‘നിങ്ങൾ എനിക്ക് വോട്ട് ചെയ്തു, അത് ഒരിക്കലും മറക്കില്ലെന്ന് ട്രംപ്’; കർഷകർക്കായി പ്രത്യേക വെബ്‌സൈറ്റുമായി വൈറ്റ് ഹൗസ്

‘നിങ്ങൾ എനിക്ക് വോട്ട് ചെയ്തു, അത് ഒരിക്കലും മറക്കില്ലെന്ന് ട്രംപ്’; കർഷകർക്കായി പ്രത്യേക വെബ്‌സൈറ്റുമായി വൈറ്റ് ഹൗസ്

M
MadhyamamSource Link
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കാർഷിക നയങ്ങൾ പ്രചരിപ്പിക്കുന്നതിനായി 'OnlyFarms' എന്ന പേരിൽ പുതിയ വെബ്‌സൈറ്റ് ആരംഭിച്ച് വൈറ്റ് ഹൗസ്. മുതിർന്നവർക്കായുള്ള പ്രശസ്ത പ്ലാറ്റ്‌ഫോമായ 'OnlyFans' എന്ന പേരിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഈ പേര് ഇതിനകം തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ട്രംപ് ഭരണകൂടം കർഷകർക്കായി നടപ്പിലാക്കുന്ന സാമ്പത്തിക പദ്ധതികളും ആനുകൂല്യങ്ങളും വിശദീകരിക്കാനാണ് ഈ വെബ്‌സൈറ്റ് ( OnlyFarms.gov ) ലക്ഷ്യമിടുന്നത്. നിലവിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ കർഷകരെ സഹായിക്കുന്ന തന്ത്രങ്ങളാണ് സൈറ്റിലുള്ളത്. കുടുംബ കൃഷിയിടങ്ങൾക്കുള്ള നികുതി ഇളവ്, വിപണിയിലെ പുതിയ അവസരങ്ങൾ, നിയമപരമായ നൂലാമാലകൾ കുറക്കൽ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. കർഷകർക്ക് ഫെഡറൽ സഹായങ്ങൾ, വായ്പകൾ, സബ്സിഡികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ ഈ സൈറ്റ് സഹായിക്കുന്നു. ഓരോ കർഷകനും ട്രംപ് ഭരണകൂടത്തിന്റെ നികുതി ഇളവുകൾ വഴി എത്ര രൂപ ലാഭിക്കാം എന്ന് കണക്കാക്കാൻ സഹായിക്കുന്ന 'ഇന്ററാക്ടീവ് മാപ്പ്' ഇതിലുണ്ട്. ഈ വെബ്‌സൈറ്റ് പുതിയ 'ഫാം, ഫുഡ് ആൻഡ് നാഷണൽ സെക്യൂരിറ്റി ആക്ട് 2026'ന്റെ ഭാഗമാണ്. വെബ്‌സൈറ്റ് പുറത്തിറക്കിയ ചടങ്ങിൽ ട്രംപ് കർഷകർക്കായി ചില പ്രധാന പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ട്രാക്ടറുകളിലും മറ്റും നിർബന്ധമാക്കിയിരുന്ന സങ്കീർണ്ണമായ എമിഷൻ സെൻസറുകൾ (DEF sensors) ഒഴിവാക്കാൻ EPAക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് കർഷകർക്ക് അറ്റകുറ്റപ്പണി ചെലവിൽ വലിയ ലാഭമുണ്ടാക്കും. കുടുംബങ്ങൾ നടത്തുന്ന കൃഷിയിടങ്ങൾക്ക് നികുതിയിളവ് നൽകുന്ന 'സെക്ഷൻ 179' പ്രകാരം പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ചെറുകിട കർഷകർക്കും കർഷക ഉൽപ്പന്ന സംസ്‌കരണ യൂണിറ്റുകൾക്കും നൽകുന്ന വായ്പ ഗ്യാരണ്ടി 75%ൽ നിന്ന് 90% ആയി ഉയർത്തി. ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങൾ മൂലമുണ്ടായ തകർച്ചയിൽ നിന്ന് കർഷകരെ കരകയറ്റാൻ 40 ബില്യൺ ഡോളറിലധികം നേരിട്ടുള്ള ധനസഹായം നൽകിയതായി വെബ്‌സൈറ്റ് അവകാശപ്പെടുന്നു. ഓരോ സംസ്ഥാനത്തെയും കർഷകർക്ക് ട്രംപിന്റെ നയങ്ങൾ വഴി എത്ര രൂപ ലാഭിക്കാൻ കഴിഞ്ഞു എന്ന് കണക്കാക്കാൻ സഹായിക്കുന്ന ഒരു മാപ്പും സൈറ്റിലുണ്ട്. വെബ്‌സൈറ്റ് പുറത്തിറക്കിയ അതേ ദിവസം തന്നെ വൈറ്റ് ഹൗസിൽ ഏകദേശം 800ഓളം കർഷകരെ ട്രംപ് സ്വീകരിച്ചു. സ്വർണ്ണ നിറത്തിലുള്ള ട്രാക്ടറും, അമേരിക്കൻ പതാകയുടെ നിറത്തിലുള്ള ട്രാക്ടറും വേദിയിൽ സജ്ജീകരിച്ചിരുന്നു. ‘നിങ്ങൾ എനിക്ക് വോട്ട് ചെയ്തു, അത് ഞാൻ ഒരിക്കലും മറക്കില്ല’ എന്ന് അദ്ദേഹം കർഷകരോട് പറഞ്ഞു. വെബ്‌സൈറ്റിന്റെ പേരിനെച്ചൊല്ലി വലിയ പരിഹാസവും ആശ്ചര്യവുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ‘ആരാണ് ഈ പേര് തിരഞ്ഞെടുത്തത്?’ എന്ന് ഒരാൾ ചോദിച്ചപ്പോൾ, ‘യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളോട് മത്സരിക്കാൻ ആക്ഷേപഹാസ്യ എഴുത്തുകാർ പാടുപെടുകയാവും’ എന്നാണ് മറ്റൊരാൾ കുറിച്ചത്. 'OnlyFans' എന്ന പേരുമായി സാമ്യമുള്ളതിനാൽ ഈ വെബ്‌സൈറ്റ് ഒരു തമാശയോ ഹാക്കിങ്ങോ ആണെന്ന് പലരും കരുതിയിരുന്നെങ്കിലും, ഇത് ഔദ്യോഗികമായ ഒരു സർക്കാർ പ്ലാറ്റ്‌ഫോമാണ് (OnlyFarms.gov).

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘നിങ്ങൾ എനിക്ക് വോട്ട് ചെയ്തു, അത് ഒരിക്കലും മറക്കില്ലെന്ന്… | Boolokam