‘ശത്രുവിന്‍റെ കുറ്റകൃത്യം മറക്കില്ല, പ്രതികാരം ചോദിക്കും...’; യുദ്ധക്കപ്പൽ തകർത്ത യു.എസിന് മുന്നറിയിപ്പുമായി ഇറാൻ നാവിക സേന

‘ശത്രുവിന്‍റെ കുറ്റകൃത്യം മറക്കില്ല, പ്രതികാരം ചോദിക്കും...’; യുദ്ധക്കപ്പൽ തകർത്ത യു.എസിന് മുന്നറിയിപ്പുമായി ഇറാൻ നാവിക സേന

M
MadhyamamSource Link
തെഹ്റാൻ: ശ്രീലങ്കൻ തീരത്ത് ടോർപിഡോ ആക്രമണത്തിലൂടെ ‘ഐറിസ്‍ ദേന’ യുദ്ധക്കപ്പൽ തകർക്കുകയും 80ലേറെ നാവികർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ യു.എസിന് മുന്നറിയിപ്പുമായി ഇറാൻ നാവിക സേന. യു.എസിന് തക്കതായ മറുപടി നൽകുമെന്ന് നാവിക കമാൻഡർ ഷഹ്‌റാം ഇറാനി പറഞ്ഞു. ‘ശത്രുവിന്റെ കുറ്റകൃത്യം ഞങ്ങൾ മറക്കില്ല; ഞങ്ങളുടെ രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കും’ -ഷഹ്റാം ഇറാനിയെ ഉദ്ധരിച്ച് ഇറാന്‍റെ ഔദ്യോഗിക ചാനലായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ശത്രു ഒട്ടും പ്രതീക്ഷിക്കാത്ത ഇടത്തുനിന്ന് മാരകമായ പ്രഹരങ്ങളിലൂടെ അവരെ ശിക്ഷിക്കുമെന്നും അതിന്‍റെ ആഘാതം കനത്തതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ഇറാൻ കരസേനാ മേധാവി അമീർ ഹാതമിയും യു.എസിന് മുന്നറിയിപ്പ് നൽകിയിരുന്നു. കപ്പലിലെ നാവികരുടെ മരണത്തിന് പകരം ചോദിക്കാതെ പോകില്ലെന്നും സമാധാന ദൗത്യം പൂർത്തിയാക്കി, സൈനിക അഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്നും ഹാതമി വ്യക്തമാക്കിയിരുന്നു. വിശാഖപട്ടണത്ത് നടന്ന ‘മിലൻ’ അന്താരാഷ്ട്ര നാവികാഭ്യാസം കഴിഞ്ഞ് മടങ്ങിയ കപ്പലാണ് ശ്രീലങ്കൻ തീരത്ത് അമേരിക്കൻ ആക്രമണത്തിൽ തകർന്നത്. 80ലേറെ പേരാണ് കൊല്ലപ്പെട്ടത്. 180 പേരാണ് കപ്പലിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെ ശ്രീലങ്കൻ നാവിക സേന രക്ഷപ്പെടുത്തിയിരുന്നു. അന്തർവാഹിനിയിൽനിന്നുള്ള ടോർപിഡോ ഏറ്റാണ് കപ്പൽ തകർന്നതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്സേത്ത് പറഞ്ഞു. അതേസമയം, ആഗോള എണ്ണയുടെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് തുറക്കാൻ സഹായം തേടിയ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം ജർമനിയും തള്ളി. സൈനിക ഓപറേഷനിൽ പങ്കാളിയാകാൻ ബെർലിന് ഉദ്ദേശ്യമില്ലെന്ന് ജർമൻ വിദേശകാര്യ മന്ത്രി ജൊഹാൻ വേഡ്ഫൂൽ അറിയിച്ചു. തങ്ങൾക്ക് കൂടുതൽ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, നാറ്റോയും ചൈനയും ട്രംപിന്‍റെ ആവശ്യം തള്ളിയിരുന്നു. സഖ്യകക്ഷികൾ സഹായവുമായി യുദ്ധക്കപ്പലുകൾ അയച്ചില്ലെങ്കിൽ നാറ്റോയെ കാത്തിരിക്കുന്നത് ‘വളരെ മോശം’ ഭാവിയാണെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ചൈന ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും ലഭിക്കുന്നത് ഹുർമുസ് വഴിയായതിനാൽ സഹായിക്കണമെന്നായിരുന്നു ബെയ്ജിങ്ങിനോടുള്ള ആവശ്യം. ചൈനയുടെ നിലപാട് അറിയും വരെ തന്റെ ബെയ്ജിങ് സന്ദർശനം നീട്ടിവെക്കുമെന്നും മുന്നറിയിപ്പ് നൽകി. ഹുർമുസ് സുരക്ഷിതമാക്കാൻ യുദ്ധക്കപ്പലുകൾ അയക്കാനില്ലെന്ന് നാറ്റോ അറിയിച്ചു. അടിയന്തരമായി സൈനിക നീക്കം അവസാനിച്ച ശേഷം ആലോചിക്കാമെന്നാണ് ചൈന പ്രതികരിച്ചത്. ഹുർമുസ് തുറക്കാനുള്ള പദ്ധതികളെ കുറിച്ച് സഖ്യകക്ഷികളുമായി ആലോചിച്ചുവരുകയാണെന്നും എന്നാൽ, വിശാലമായ ഈ യുദ്ധത്തിന്റെ ഭാഗമാകാനില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ദിവസങ്ങൾക്കിടെ ആദ്യമായി ഇറാന്റേതല്ലാത്ത ഒരു എണ്ണക്കപ്പൽ ഞായറാഴ്ച ഹുർമുസ് കടന്നെങ്കിലും ഇരുവശത്തുമായി നൂറുകണക്കിന് കപ്പലുകൾ അനുമതി കാത്തുകിടക്കുകയാണ്. ഇറാനുമായി ധാരണയായ ശേഷം പാകിസ്താൻ കപ്പലാണ് യു.എ.ഇയിൽനിന്ന് എണ്ണ കയറ്റി ഹുർമുസ് കടന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകൾക്കുനേരെ മാത്രമാകും ആക്രമണമെന്നാണ് ഇറാന്റെ നിലപാട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ശത്രുവിന്‍റെ കുറ്റകൃത്യം മറക്കില്ല, പ്രതികാരം ചോദിക്കും...… | Boolokam