തെഹ്റാൻ: പശ്ചിമേഷ്യയിൽ കരസേനയിറങ്ങിയെന്ന് യു.എസ് സെൻട്രൽ കമാൻഡ് എക്സിൽ അറിയിച്ചതിന് പിറകെ രൂക്ഷ പ്രതികരണവുമായി ഇറാൻ. കരസേനയെ ഇറക്കി നടത്തുന്ന ഏതുതരം അധിനിവേശവും ദുരന്തസമാനമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പേർഷ്യൻ കടലിലെ സ്രാവുകൾക്ക് അവർ നല്ല ഭക്ഷണമായിരിക്കുമെന്നും ഇറാൻ സൈന്യം പ്രതികരിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച കരസേന നീക്കം വൈകാതെ ഉണ്ടായേക്കുമെന്ന സാധ്യത മുൻനിർത്തി ഇറാൻ ഒരുക്കങ്ങൾ തകൃതിയാക്കിയിട്ടുണ്ട്. രാജ്യത്തുടനീളം കരസേനക്ക് പ്രത്യേക നിർദേശം നൽകിയ ഇറാൻ ഇറാഖ് അതിർത്തിയിലും ഹുർമുസിനോടു ചേർന്ന തെക്കു കിഴക്കൻ മേഖലയിലും വിന്യാസം ശക്തമാക്കി. 31ാം മറൈൻ എക്സ്പെഡീഷനറി യൂനിറ്റിലെ 3500 നാവികരും മറീനുകളും പശ്ചിമേഷ്യയിലെത്തിയെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. ഇവർക്ക് ആവശ്യമായ യാത്ര, ആക്രമണ പോർവിമാനങ്ങളും അധികമായി എത്തിയിട്ടുണ്ട്. അതിവേഗം തീർക്കാമെന്ന പ്രതീക്ഷയിൽ തുടങ്ങിയ ആക്രമണം ആഴ്ചകൾ പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ലാത്തതിനെ തുടർന്നാണ് ആയിരക്കണക്കിന് കരസൈനികരെ അടിയന്തരമായി പശ്ചിമേഷ്യയിലെത്തിക്കാൻ പെന്റഗൺ തീരുമാനിച്ചത്. 3500 സൈനികർക്ക് പുറമെ കൂടുതൽ പേർ വൈകാതെ പശ്ചിമേഷ്യയിലെത്തും. കൂടുതൽ കപ്പലുകൾ എത്തുന്നു കഴിഞ്ഞ ആഴ്ച രണ്ട് യുദ്ധക്കപ്പലുകൾകൂടി വിന്യസിക്കാൻ പെന്റഗൺ അനുമതി നൽകിയിരുന്നു. 2200ലേറെ മറീനുകളുമായി യു.എസ്.എസ് ബോക്സർ ബുധനാഴ്ച സാൻ ഡീഗോയിൽനിന്ന് പുറപ്പെട്ടിട്ടുണ്ട്. ആഴ്ചകൾക്കുള്ളിൽ കപ്പൽ ഇവിടെയെത്തും. ന്യൂ ഓർലിയൻസ് കപ്പലും എത്തുന്നുണ്ട്. കരയുദ്ധം നടത്തരുതെന്ന് രാജ്യത്ത് മുറവിളി ശക്തമാകുന്നതിനിടെയാണ് ഇസ്രായേൽ സമ്മർദത്തിനു വഴങ്ങി ട്രംപ് കൂടുതൽ സൈനികരെ എത്തിക്കുന്നത്. അപകടകരമെന്ന് മുന്നറിയിപ്പ് രാജ്യം പിടിക്കൽ തനിക്ക് ലക്ഷ്യമല്ലെന്ന് പറയുന്ന ട്രംപ് പക്ഷേ, ഇറാൻ എണ്ണ കയറ്റുമതി ടെർമിനലായ ഖാർഗ് ദ്വീപ് പിടിക്കുന്നത് വിജയമാകുമെന്ന പ്രതീക്ഷയിലാണ്. ഇറാന്റെ 90 ശതമാനം എണ്ണയും ഇതുവഴിയാണ് കയറ്റിപ്പോകുന്നത്. ഇവിടെ കരസേനയെ വിന്യസിക്കുന്നത് പക്ഷേ, അപകടകരമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സൈനിക വിന്യാസ സാധ്യത കണക്കിലെടുത്ത് ഇറാൻ പ്രദേശത്ത് പ്രതിരോധം ഉറപ്പിക്കുന്ന തിരക്കിലാണ്. ഇതിന് പുറമെ ഡ്രോൺ, മിസൈൽ ആക്രമണംകൂടിയാകുമ്പോൾ യു.എസിന് കാര്യമായ പുരോഗതിയുണ്ടാക്കാനാകുമോയെന്നാണ് സംശയം. ഖാർഗ് ദ്വീപിനൊപ്പം ഹുർമുസിലെ തന്ത്രപ്രധാനമായ മറ്റു ദ്വീപുകളും പിടിക്കുകയെന്ന ശ്രമകരമായ സ്വപ്നവും യു.എസ് പ്രസിഡന്റിനുണ്ട്. ഇതിന് പുറമെ ലബനാനിൽ ഇസ്രായേൽ നടപ്പാക്കുന്ന പോലെ തെഹ്റാനിലടക്കം വിമാനമാർഗം സൈന്യത്തെ ഇറക്കിയുള്ള ആക്രമണവും ലക്ഷ്യമാണ്. ഇറാനുമായി മധ്യസ്ഥ ചർച്ചകൾ നടക്കുകയാണെന്നും ആഴ്ചകൾക്കകം ആക്രമണം നിർത്താനാകുമെന്നും കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞിരുന്നു. അതേസമയം, നേരത്തേ ഇറാഖിലും അഫ്ഗാനിസ്താനിലും പോലെ വൻതോതിൽ കരസേനാ വിന്യാസം ഇതുവരെയും ഇറാനിലുണ്ടായിട്ടില്ല.

‘വരൂ, കടൽ സ്രാവുകൾ കാത്തിരിക്കുന്നു, അമേരിക്കൻ കരസേന അവർക്ക് നല്ല ഭക്ഷണമായിരിക്കും’ -ഇറാൻ
M
MadhyamamSource Link
about 1 month ago