മലപ്പുറം : തന്റെ രാഷ്ട്രീയ കോട്ടയായ തവനൂരിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് കെ.ടി. ജലീൽ. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ജോയി ഉയർത്തിയ ശക്തമായ വെല്ലുവിളിക്കു മുന്നിൽ ജലീലിന് കാലിടറുകയായിരുന്നു. പരാജയം ഉറപ്പായതോടെ ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരണം രേഖപ്പെടുത്തി. "ജനവിധി അംഗീകരിക്കുന്നു. വി.എസ്. ജോയിക്ക് അഭിനന്ദനങ്ങൾ," എന്നാണ് ജലീൽ കുറിച്ചത്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ദിവസങ്ങൾക്ക് മുമ്പ് ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ച പ്രതികരണമാണ്. തവനൂരിൽ ജലീലിന് കാലിടറുമോ എന്ന മാധ്യമത്തിന്‍റെ വിശകലന വാർത്തക്ക് താഴെ ‘വിറക്കുന്ന കൈകളോടെ മെയ് അഞ്ചിന് എന്റെ വിജയവാർത്ത നിങ്ങൾക്ക് നിരത്തേണ്ടി വരും’ എന്ന് കമന്‍റായി രേഖപ്പെടുത്തിയിരുന്നു. ഈ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തവനൂരിൽ കെ.ടി ജലീലിന് കാലിടറുമോ എന്ന ചോദ്യത്തിന് ‘കാലിടറില്ല. പതിനായിരത്തോളം വോട്ടുകൾക്ക് ജയിക്കും’ എന്നായിരുന്നു ജലീലിന്റെ മറുപടി. ‘‘എന്റെ തോൽവി ‘മാധ്യമം’ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ നടക്കില്ല. തവനൂരും ഞാനും തമ്മിലുള്ള ആത്മബന്ധം അത്രകണ്ട് ഗാഢമാണ്. 2021-ൽ നിങ്ങളെല്ലാം കൂടി എഴുന്നള്ളിച്ച് കൊണ്ടുവന്ന ചാരിറ്റി മാഫിയാ തലവന്റെ ഗതി എന്തായി? മെയ് 4-ന് രാവിലെ 8 മണിവരെ നിങ്ങൾക്ക് എന്നെ തോൽപ്പിക്കാം. അന്നേ ദിവസം ഉച്ചയോടെ എന്റെ അഞ്ചാമത്തെ വിജയത്തിന്റെ ചിത്രവും വാർത്തയും വിറക്കുന്ന കൈകളോടെ അഞ്ചാം തിയ്യതിയിലെ മാധ്യമത്തിലേക്കായി നിങ്ങൾക്ക് നിരത്തേണ്ടി വരും. പടച്ച റബ്ബ് സാക്ഷി’’ -ജലീൽ ഫേസ്ബുക് കമന്റിൽ കുറിച്ചു. അതേസമയം, വിജയം സുനിശ്ചിതമെന്ന് കെ.ടി. ജലീൽ ആവർത്തിച്ചപ്പോഴും പോളിങ് ശതമാനം നൽകുന്ന സൂചനകൾ എൽ.ഡി.എഫിന് അത്ര അനുകൂലമായിരുന്നില്ല. ബൂത്തുതല കണക്കുകൾ വെച്ച്, പൊന്നാനിക്കൊപ്പം തവനൂരിലും ഭൂരിപക്ഷം കുറയുമെന്ന വിലയിരുത്തലിലാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് എത്തിയിരിന്നത്. എന്നാൽ വിധിദിനത്തിൽ മണ്ഡലം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്.

‘വിറക്കുന്ന കൈകളോടെ മെയ് അഞ്ചിന് എന്റെ വിജയവാർത്ത നിങ്ങൾക്ക് നിരത്തേണ്ടി വരും’; മാധ്യമം വാർത്തയോട് അന്ന് ജലീൽ പ്രതികരിച്ചതിങ്ങനെ...
M
MadhyamamSource Link
about 1 hour ago
