കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വൻതോതിൽ കേന്ദ്ര സേനയെ വിന്യസിച്ചതിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. നോർത്ത് 24 പർഗാനാസിൽ നടന്ന തൃണമൂൽ കോൺഗ്രസ് (ടി.എം.സി) റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ഏകദേശം രണ്ട് ലക്ഷത്തോളം കേന്ദ്ര സേനാംഗങ്ങളെ ബംഗാളിൽ വിന്യസിച്ചിട്ടുണ്ടെന്നും ഇത് തന്നെ ഭയപ്പെടുത്താനുള്ള നീക്കമാണോ എന്നും അവർ ചോദിച്ചു. സി.ആർ.പി.എഫ്, ഐ.ടി.ബി.പി, സി.ഐ.എസ്.എഫ്, ബി.എസ്.എഫ് തുടങ്ങിയ കേന്ദ്ര സേനകളെയും കവചിത വാഹനങ്ങളെയും തെരഞ്ഞെടുപ്പിനായി വിന്യസിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാണ്. ആരെയും കൊല്ലാനുള്ളതല്ല. കവചിത വാഹനങ്ങൾക്കാണോ അതോ ജനങ്ങൾക്കാണോ കരുത്ത് കൂടുതൽ എന്ന് കാണിച്ചുതരാമെന്നും അവർ പറഞ്ഞു. വോട്ടെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്യുന്നതിനായി 1,000 ടി.എം.സി നേതാക്കളുടെയും പ്രവർത്തകരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഒരു ടി.എം.സി പ്രവർത്തകനെ പോലും അറസ്റ്റ് ചെയ്താൽ, പ്രതിരോധവുമായി അമ്മമാരും സഹോദരിമാരും തെരുവിലിറങ്ങുമെന്ന് മമത മുന്നറിയിപ്പ് നൽകി. സംസ്ഥാന പൊലീസ് ബി.ജെ.പിയുടെ കൂട്ടാളികളായി മാറിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട അവർ, കൊൽക്കത്ത പോർട്ടിലെ ബി.ജെ.പി സ്ഥാനാർഥി രാകേഷ് സിങിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും ചോദിച്ചു. ബി.ജെ.പി അധികാരത്തിൽ വന്നാൽ വോട്ടർ പട്ടികയിൽനിന്ന് പേരുകൾ വെട്ടിമാറ്റുകയും പകുതി ജനങ്ങളെയും എൻ.ആർ.സി വഴി നാടുകടത്തുകയും ചെയ്യുമെന്ന് അവർ ആരോപിച്ചു. 90 ലക്ഷം പേരുകൾ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാൻ ബി.ജെ.പിക്ക് പദ്ധതിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പ്രചാരണത്തിനായി ബി.ജെ.പി നൂറുകണക്കിന് വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇവരെ ആരെയും കാണില്ലെന്നും മമത പരിഹസിച്ചു. സംസ്ഥാനത്തുനിന്ന് ഹജ്ജിന് രജിസ്റ്റർ ചെയ്ത എല്ലാവരും മക്കയിലേക്ക് പോകുന്നതിന് മുമ്പ് വോട്ട് രേഖപ്പെടുത്തണമെന്ന് മമത അഭ്യർഥിച്ചു. തീർഥാടകരുടെ കാര്യങ്ങൾ ഹജ്ജ് കമ്മിറ്റി കൃത്യമായി നോക്കുമെന്നും അവർ ഉറപ്പുനൽകി.

‘രണ്ട് ലക്ഷം കേന്ദ്ര സേനയെ ഇറക്കി എന്നെ ഭീഷണിപ്പെടുത്താനാവില്ല’-കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമത ബാനർജി
M
MadhyamamSource Link
18 days ago