‘ലീഗിനൊപ്പം ഉറച്ച് നിൽക്കും, പറയാനുള്ളതെല്ലാം നേതൃത്വത്തെ അറിയിച്ചു’; നിലപാട് വ്യക്തമാക്കി അബ്ദുറഹ്മാൻ രണ്ടത്താണി

‘ലീഗിനൊപ്പം ഉറച്ച് നിൽക്കും, പറയാനുള്ളതെല്ലാം നേതൃത്വത്തെ അറിയിച്ചു’; നിലപാട് വ്യക്തമാക്കി അബ്ദുറഹ്മാൻ രണ്ടത്താണി

M
MadhyamamSource Link
മലപ്പുറം: മുസ്ലിം ലീഗിൽ ഉറച്ചുനിൽക്കുമെന്ന് മുൻ എം.എൽ.എയും മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്ന രണ്ടത്താണി എൽ.ഡി.എഫിലേക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്നു. ബുധനാഴ്ച രാത്രി പാണക്കാടെത്തി അബ്ബാസ് അലി ശിഹാബ് തങ്ങളെയും മുനവ്വറലി തങ്ങളെയും കണ്ട ശേഷമാണ് അനിശ്ചിതത്വം നീങ്ങിയത്. മുസ്ലിം ലീഗിന് നേതൃതലത്തിൽ തന്നെ തീരുമാനമെടുക്കാൻ കഴിയുന്ന കാര്യങ്ങളാണ് താൻ ഉന്നയിച്ചതെന്ന് രണ്ടത്താണി മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടു തന്നെ ലീഗ് നേതൃത്വം അതിനു അവസരം തരുമ്പോൾ, ആ അവസരം പ്രയോജനപ്പെടുത്തി അതിന് പരിഹാരം കാണുകയും വേണം. ഇന്നലെ പാർട്ടിയിലെ ഉന്നതരായ നേതാക്കളെ കണ്ടു. പാണക്കാട് കുടുംബത്തിലെ തന്നെ ജില്ല പ്രസിഡന്‍റ് അബ്ബാസലി തങ്ങളടക്കമുള്ളവരെ കണ്ടു. യൂത്ത് ലീഗ് ദേശീയ അധ്യക്ഷൻ മുനവ്വറലി തങ്ങളുമായി സംസാരിച്ചു. തനിക്ക് പറയാനുള്ളതെല്ലാം അവർ ഗൗരവപൂർവം കേൾക്കുകയും വളരെ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. വരുംദിവസങ്ങളിലും പാർട്ടിയിലെ ഉന്നതരായ നേതാക്കളുമായി സംസാരിക്കും. അങ്ങനെ പാർട്ടിക്കുള്ളിലെ തന്നെ ഒരു വിഷയമായാണ് ഇതിനെ കാണുന്നത്. അതിനപ്പുറം മറ്റുള്ളവർ എന്ത് പറയുന്നു എന്നത് വിഷയമല്ല. അതാണ് തന്‍റെ നിലപാടെന്നും രണ്ടത്താണി വ്യക്തമാക്കി. അബ്ദുറഹിമാൻ രണ്ടത്താണിയുമായി സി.പി.എം നേതാക്കൾ ആശയവിനിമയം നടത്തിയതിന്റെ വെളിച്ചത്തിൽ ബുധനാഴ്ച പാർട്ടി മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് ചേർന്നിരുന്നു. പി.ബി. അംഗം എ. വിജയരാഘവന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. താനൂരിൽനിന്ന് മന്ത്രി വി. അബ്ദുറഹിമാൻ മാറുകയാണെങ്കിൽ താനൂരിലോ, അല്ലെങ്കിൽ തിരൂരിലോ രണ്ടത്താണിയെ നിർത്താമെന്ന ഓഫറാണ് സി.പി.എം മുന്നോട്ടുവെച്ചത്. തിരൂരങ്ങാടിയിൽ സി.പി.ഐ, സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയതിനാൽ, ഇക്കാര്യത്തിൽ എൽ.ഡി.എഫിൽ ചർച്ച വേണ്ടിവരുമെന്നും സി.പി.എം അറിയിച്ചിരുന്നു. എന്നാൽ,യു.ഡി.എഫ് വിട്ടുവരുന്നത് സംബന്ധിച്ച് രണ്ടത്താണിയിൽനിന്നും വ്യക്തമായ ഉറപ്പ് പാർട്ടിക്ക് ലഭിച്ചിരുന്നില്ല. മാധ്യമങ്ങളോടുള്ള രണ്ടത്താണിയുടെ പ്രതികരണവും എവിടെയും തൊടാതെയുള്ളതായിരുന്നു. രണ്ടത്താണിയെ സ്വീകരിക്കുന്നത് സംബന്ധിച്ച് സി.പി.എമ്മിനുള്ളിൽ വിരുദ്ധ അഭിപ്രായവും ഉയർന്നുവന്നിരുന്നു. ഇതിനിടെയാണ് അനിശ്ചിതത്വത്തിന് വിരാമമിട്ട് ബുധനാഴ്ച രാത്രി 11.30 ഓടെ രണ്ടത്താണി അബ്ബാസലി തങ്ങളെ വീട്ടിലെത്തി കണ്ടത്. തുടർന്ന് മുനവ്വറലി തങ്ങളുമായും കൂടിക്കാഴ്ച നടത്തി. എല്ലാവരെയും ചെർത്തു നിർത്തുമെന്ന സാദിഖലി തങ്ങളുടെ പ്രഖ്യാപനം ശിരസ്സാവഹിക്കുകയാണെന്ന് അബ്ദു റഹ്മാൻ രണ്ടത്താണി പ്രതികരിച്ചു. പി.എം.എ സമീറിനെ തിരൂരങ്ങാടിയിൽ സ്ഥാനാർഥിയാക്കിയാക്കിയതിനെതുടർന്നാണ് അബ്ദറഹിമാൻ രണ്ടത്താണി ലീഗ് നേതൃത്വമായി ഇടഞ്ഞത്. പാർട്ടി പ്രാദേശിക കമ്മിറ്റികൾ അറിയാതെയാണ് സമീറിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം എന്നായിരുന്നു രണ്ടത്താണിയുടെ വിമർശനം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ലീഗിനൊപ്പം ഉറച്ച് നിൽക്കും, പറയാനുള്ളതെല്ലാം നേതൃത്വത്തെ അ… | Boolokam