിൽ പ്രത്യേക പാനൽ ചർച്ചയും നടക്കും. അശ്വതി ശ്രീകാന്ത് ഹോസ്റ്റ് ചെയ്യുന്ന ഈ പാനൽ ചർച്ചയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളായ അനുനന്ദയും ഡോക്ടർ റഹീമുദ്ദീനും പങ്കെടുക്കും. വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങളുമായി സിജി കരിയർ കൗൺസിലർ ഷാഹിദ് എളേറ്റിൽ ടേണിങ് കൺഫ്യൂഷൻ ഇൻടു എ കാരിയർ സ്ട്രാറ്റജി എന്ന വിഷയത്തിലും, ബ്രിഡ്ജിയോൺ സി.ഇ.ഒയും പ്രമുഖ മെന്ററുമായ ജാബിർ ഇസ്മായിൽ സ്കിൽ ബേസ്ഡ് കോഴ്സസ് എന്ന സെഷനിലും സംബന്ധിക്കും. പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ ഫാത്തിമ നർഗിസ് ഷിഹാബ്, ഗിന്നസ് റെക്കോഡ് ഹോൾഡർ ഐ.ക്യൂ മാൻ ഓഫ് കേരള അജി ആർ, പ്രശസ്ത മുൻ ഐ.എ.എസ് ഉദ്യോഗസ്ഥർ എം.പി. ജോസഫ്, രേവ യൂനിവേഴ്സിറ്റ് അസി. പ്രഫ. അജ്ഞലി സുരേന്ദ്രൻ, മെന്റർ അഷിമ ജോഷി, മുഹമ്മദ് ജാബിർ, മെന്റലിസ്റ്റ് താഹിർ, ഒ. അബ്ദുറഹിമാൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
