‘യുദ്ധം വേണ്ട, ഫലസ്തീനെ സ്വതന്ത്രമാക്കൂ’; ഓസ്കർ വേദിയിൽ ഗസ്സക്കും ഇറാനും ഐക്യദാർഢ്യം

‘യുദ്ധം വേണ്ട, ഫലസ്തീനെ സ്വതന്ത്രമാക്കൂ’; ഓസ്കർ വേദിയിൽ ഗസ്സക്കും ഇറാനും ഐക്യദാർഢ്യം

M
MadhyamamSource Link
ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾക്കിടയിൽ അതീവ സമ്മർദങ്ങൾക്കിടയിലാണ് 98-ാമത് അക്കാദമി അവാർഡ് ചടങ്ങുകൾ നടന്നത്. ലോസ് ഏഞ്ചൽസിൽ നടന്ന 98-ാമത് അക്കാദമി അവാർഡ് ചടങ്ങിൽ, ലോകത്തെ പിടിച്ചുകുലുക്കുന്ന യുദ്ധക്കെടുതികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തി. ഗസ്സയിലെ വംശഹത്യക്കും ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധത്തിനുമെതിരെ ഓസ്കർ റെഡ് കാർപെറ്റും വേദിയും സാക്ഷ്യം വഹിച്ചത് കടുത്ത പ്രതിഷേധങ്ങൾക്കായിരുന്നു. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം സമ്മാനിക്കാൻ വേദിയിലെത്തിയ സ്പാനിഷ് നടൻ ജാവിയർ ബർദമും പ്രിയങ്ക ചോപ്രയും ശ്രദ്ധേയമായ നിലപാടാണ് സ്വീകരിച്ചത്. തന്റെ ടക്സീഡോയിൽ യുദ്ധമില്ല എന്ന ബാഡ്ജ് ധരിച്ചെത്തിയ ബർദം, ‘യുദ്ധം വേണ്ട, ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്ന് വേദിയിൽ ഉറക്കെ പ്രഖ്യാപിച്ചു. ഫ്രീ പലസ്തീൻ എന്നെഴുതിയ പിന്നും അണിഞ്ഞിരുന്നു. ഇത് സദസ്സിൽ നിന്ന് വലിയ കൈയടികളാണ് നേടിയത്. റെഡ് കാർപെറ്റിൽ മാധ്യമങ്ങളോട് സംസാരിച്ച ബർദം താൻ 2003ൽ ഇറാഖ് യുദ്ധസമയത്ത് ധരിച്ചിരുന്ന അതേ പിൻ തന്നെയാണ് ഇപ്പോഴും അണിയുന്നതെന്നും, ദശാബ്ദങ്ങൾക്കിപ്പുറവും ലോകം മറ്റൊരു നിയമവിരുദ്ധ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തവണയും ഓസ്കർ അവതാരകനായ കോനൻ ഒബ്രിയൻ, നിലവിലെ ലോക സാഹചര്യത്തെക്കുറിച്ച് തന്റെ പ്രാരംഭ പ്രസംഗത്തിൽ പരാമർശിച്ചു. ‘അങ്ങേയറ്റം അരക്ഷിതമായ ഈ കാലഘട്ടത്തിൽ ഓസ്കർ പോലൊരു വേദിക്ക് വലിയ പ്രസക്തിയുണ്ട്. പല ഭാഷകൾ സംസാരിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സിനിമകൾ. കലാപരമായ സഹകരണം, ക്ഷമ, അതിജീവനം, ഒപ്പം ഇന്നത്തെ കാലത്ത് അപൂർവ്വമായ ശുഭാപ്തിവിശ്വാസം എന്നിവക്കാണ് നമ്മൾ ഇന്ന് ആദരവ് അർപ്പിക്കുന്നത്’ ഒബ്രിയൻ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമകൾ ഓസ്കർ വേദിയിൽ എത്തുമ്പോൾ, അവ കേവലം കല എന്നതിലുപരി സമാധാനത്തിനായുള്ള ശബ്ദങ്ങളായി മാറുന്നു. 'ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ്' പോലെയുള്ള ചിത്രങ്ങൾ ഗസ്സയിലെ സാധാരണക്കാരുടെ വേദനകൾ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയപ്പോൾ, യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ഓസ്കർ വേദികളിലും മുഴങ്ങുന്നു. ഓസ്കറിൽ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ട്യുണീഷ്യൻ ചിത്രം ' ദി വോയിസ് ഓഫ് ഹിന്ദ് റജബ് ' ഓസ്കർ നേടാനായില്ല. 2024 ജനുവരി 29ന് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദ് റജബ് എന്ന അഞ്ചുവയസ്സുകാരിയുടെ കഥപറയുന്ന ചിത്രം ഫ്രാങ്കോ-ടുണീഷ്യൻ സംവിധായക കൗത്തർ ബെൻ ഹനിയയാണ് സംവിധാനം ചെയ്തത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘യുദ്ധം വേണ്ട, ഫലസ്തീനെ സ്വതന്ത്രമാക്കൂ’; ഓസ്കർ വേദിയിൽ ഗസ്… | Boolokam