‘റിട്ടേൺ ടിക്കറ്റടക്കം 15 ദിവസം യു.എ.ഇയിൽ താമസിക്കാനുള്ള സൗകര്യം...’; ബൂത്ത് ഭാരവാഹികൾക്ക് വിദേശ യാത്ര വാഗ്ദാനം ചെയ്ത് ലീഗ് നേതാവ്

‘റിട്ടേൺ ടിക്കറ്റടക്കം 15 ദിവസം യു.എ.ഇയിൽ താമസിക്കാനുള്ള സൗകര്യം...’; ബൂത്ത് ഭാരവാഹികൾക്ക് വിദേശ യാത്ര വാഗ്ദാനം ചെയ്ത് ലീഗ് നേതാവ്

M
MadhyamamSource Link
മലപ്പുറം: തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ ബൂത്ത് ഭാരവാഹികൾക്ക് വിദേശയാത്ര വാഗ്ദാനം ചെയ്ത് ലീഗ് നേതാവ്. വി.എസ്. ജോയിക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന യു.ഡി.എഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കുമാണ് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.പി. ബാവ ഹാജി വിദേശയാത്ര വാഗ്ദാനം ചെയ്തത്. തവനൂർ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു സമ്മാന പ്രഖ്യാപനം. യു.എ.ഇയിൽ 15 ദിവസം കഴിയുന്നതിനുള്ള താമസസൗകര്യവും റിട്ടേൺ ടിക്കറ്റുമാണ് വാഗ്ദാനം. തവനൂരിൽ സ്ഥാനാർഥിയാകാൻ ബാവ ഹാജിയെയും യു.ഡി.എഫ് പരിഗണിച്ചിരുന്നു. ‘യു.എ.ഇയിൽ പോകാനുള്ള ടിക്കറ്റും 15 ദിവസം താമസിക്കാനുള്ള സൗകര്യവും സ്പോൺസർ ചെയ്യും. അത് മംഗലം തന്നെ അടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മംഗലത്തിനെ അടിക്കാൻ കഴിയൂ. അത് നിങ്ങൾ നിറവേറ്റണം. ബൂത്തിൽ അതിനായി പണിയെടുക്കണം. ഏറ്റവും കൂടുതൽ ലീഡ് ചെയ്യുന്ന ബൂത്തിന് പഞ്ചായത്ത് കമ്മിറ്റിയും ഒരു ടിക്കറ്റ് കൊടുക്കും. ഇനി തമാശയും കളിയുമൊന്നുമില്ല’ -ബാവ ഹാജി പറഞ്ഞു. സിറ്റിങ് എം.എൽ.എയായ കെ.ടി. ജലീലാണ് ഇവിടുത്തെ എൽ.ഡി.എഫ് സ്ഥാനാര്‍ഥി. മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും ജലീല്‍ ആണ് വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ ഫിറോസ് കുന്നുംപറമ്പിലിനെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. ജലീലിന്‍റെ ഭൂരിപക്ഷം 2564 വോട്ടായി കുറക്കാന്‍ ഫിറോസിന് കഴിഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തവനൂര്‍ നിയമസഭാമണ്ഡലത്തില്‍പ്പെട്ട ഏഴ് പഞ്ചായത്തുകളിലും യു.ഡി.എഫ് ആണ് ഭരണം പിടിച്ചത്. ഇതോടൊപ്പം ഭരണവിരുദ്ധ വികാരം കൂടിയാകുന്നതോടെ വി.എസ്. ജോയിയിലൂടെ ഇത്തവണ മണ്ഡലം പിടിക്കാനാകുമെന്ന പ്രതീ‍ക്ഷയിലാണ് യു.ഡി.എഫ്. ഇരു മുന്നണികളും കച്ചകെട്ടി ഇറങ്ങിയതോടെ മത്സരം തീപാറുമെന്ന് ഉറപ്പാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘റിട്ടേൺ ടിക്കറ്റടക്കം 15 ദിവസം യു.എ.ഇയിൽ താമസിക്കാനുള്ള സൗ… | Boolokam