‘മത്സരിപ്പിക്കാമെന്ന് ആർക്കും ഉറപ്പുനൽകിയിട്ടില്ല’; കെ. സുധാകരൻ വിഷയത്തിൽ അതൃപ്തി വ്യക്തമാക്കി വി.ഡി. സതീശൻ

‘മത്സരിപ്പിക്കാമെന്ന് ആർക്കും ഉറപ്പുനൽകിയിട്ടില്ല’; കെ. സുധാകരൻ വിഷയത്തിൽ അതൃപ്തി വ്യക്തമാക്കി വി.ഡി. സതീശൻ

M
MadhyamamSource Link
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കുന്നതിനായി സമ്മർദതന്ത്രം പയറ്റുന്ന മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ കെ.സുധാകരന്‍റെ നിലപാടിൽ അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സീറ്റ് നൽകാമെന്ന് ആർക്കും ഉറപ്പുനൽകിയിട്ടില്ല. അത് ഹൈക്കമാൻഡ് തീരുമാനിക്കും. എം.പിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. എം.പി മാർ ദേശീയ തലത്തിൽ പ്രവർത്തിക്കുന്നവരാണ്. അവരെ സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണോ എന്ന് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്. കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നൽകിയോ എന്ന് തനിക്ക് അറിയില്ല. ഉറപ്പുനൽകാൻ മാത്രം മുതിർന്ന നേതാവല്ല താൻ. ആരെല്ലാം മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. സ്ഥാനാർഥികളെ തീരുമാനിക്കുന്നതും പാർട്ടിയാണ്. ആരും സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിക്കേണ്ട. താൻ മത്സരിക്കണോ എന്ന് തീരുമാനിക്കുക ഹൈക്കമാൻഡായിരുക്കും. പറവൂരിൽ സുധാകരന് മത്സരിക്കണമെങ്കിൽ താൻ മാറിക്കൊടുക്കാമെന്നും സതീശൻ പറഞ്ഞു. മുതിർന്ന നേതാക്കൾ വരെ ഇടപെട്ടിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് ഇടഞ്ഞുനിൽക്കുകയാണ് സുധാകരൻ. അതേസമയം കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരനെ അനുകൂലിച്ച് എറണാകുളത്തിന്‍റെ വിവിധയിടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. പറവൂർ, ഇടപ്പള്ളി, ആലുവ പ്രദേശങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഓഫിസിന് മുമ്പിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് രാഹുൽ ഗാന്ധി ഇടപെടുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, കണ്ണൂർ നിയമസഭ മണ്ഡലത്തിൽ മത്സരിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞിട്ടും നടക്കില്ലെന്നായതോടെ സുധാകരൻ ​ഫേസ്ബുക്കിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു. കണ്ണൂരുമായുള്ള തന്റെ ബന്ധം എണ്ണിപ്പറഞ്ഞാണ് ഫേസ്ബുക് പോസ്റ്റ്. ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ​വൈകാരിക കുറിപ്പ് പങ്കുവെച്ചത്. വാക്കുകൾ പാലിക്കപ്പെടാനുള്ളതാണെന്നും ചരിത്രം വാക്ക് പാലിച്ചവരുടേതാണ് എന്നും പോസ്റ്ററിൽ പറയുന്നു. രാഹുൽ ഗാന്ധിയും കെ. സുധാകരനും ഒന്നിച്ചുള്ള ചിത്രവും പോസ്റ്ററിൽ ഉണ്ട്. രാഹുൽ ഗാന്ധി സുധാകരന് സീറ്റ് നൽകുമെന്ന് വാക്ക് നൽകിയിട്ടുണ്ടെന്നും കേരളത്തിലെ ഏത് മണ്ഡലത്തിൽ മത്സരിച്ചാലും വിജയിക്കാൻ സാധ്യതയുള്ള നേതാവാണ് സുധാകരനെന്നും പോസ്റ്ററിൽ പറയുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മത്സരിപ്പിക്കാമെന്ന് ആർക്കും ഉറപ്പുനൽകിയിട്ടില്ല’; കെ. സുധ… | Boolokam