ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി ഉമാപതി രാമയ്യ സംവിധാനം ചെയ്യുന്ന ‘ടി.എൻ 2026 -തങ്കനച്ചത്തിരം’ എന്ന സിനിമയുടെ ടീസർ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് യുടെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട കഥയാണെന്നാണ് ഉയരുന്ന വിമർശനം. വിജയ് യുടെ മാനറിസങ്ങളാണ് ചിത്രത്തിന്റെ നായകനായ നട്ടി നടരാജ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ നടത്തം, വസ്ത്രധാരണം, വിജയ് യുടെ പെരുമാറ്റ രീതികൾ വരെ നായകനുള്ളതായി സിനിമ പ്രേമികൾ പറയുന്നു. ഇതിനുപിന്നാലെയാണ് വിജയ് യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട സ്പൂഫാണ് സിനിമ എന്ന രീതിയിൽ പ്രചാരണം നടന്നത്. വിജയ് യുടെ ലുക്ക്, ടി.വി.കെയുടെ കൊടിയുടെ നിറം, വിജയ് യുടെ ഡയലോഗുകൾ തുടങ്ങിയവയെല്ലാം ചിത്രത്തിന്റെ ടീസറിലുണ്ടെന്നും ആളുകൾ പറയുന്നു. 2026 ഏപ്രിൽ 10നാണ് ചിത്രത്തിന്റെ റിലീസ്. വ്യാഴാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഇതിനകം തന്നെ ശ്രദ്ധേയമായിരുന്നു. കണ്ണൻ രവി ഗ്രൂപ്പ് നിർമിക്കുന്ന ചിത്രം ഒരു ആക്ഷേപ ഹാസ്യ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. വൻ ആരാധകവൃന്ദമുള്ള ഒരു സിനിമാ സൂപ്പർസ്റ്റാർ മുഖ്യമന്ത്രിയാകാൻ സ്വപ്നം കണ്ട് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്റെ കഥയാണ് ടീസർ കാണിക്കുന്നത്. ടീസർ സോഷ്യൽ മീഡിയയിൽ വൈറലാകുകയും പ്രതികരണവുമായി നിരവധിപേർ രംഗത്തെത്തുകയും ചെയ്തു. അതേസമയം, തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പ്രമേയമുള്ള ഒരു ചിത്രം പുറത്തിറക്കുന്നത് വോട്ടർമാരെ അന്യായമായി സ്വാധീനിക്കാനാണെന്ന വാദം പലരും ഉന്നയിച്ചു. എന്നാൽ, ആരെയും ആക്രമിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചല്ല തങ്ങൾ സിനിമ ഒരുക്കിയിരിക്കുന്നതെന്ന് നടനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ തമ്പി രാമയ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കഥ എഴുതിയിരിക്കുന്നതെന്നും ഏതെങ്കിലും വ്യക്തിയെയോ ഗ്രൂപ്പിനെയോ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഇതൊരു സ്പൂഫ് സിനിമയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സമ്പത്തും പ്രശസ്തിയും നേടിയതിന് ശേഷം രാഷ്ട്രീയം ലക്ഷ്യംവെക്കുന്ന ഒരു മാസ് ഹീറോയുടെ കഥയാണ് സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൻ രവി ഗ്രൂപ്പിന്റെ ബാനറിൽ കണ്ണൻ രവി നിർമിക്കുന്ന ചിത്രമാണ് ടിഎൻ 2026 - തങ്ക നച്ചത്തിരം. ഉമാപതി രാമയ്യയാണ് ചിത്രത്തിന്റെ സംവിധാനം. നട്ടി നടരാജ്, തമ്പി രാമയ്യ, എം.എസ്. ഭാസ്കർ, റെഡിൻ കിങ്സ്‍ലി, യാഷിക ആനന്ദ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

‘വിജയ് യുടെ രാഷ്ട്രീയ ജീവിതത്തിന്റെ സ്പൂഫ്’; ‘ടി.എൻ 2026 -തങ്കനച്ചത്തിരം’ സിനിമ ടീസറിന് പിന്നാലെ തമിഴകത്ത് വിവാദം
M
MadhyamamSource Link
about 1 month ago