വാഷിങ്ടൺ: ഡോണാൾഡ് ട്രംപിനെ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ താൻ വഹിച്ച പങ്കിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് പ്രമുഖ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ടക്കർ കാൾസൺ . തന്റെ പോഡ്‌കാസ്റ്റിലൂടെയാണ് കാൾസൺ ജനങ്ങളോട് മാപ്പ് ചോദിച്ചത്. ‘നമ്മുടെ മനസാക്ഷിയോട് തന്നെ കലഹിക്കേണ്ട ഒരു നിമിഷമാണിത്. ഇതിന്റെ പേരിൽ ദീർഘകാലം ഞാൻ വേട്ടയാടപ്പെട്ടേക്കാം. ജനങ്ങളെ തെറ്റായ വഴിക്ക് നയിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അത് മനഃപൂർവ്വമായിരുന്നില്ല. ഇപ്പോൾ അമേരിക്ക നേരിടുന്ന രാഷ്ട്രീയ സാഹചര്യത്തിൽ എന്നെപ്പോലെയുള്ള ദശലക്ഷക്കണക്കിന് അനുയായികൾ മറുപടി പറയേണ്ടതുണ്ട്’ കാൾസൺ പറഞ്ഞു. ട്രംപിന്റെ സ്വഭാവത്തിലെ പാളിച്ചകളെക്കുറിച്ച് അറിവുണ്ടായിട്ടും അത് അവഗണിച്ചാണ് പിന്തുണ നൽകിയതെന്ന് കാൾസൺ സമ്മതിച്ചു. ‘അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ചില പോരായ്മകൾ ഉണ്ടെന്ന് നമുക്ക് അറിയാമായിരുന്നു. എന്നാൽ അത് പലരും കാര്യമാക്കിയില്ല. ഇപ്പോൾ എല്ലാം വ്യക്തമായി വരുന്നു’ അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 28ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നീക്കങ്ങളാണ് കാൾസണെ ട്രംപിൽ നിന്ന് അകറ്റിയത്. അമേരിക്കയുടെ അനാവശ്യമായ വിദേശ ഇടപെടലുകളെയും അധിനിവേശത്തെയും കാൾസൺ ശക്തമായി എതിർത്തു. ട്രംപിന്റെ നയങ്ങൾ മാഗ പ്രസ്ഥാനത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നേരത്തെ ട്രംപിന്റെ ഏറ്റവും വലിയ പ്രചാരകനായിരുന്ന കാൾസൺ ഇപ്പോൾ അദ്ദേഹത്തിന്റെ പ്രധാന വിമർശകനായി മാറിയിരിക്കുകയാണ്. അമേരിക്കൻ വിദേശനയങ്ങളെയും ട്രംപിന്റെ നിലപാടുകളെയും ചോദ്യം ചെയ്തുകൊണ്ട് സ്വതന്ത്രമായ ഒരു രാഷ്ട്രീയ ചിന്താഗതി രൂപപ്പെടുത്താനാണ് കാൾസൺ ഇപ്പോൾ ശ്രമിക്കുന്നത്. നേരത്തെ ട്രംപിനെ പിന്തുണച്ചിരുന്ന ടക്കർ കാൾസൺ, മെഗിൻ കെല്ലി തുടങ്ങിയവർ ഇറാൻ വിഷയത്തിൽ ട്രംപ് തന്റെ മുമ്പത്തെ യുദ്ധവിരുദ്ധ നിലപാടുകളിൽനിന്ന് പിന്നോട്ട് പോയെന്ന് കുറ്റപ്പെടുത്തിയിരുന്നു.

‘ജനങ്ങളെ തെറ്റായ വഴിക്ക് നയിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു’; ട്രംപിനെ പിന്തുണച്ചതിൽ ഖേദം പ്രകടിപ്പിച്ച് ടക്കർ കാൾസൺ
M
MadhyamamSource Link
19 days ago