കോഴിക്കോട്: വിവാദമായ ‘ഖൗമിലെ കുട്ടി’ വർഗീയ അനൗൺസ്മെന്റിൽ യു ടേൺ അടിച്ച് സി.പി.എം. പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയ ക്കെതിരെ എൽ.ഡി.എഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന്റെ അനൗൺസ്മെന്റ് വാഹനത്തിൽ നിന്ന് നടത്തിയ വിവാദ പരാമർശങ്ങളിലാണ് നിലപാട് മാറ്റിയത്. സ്ഥാനാര്‍ഥിയുടേയോ മുന്നണിയുടേയോ അറിവോടയല്ല അനൗണ്‍സ്മെന്‍റ് ഉണ്ടായതെന്ന് ടി.പി. രാമകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ വിശദീകരണത്തിൽ പറയുന്നു. തെറ്റായ രീതിയില്‍ അനൗണ്‍സ്മെന്‍റ് പോകുന്നുണ്ടെന്ന് മനസിലായ ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. മതവിദ്വേഷ പ്രചാരണം എല്‍ഡിഎഫിന്‍റെ നയമല്ലെന്നും വിശദീകരണത്തില്‍ പറഞ്ഞു. എന്നാൽ, വിവാദപരാമർശം തങ്ങളുടേതല്ല എന്നായിരുന്നു ആദ്യഘട്ടത്തിൽ സ്ഥാനാർഥി മാധ്യമങ്ങളോടും മറ്റും പ്രതികരിച്ചിരുന്നത്. ഇതിൽനിന്ന് മാറിയാണ് ഇപ്പോൾ നൽകിയ വിശദീകരണം. 'പേരാമ്പ്രയുടെ മണ്ണിൽ ഒരു സഹോദരിയെ സ്ഥാനാർഥിയാക്കി മുസ്‌ലിം ലീഗ് നടത്തുന്ന സ്വകാര്യപ്രചാരണം, നമ്മുടെ വോട്ടുകൾ നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്‍റെ ചിന്നംവിളിയാണ് ലീഗ് നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യർ ഇത് ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്' എന്നായിരുന്നു വിവാദ അനൗണ്‍സ്മെന്‍റ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി നല്‍കിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. അതിനുപിന്നാലെ, സമുദായത്തിന്‍റെ പേരില്‍ വോട്ടുചോദിച്ചെന്ന ആരോപണവുമായി ഫാത്തിമ തഹ്ലിയക്കെതിരെയും എൽ.ഡി.എഫ് പരാതി നൽകിയിട്ടുണ്ട്. ഇതിൽ തഹ്‍ലിയ ഇന്ന് വിശദീകരണം നല്‍കും.

‘ഖൗമിലെ കുട്ടി’യിൽ യു ടേൺ അടിച്ച് സി.പി.എം; ‘തെറ്റായ അനൗണ്‍സ്മെന്‍റ് മനസിലായ ഉടന്‍ നിര്‍ത്താൻ നിര്‍ദേശം നല്‍കി’
M
MadhyamamSource Link
about 1 month ago