‘ബംഗാളിൽ അപ്രഖ്യാപിത രാഷ്ട്രപതി ഭരണം’; പൗരത്വം തട്ടിയെടുക്കാൻ ഗൂഢാലോചനയെന്ന് മമത ബാനർജി

‘ബംഗാളിൽ അപ്രഖ്യാപിത രാഷ്ട്രപതി ഭരണം’; പൗരത്വം തട്ടിയെടുക്കാൻ ഗൂഢാലോചനയെന്ന് മമത ബാനർജി

M
MadhyamamSource Link
കൊൽക്കത്ത: ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ബംഗാളിൽ ഇപ്പോൾ അപ്രഖ്യാപിത രാഷ്ട്രപതി ഭരണമാണ് നടപ്പിലാക്കുന്നതെന്നും തിരഞ്ഞെടുപ്പിന് ശേഷം എൻ.ആർ.സി, സെൻസസ് എന്നിവയുടെ പേരിൽ ജനങ്ങളുടെ പൗരത്വം തട്ടിയെടുക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മമത ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് (TMC) പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. തിരഞ്ഞെടുപ്പ് കമീഷൻ കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഭരണപരമായ അഴിച്ചുപണികളിലൂടെ സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരം തകർക്കുകയാണെന്നും മമത ആരോപിച്ചു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് രാഷ്ട്രപതി ഭരണത്തിന് തുല്യമായ നടപടികളാണെന്ന് മമത പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എൻ.ആർ.സിയും സെൻസസും നടപ്പിലാക്കി ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കാൻ മോദി സർക്കാർ പദ്ധതിയിടുന്നു. ഇത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും മമത മുന്നറിയിപ്പ് നൽകി. ഉത്തർ ബംഗാളിനെ വേർപ്പെടുത്തി ബിഹാറിന്റെ ഭാഗങ്ങളുമായി ചേർത്ത് പുതിയ സംസ്ഥാനം രൂപീകരിക്കാൻ കേന്ദ്രത്തിന് പദ്ധതിയുണ്ടെന്നും ഇതിനായി വർഗീയ കലാപങ്ങൾ അഴിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മമത ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ ഒഴിവാക്കാൻ നീക്കം നടക്കുന്നുണ്ട്. ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരെ ലക്ഷ്യം വെച്ചാണ് ഈ നടപടികൾ. ഭരണഘടനാപരമായ നീതി ഇപ്പോൾ രാജ്യത്ത് ലഭ്യമല്ലെന്നും മമത പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതിലൂടെ വ്യവസായികൾക്ക് പണം തട്ടിയെടുത്ത് വിദേശത്തേക്ക് കടക്കാൻ കേന്ദ്രം സൗകര്യമൊരുക്കുന്നു. ബംഗാളിനെ കൈക്കലാക്കാനാണ് ഇപ്പോൾ കേന്ദ്രത്തിന്റെ ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു. ‘സംസ്ഥാനത്തെ ജനങ്ങൾ ഒത്തൊരുമയോടെയും ജാഗ്രതയോടെയും ഇരിക്കണം. ഭയത്തിന് കീഴ്പ്പെടരുത്. വോട്ടർമാരെ സ്വാധീനിക്കാൻ നൽകുന്ന കൈക്കൂലികളോ മറ്റ് പ്രലോഭനങ്ങളോ സ്വീകരിക്കരുത്. മോദി ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’ മമത പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ബംഗാളിൽ അപ്രഖ്യാപിത രാഷ്ട്രപതി ഭരണം’; പൗരത്വം തട്ടിയെടുക്ക… | Boolokam