ഹൗറ: വനിത സംവരണ വിഷയത്തിൽ ലോക്‌സഭയിൽ തിരിച്ചടി നേരിട്ടതോടെ ബി.ജെ.പിയുടെ പതനം ആരംഭിച്ചുവെന്നും കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഇപ്പോൾ വെറും ന്യൂനപക്ഷ സർക്കാറാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ബിൽ പാസാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടത് എന്നെന്നേക്കുമുള്ള മോദി സർക്കാറിന്റെ അന്ത്യത്തിന്റെ തുടക്കമാണെന്ന് മമത പറഞ്ഞു. ഹൗറയിലെ ഉലുബേരിയയിലും ബാരുപൂരിലും സംഘടിപ്പിച്ച തെരെഞ്ഞെടുപ്പു പ്രചരണറാലികളിൽ സംസാരിക്കുകയായിരുന്നു അവർ. വനിത സംവരണ ബില്ലും മണ്ഡല പുനർനിർണയവും ലോകസഭയിൽ വോട്ടിങ്ങിനിട്ടപ്പോൾ 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തിട്ടുണ്ടായിരുന്നു. ബിൽ പാസാകാൻ 352 വോട്ടുകൾ ആവശ്യമായതിനാൽ അത് ലഭിക്കാത്തത് കേന്ദ്രസർക്കാറിനേറ്റ ഇക്കാലത്തിനിടയ്ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായി. സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ബി.ജെ.പി രണ്ട് സഖ്യകക്ഷികളുടെ പിന്തുണയിലാണ് ഇപ്പോൾ ഭരണം നിലനിർത്തുന്നതെന്ന് മമത പരിഹസിച്ചു. ഡൽഹിയിൽ തുടങ്ങിയ ഈ വീഴ്ച വരാനിരിക്കുന്ന ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പോടെ പൂർത്തിയാകുമെന്നും അവർ കൂട്ടിച്ചേർത്തു. വനിതാ സംവരണം മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ മമത രൂക്ഷമായി വിമർശിച്ചു. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം കുറയ്ക്കാനും രാജ്യത്തെ വിഭജിക്കാനുമുള്ള ആസൂത്രിത നീക്കമാണിതെന്ന് അവർ ആരോപിച്ചു. 1998 മുതൽ വനിത സംവരണത്തിനായി പോരാടുന്ന തനിക്ക് ഈ വിഷയത്തിൽ ബി.ജെ.പിയുടെ ക്ലാസ് ആവശ്യമില്ലെന്നും തൃണമൂൽ കോൺഗ്രസ് ഇതിനകം തന്നെ പാർട്ടിയിൽ സ്ത്രീകൾക്ക് വലിയ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും മമത ഓർമിപ്പിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ബി.ജെ.പി ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞുവെന്ന് മമത ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേന്ദ്ര ഏജൻസികളെയും സുരക്ഷ സേനയെയും ബി.ജെ.പി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി. ബി.ജെ.പി വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക സഹായ പദ്ധതികളുടെ ഫോറങ്ങൾ പൂരിപ്പിച്ചുനൽകരുതെന്നും അത് അകൗണ്ടിലെ പണം തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും അവർ ജനങ്ങളോട് പറഞ്ഞു. മതത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ ബി.ജെ.പി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. വിദേശ രാജ്യങ്ങളിൽ പോയി അവിടുത്തെ നേതാക്കളെ കെട്ടിപ്പിടിക്കുന്ന മോദിക്ക് ബംഗാളിലെ ജനങ്ങളുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാനാണ് താല്പര്യമെന്നും അവർ പറഞ്ഞു. വരാനിരിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പ് കേവലം ഒരു സംസ്ഥാന പോരാട്ടമല്ല, മറിച്ച് രാജ്യത്തിന്റെ രാഷ്ട്രീയ ഗതി മാറ്റുന്ന പോരാട്ടമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് മമത പ്രസംഗം അവസാനിപ്പിച്ചത്.

‘ബി.ജെ.പിയുടെ പതനം തുടങ്ങി; കേന്ദ്രത്തിൽ വെറും രണ്ട് സഖ്യകക്ഷി പിന്തുണയുള്ള ന്യൂനപക്ഷ സർക്കാർ’ -മമത ബാനർജി
M
MadhyamamSource Link
22 days ago