‘കടക്ക് പുറത്ത്’; ഇന്ത്യൻ ടാങ്കറുകൾക്ക് നേരെയുണ്ടായ വെടിവെപ്പിനെ കുറിച്ച് ചോദ്യം, മാധ്യമപ്രവർത്തകരോട് തട്ടിക്കയറി ട്രംപ്

‘കടക്ക് പുറത്ത്’; ഇന്ത്യൻ ടാങ്കറുകൾക്ക് നേരെയുണ്ടായ വെടിവെപ്പിനെ കുറിച്ച് ചോദ്യം, മാധ്യമപ്രവർത്തകരോട് തട്ടിക്കയറി ട്രംപ്

വാഷിങ്ടൺ: ഹുർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ വെടിവെപ്പ് നടത്തിയ സംഭവത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് ആക്രോശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിഷയത്തിൽ ചോദ്യങ്ങളുന്നയിച്ച 'കടക്ക് പുറത്ത്' (Out!) എന്ന് ശകാരിച്ചാണ് ട്രംപ് ഓവൽ ഓഫിസിൽനിന്നും മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയുള്ള ട്രംപിന്റെ ഈ നിലപാട് ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ ഒരു എക്സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പിടുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇറാൻ-അമേരിക്ക തർക്കം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ ടാങ്കറുകൾക്ക് നേരെ ഇറാൻ ഗൺബോട്ടുകൾ ആക്രമണം നടത്തിയതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ, ചോദ്യങ്ങളിൽ അസ്വസ്ഥനായ ട്രംപ് പ്രതികരിക്കാൻ വിസമ്മതിക്കുകയും മാധ്യമപ്രവർത്തകർക്ക് നേരെ തിരിയുകയുമായിരുന്നു. രൂക്ഷമായ ഭാഷയിൽ 'ഔട്ട്' എന്ന് ആവർത്തിച്ചുപറഞ്ഞ അദ്ദേഹം, സെക്യൂരിറ്റിയോട് മാധ്യമപ്രവർത്തകരെ പുറത്താക്കാൻ ആംഗ്യം കാണിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. Donald Trump avoids questions after two Indian-flagged oil tankers come under fire in the Strait of Hormuz"Out!" he tells journalists asking about Iran pic.twitter.com/KyJle9fZFk — Shashank Mattoo (@MattooShashank) April 19, 2026 ശനിയാഴ്ചയാണ് ഹുർമുസ് കടലിടുക്കിൽവെച്ച് ഇന്ത്യൻ പതാക വഹിച്ച രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ വിപ്ലവ ഗാർഡുകൾ (ഐ.ആർ.ജി.സി) വെടിവെപ്പ് നടത്തിയത്. 'സന്മാർ ഹെറാൾഡ്', 'ജഗ് അർണവ്' എന്നീ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒമാൻ തീരത്തിന് സമീപം വെച്ചാണ് ഇറാനിയൻ ഗൺബോട്ടുകൾ കപ്പലിനുനേരെ വെടിയുതിർത്തതെന്ന് പറയപ്പെടുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ കപ്പലുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. വെടിവെപ്പിനെത്തുടർന്ന് കപ്പലുകൾക്ക് യാത്ര തുടരാനാവാതെ തിരികെ പോകേണ്ടി വരുകയായിരുന്നു. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഡൽഹിയിലെ ഇറാൻ നയതന്ത്ര പ്രതിനിധി മുഹമ്മദ് ഫതാലിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ആശങ്ക അറിയിച്ചിരുന്നു. മേഖലയിലെ സമാധാനപരമായ ചരക്ക് നീക്കം തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് നേരത്തെ ഇറാന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കടക്ക് പുറത്ത്’; ഇന്ത്യൻ ടാങ്കറുകൾക്ക് നേരെയുണ്ടായ വെടിവെപ… | Boolokam