ബിജു മേനോൻ , ജോജു ജോർജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വലതുവശത്തെ കള്ളൻ ഒ.ടി.ടി യിൽ എത്തുന്നു. ക്രൈം ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രം 2026 മാർച്ച് 27 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്യും. കാഴ്ചയിൽ തിരയടങ്ങിയ കടൽ പോലെ ശാന്തനാണ് സാമുവൽ ജോസഫ്. പക്ഷേ അയാളുടെ ഉള്ളിൽ അലയടിക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. അനാഥാലയത്തിൽ വളർന്ന അയാളുടെ ഭൂതകാലം മുതൽ വർത്തമാന കാലത്തിൽ ഇപ്പോൾ അയാള്‍ ആയിരിക്കുന്ന സമയം വരെയുള്ള സംഭവങ്ങളോരോന്നും അയാളെന്ന മനുഷ്യനെ വാർത്തെടുക്കുന്നതിൽ നിർണായകമായിട്ടുണ്ട്. ജോജു ജോർജ്ജ് എന്ന അഭിനേതാവിൽ സാമുവൽ ജോസഫിന്‍റെ എല്ലാ അടരുകളും ഭദ്രമാണ്. ആന്‍റണി സേവ്യർ എന്ന സർക്കിള്‍ ഇൻസ്പെക്ടറായി സിനിമ യുടെ ആദ്യം മുതൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് ബിജു മേനോനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ക്രൈമും അതിന് പിന്നാലെയുള്ള കേസന്വേഷണവും ഒക്കെയായി പുരോഗമിക്കുന്ന ചിത്രത്തിന്‍റെ കഥാഗതി തിരിയുന്നത് ആദ്യപകുതിയുടെ അവസാനത്തിലാണ്. ചിത്രത്തിൽ ആന്‍റണി സേവ്യറോടൊപ്പം പ്രേക്ഷകരും ഇനിയെന്ത് എന്നൊരു അനിശ്ചിതാവസ്ഥയിൽ ചെന്നെത്തുന്നു. അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ ഒരു സുഡോക്കു ഗെയിം പോലെ കുഴഞ്ഞുമറിഞ്ഞ സംഭവങ്ങളിലൂടെയാണ് പിന്നീട് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. മലയാളത്തിലെ നിരവധി ശ്രദ്ധേയ ത്രില്ലർ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫിൽ നിന്നുമുള്ള വേറിട്ടൊരു സമീപനമാണ് ചിത്രത്തിലേത്. 'മരിച്ചവർക്കും നീതി വേണ്ടേ, അത് വാങ്ങിക്കൊടുക്കേണ്ടത് നമ്മൾ ജീവിച്ചിരിക്കുന്നവരല്ലേ'. എന്നൊരു വാചകമാണ് സിനിമയുടെ കാതൽ. ഒരു വ്യക്തി ക്രിമിനൽ ആയി മാറുന്നതിന് പിന്നാലെയുള്ളൊരു അന്വേഷണം കൂടിയാണ് ചിത്രം. ഡിനു തോമസ് ഈലന്‍റെ തിരക്കഥ അതർഹിക്കുന്ന രീതിയിൽ ജീത്തു ജോസഫ് സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.

‘മരിച്ചവർക്കും നീതി വേണ്ടേ...’; ജോജുവും ബിജു മേനോനും നേർക്കുനേർ എത്തിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘വലതു വശത്തെ കള്ളൻ’ ഒ.ടി.ടിയിലേക്ക്
M
MadhyamamSource Link
about 2 months ago