മദ്യപാനം നൽകുന്ന ലഹരിയേക്കാൾ വലുതാണ് കളിക്കളത്തിലെ മികവ് നൽകുന്ന സന്തോഷമെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ താരം. തന്റെ കരിയറിലെയും ജീവിതത്തിലെയും പ്രതിസന്ധികൾക്ക് ശേഷം 35-ാം വയസ്സിൽ പുതിയൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് തന്റെ ബൗളിങ് മികവുകൊണ്ട് മത്സരങ്ങളേറെ വരുതിയിലാക്കിയ സ്റ്റാർ സ്പിന്നർ. ഐ.പി.എൽ 19-ാം സീസണിന് മുന്നോടിയായി താൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചുവെന്ന് വെളിപ്പെടുത്തിയത് പഞ്ചാബ് കിങ്സ് താരമായ യൂസ്വേന്ദ്ര ചഹലാണ് . കഴിഞ്ഞ ആറ് മാസമായി താൻ മദ്യം തൊട്ടിട്ടില്ലെന്ന് യുസ്‌വേന്ദ്ര പറഞ്ഞു. ‘ഈ വർഷം എന്റെ മനസ്സ് പറഞ്ഞത് ആദ്യം ശരീരത്തെ ശ്രദ്ധിക്കാനാണ്. ഞാൻ ഇപ്പോൾ മദ്യപിക്കാറില്ല, ആറ് മാസത്തിലേറെയായി. എനിക്ക് 35 വയസ്സായി, കൂടുതൽ ആക്ടീവ് ആകാനും ടീമിനായി 150 ശതമാനം നൽകാനും ഞാൻ ആഗ്രഹിക്കുന്നു. ഒരു സീനിയർ ബൗളർ എന്ന നിലയിൽ എന്നെ കാണുന്നവർക്ക് എന്നിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടാകണം’ -ചഹൽ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചഹലിന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഇതിൽ മദ്യപാനം വില്ലനായിട്ടുണ്ടോ എന്ന് പലരും സംശയിക്കുന്നു. 2023ന് ശേഷം ചഹൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞിട്ടില്ല. ട്വന്റി20യിൽ 100 വിക്കറ്റ് തികക്കുന്ന ആദ്യ ഇന്ത്യൻ ബൗളർ ആകാനുള്ള അവസരം 96 വിക്കറ്റിൽ നിൽക്കെ അദ്ദേഹത്തിന് നഷ്ടമായി. അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർ പിന്നീട് ഈ നേട്ടം സ്വന്തമാക്കി. മാസങ്ങൾ നീണ്ട വിവാദങ്ങൾക്കൊടുവിൽ ധനശ്രീ വർമ യുമായുള്ള വിവാഹമോചനം കഴിഞ്ഞ വർഷം ഔദ്യോഗികമായി നടന്നു. ഈ പ്രതിസന്ധികളെല്ലാം ചഹലിനെ തളർത്തിയിരുന്നു. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്‌സിനായി 14 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ ചഹൽ വീഴ്ത്തി. 11 വർഷത്തിന് ശേഷം പഞ്ചാബിനെ പ്ലേ ഓഫ് ഘട്ടത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡും കഴിഞ്ഞ സീസണിൽ ചഹൽ സ്വന്തമാക്കിയിരുന്നു. ശ്രേയസ് അയ്യർ നയിച്ച പഞ്ചാബ് ഫൈനലിൽ ആർ.സി.ബിയോട് പരാജയപ്പെടുകയായിരുന്നു. 2026 ഐപിഎൽ മാർച്ച് 28ന് ആരംഭിക്കും. മാർച്ച് 31ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. മദ്യപാനം ഉപേക്ഷിച്ചതോടെ കൂടുതൽ കരുത്തനായി എത്തുന്ന ചഹൽ, 2008 മുതൽ കിരീടം സ്വപ്നം കാണുന്ന പഞ്ചാബിനെ ഇത്തവണ വിജയത്തിലെത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

‘കള്ളുകുടി നിർത്തിയിട്ട് ആറ് മാസമായി, ഇക്കുറി കളി മാറും, ടീമിനായി 150 ശതമാനം നൽകും’; വെളിപ്പെടുത്തി ഐ.പി.എല്ലിലെ സൂപ്പർ താരം
M
MadhyamamSource Link
about 2 months ago