രൺവീർ സിങ് നായകനായ ' ധുരന്ധർ : ദി റിവഞ്ച്' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ, നടനെ പ്രശംസിച്ച് നടി ഷെഫാലി ഷാ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ദിൽ ധഡക്നേ ദോ എന്ന ചിത്രത്തിൽ രൺവീറിന്റെ അമ്മയായി വേഷമിട്ട ഷെഫാലി, അദ്ദേഹത്തിന്റെ കഴിവിനെയും വ്യക്തിത്വത്തെയും വാനോളം പുകഴ്ത്തിയാണ് ഇൻസ്റ്റാഗ്രാമിൽ കുറിപ്പിട്ടത്. ‘രൺവീർ ഒരു അത്ഭുതമാണ്’ എന്നാണ് ഷെഫാലി ഇൻസ്റ്റയിൽ കുറിച്ചത്. ആദ്യ കൂടിക്കാഴ്ചയിൽ രൺവീറിനെ ആദ്യമായി കണ്ടുമുട്ടിയ അനുഭവം ഷെഫാലി ഓർത്തെടുത്തു. ‘ഗല്ല ഗുഡിയാൻ എന്ന പാട്ടിന്റെ റിഹേഴ്സൽ നടക്കുമ്പോൾ, മറ്റാരും ശ്രദ്ധിക്കാതെ മാറിനിന്ന തന്നെ രൺവീർ പിന്നിലൂടെ വന്ന് എടുത്തുയർത്തിയ സംഭവമാണ് താരം പങ്കുവെച്ചത്.‘പെട്ടെന്ന് ഒരാൾ വന്ന് എന്നെ നിലത്തുനിന്ന് പൊക്കിയെടുത്തു. ഞാൻ ദേഷ്യപ്പെടാൻ തുടങ്ങുമ്പോഴാണ് 'ഷെഫൂ, നമുക്കൊരു കിടുക്കാച്ചി സിനിമ ചെയ്യാം' എന്ന ആവേശഭരിതമായ ശബ്ദം കേൾക്കുന്നത്. അതായിരുന്നു രൺവീർ. അന്നുമുതൽ ഞങ്ങൾ ഒരു ടീമായി മാറി. അവന് ഫിൽട്ടറുകളില്ല, വികാരങ്ങൾ ഒരു കൊച്ചു കുട്ടിയെപ്പോലെ സത്യസന്ധമായി പ്രകടിപ്പിക്കാൻ അവന് കഴിയും’ ഷെഫാലി കുറിച്ചു. രൺവീറിന്റെ ഊർജ്ജവും സ്നേഹവും പകരുന്നതാണെന്നും ഷെഫാലി പറയുന്നു. മറ്റുള്ളവർക്ക് പിന്തുണ നൽകേണ്ട സമയത്ത് വിനയത്തോടെ നിൽക്കാൻ കാണിക്കുന്ന അദ്ദേഹത്തിന്റെ മനോഭാവത്തെയും താരം അഭിനന്ദിച്ചു. ‘സിനിമ എന്നത് ഒരാളുടെ മാത്രം നേട്ടമല്ല, അതൊരു കൂട്ടായ പ്രവർത്തനമാണെന്ന് അവന് നന്നായി അറിയാം’ ഷെഫാലി കൂട്ടിച്ചേർത്തു. മാർച്ച് 19ന് പുറത്തിറങ്ങിയ ' ധുരന്ധർ 2 ' ഇതിനോടകം തന്നെ റെക്കോർഡ് കലക്ഷൻ നേടിയിട്ടുണ്ട്. പാകിസ്താനിലെ ഭീകരശൃംഖലയെ തകർക്കാൻ പോകുന്ന ഇന്ത്യൻ ചാരനായ ഹംസ അലി മസാരി (ജസ്‌കിരാത് സിംഗ് രംഗി) എന്ന കഥാപാത്രത്തെയാണ് രൺവീർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അർജുൻ രാംപാൽ, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. രൺവീറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണിതെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്. ഷെഫാലിയുടെ കുറിപ്പ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

‘രൺവീർ ഒരു അത്ഭുതമാണ്, അവന് ഫിൽട്ടറുകളില്ല’; 'ധുരന്ധർ 2' വിജയത്തിന് പിന്നാലെ ഹൃദയസ്പർശിയായ കുറിപ്പുമായി ഷെഫാലി ഷാ
M
MadhyamamSource Link
about 1 month ago