‘തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കൂ’; മുഖ്യമന്ത്രി ചർച്ചയിൽ കെ.സി. വേണുഗോപാൽ

‘തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കൂ’; മുഖ്യമന്ത്രി ചർച്ചയിൽ കെ.സി. വേണുഗോപാൽ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ച് ചര്‍ച്ച നടത്തുന്നവരോട് തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതു വരെ കാത്തിരിക്കൂ എന്നാണ് പറയാനുള്ളതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ചില മാധ്യമങ്ങൾ താന്‍ വട്ടപ്പൂജ്യമാണെന്നാണ് പറഞ്ഞതെന്നും പത്ത് കൊല്ലമായി താന്‍ ഇത് കേട്ടുകൊണ്ടിരിക്കുന്നതാണെന്നും വേണുഗോപാൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ആരായിരിക്കുമെന്നത് പൊതുജനമധ്യത്തില്‍ വലിച്ചിട്ട് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അക്കാര്യം കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ ഉരുള്‍പൊട്ടലും കലാപവും ഉണ്ടാകുമെന്നാണല്ലോ പലരും പറഞ്ഞുകൊണ്ടിരുന്നത്. എന്നിട്ടും എല്ലാം സുഗമമായി നടന്നില്ലേ? ഇനിയും എല്ലാം സുഗമമായിത്തന്നെ മുന്നോട്ടു പോകും. കോണ്‍ഗ്രസിന് അതിന്റേതായ നേതൃത്വവും വ്യവസ്ഥാപിതമായ രീതികളുമുണ്ട്. നേതാക്കള്‍ എല്ലാവരും കൂടി ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രിയെ തീരുമാനിക്കും. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. കെ. സുധാകരന്‍ മുതിര്‍ന്ന നേതാവാണ്. പൊതുവായ കാര്യങ്ങളാണ് ഇന്നലെ സുധാകരന്‍ പറഞ്ഞത്. എങ്കിലും പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത് എന്നാണ് തന്റെ അഭിപ്രായം. സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകളോ അതിലെ നെഗറ്റീവോ പോസിറ്റീവോ ഒന്നും താന്‍ കാര്യമായെടുക്കുന്നില്ല. മെയ് നാലിന് ഫലം വരുമ്പോള്‍ ജനം യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതുമെന്ന് ഉറച്ച വിശ്വാസമുണ്ട്. അതു വരെ കാത്തിരിക്കൂ എന്നാണ് എല്ലാവരോടും പറയാനുള്ളത്. മണ്ഡലപുനര്‍നിര്‍ണയം പോലെ രാജ്യത്തെ ജനാധിപത്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നം നിലനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനം പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു. വിവാദം അനാവശ്യം -ചെന്നിത്തല ആലുവ: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കോൺഗ്രസിലെ വിവാദങ്ങൾ അനാവശ്യമാണെന്ന് രമേശ് ചെന്നിത്തല. ആലുവ പാലസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ മാധ്യമങ്ങളിലാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിച്ചിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണ്. ജനങ്ങൾ വോട്ട് ചെയ്ത യന്ത്രം ഇപ്പോൾ സേഫ് കസ്റ്റഡിയിലാണ്. ഈ യന്ത്രങ്ങൾ പൊട്ടിച്ചിട്ടില്ല; വോട്ടെണ്ണിയിട്ടില്ല. മേയ് നാലിനാണ് വോട്ടെണ്ണൽ. അതിനുമുമ്പ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ അർഥമില്ല. ഈ വിവാദത്തിൽ പങ്കെടുക്കാത്ത ആളാണ് താൻ. സമൂഹ മാധ്യമങ്ങളിൽ തനിക്കോ മറ്റുള്ളവർക്കോവേണ്ടി അനുകൂലമായോ എതിർത്തോ താൻ എഴുതിയിട്ടില്ല. യു.ഡി.എഫിനെ വോട്ടുചെയ്ത് വിജയിപ്പിക്കാൻ കാത്തിരിക്കുന്ന ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തുന്ന ഇത്തരം വിവാദങ്ങളിൽനിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണം. കോൺഗ്രസ് ആദ്യമായല്ല സർക്കാറുണ്ടാക്കുന്നതും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതും. അതിന് വ്യവസ്ഥാപിത മാർഗങ്ങളുണ്ട്. കൃത്യസമയത്ത് എ.ഐ.സി.സി ശരിയായ തീരുമാനമെടുക്കും. തീരുമാനമെടുത്താൽ അത് എല്ലാവരും അംഗീകരിക്കും. അതാണ് കീഴ്വഴക്കം. കെ. സുധാകരന്റെ അഭിപ്രായങ്ങളെക്കുറിച്ച ചോദ്യത്തിന്, അദ്ദേഹം തന്റെ നല്ല സുഹൃത്താണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മത്സരിക്കാത്തയാളെ മുഖ്യമന്ത്രിയാക്കണമോയെന്ന ചോദ്യത്തിന്, അക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കൂ’; മുഖ്യമന്ത്രി ചർച്ചയിൽ… | Boolokam