റിയാദ്: മലയാള കാവ്യലോകത്ത് തനതായ ശബ്ദമായി നിറഞ്ഞുനിന്ന കവി കടമ്മനിട്ട രാമകൃഷ്ണനെ അനുസ്മരിച്ച് കേളി കലാസാംസ്കാരിക വേദി സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു. കേളി കേന്ദ്ര സാംസ്കാരിക വിഭാഗത്തിെൻറ നേതൃത്വത്തിൽ ‘കടമ്മനിട്ടയില്ലാത്ത 18 വർഷങ്ങൾ - ഓർമകളിലൂടെ കുറത്തി’ എന്ന പേരിൽ ബത്ഹ ലൂഹ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാംസ്കാരിക വിഭാഗം ചെയർമാൻ നാസർ കാരക്കുന്ന് അധ്യക്ഷത വഹിച്ചു. വിപിൻ കുമാർ ഉദ്ഘാടനം ചെയ്തു. അധസ്ഥിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി തെൻറ കവിതകളെ മാറ്റിയ കവിയായിരുന്നു കടമ്മനിട്ടയെന്നും, സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ വാക്കുകളായി അദ്ദേഹത്തിെൻറ വരികൾ മാറിയെന്നും അദ്ദേഹം അനുസ്മരിച്ചു. സ്നിഗ്ദ ആലപിച്ച ‘കോഴി’ എന്ന കവിതയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് കെ.പി.എം. സാദിഖ്, സീബാ കൂവോട്, ജോസഫ് അതിരുങ്കൽ, സുനിൽ കുമാർ, ഗഫൂർ ആനമങ്ങാട് എന്നിവർ കടമ്മനിട്ടയെ അനുസ്മരിച്ച് സംസാരിച്ചു. സതീഷ് കുമാർ വളവിൽ ‘കിരാതവൃത്തം’ എന്ന കവിതയും ശശി കാട്ടൂർ ‘കാട്ടാളൻ’ എന്ന കവിതയും ആലപിച്ചു. കടമ്മനിട്ടയുടെ പ്രശസ്തമായ ‘കുറത്തി’യെ ആസ്പദമാക്കി അനാമിക രാജ് അവതരിപ്പിച്ച നൃത്താവിഷ്കാരം സദസിനെ ആവേശഭരിതരാക്കി. കടമ്മനിട്ടയുടെ സാഹിത്യത്തെയും സാമൂഹിക ഇടപെടലുകളെയും കുറിച്ച് മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, ബത്ഹ ഏരിയ മർഗബ് രക്ഷാധികാരി സമിതി അംഗം അനസ് എന്നിവർ സംസാരിച്ചു. സാംസ്ക്കാരിക കമ്മിറ്റി കൺവീനർ സതീഷ് വളവിൽ സ്വാഗതവും വൈസ് ചെയർമാൻ മൂസ കൊമ്പൻ നന്ദിയും പറഞ്ഞു.

‘കുറത്തി’യിലൂടെ കടമ്മനിട്ടയുടെ ഓർമകൾ പുതുക്കി കേളി; റിയാദിൽ സാംസ്കാരിക സന്ധ്യ
M
MadhyamamSource Link
about 1 month ago