‘ശിവാലിക്കും‘ ‘നന്ദ ദേവി’യും ഹുർമുസ് കടന്നു; പാചകവാതക പ്രതിസന്ധിയിൽ ഇന്ത്യക്ക് പ്രത്യാശ

‘ശിവാലിക്കും‘ ‘നന്ദ ദേവി’യും ഹുർമുസ് കടന്നു; പാചകവാതക പ്രതിസന്ധിയിൽ ഇന്ത്യക്ക് പ്രത്യാശ

M
MadhyamamSource Link
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ചരക്കുഗതാഗതം നിലച്ച ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള രണ്ട് എൽ.പി.ജി കപ്പലുകളെ ഇറാൻ സുരക്ഷിതമായി കടത്തിവിട്ടു. 'ശിവാലിക്', 'നന്ദ ദേവി' എന്നീ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾ ഹുർമുസ് കടലിടുക്ക് പിന്നിട്ടതായി തുറമുഖ, സമുദ്രപാത മന്ത്രാലയം അറിയിച്ചു. 92,700 മെട്രിക് ടൺ എൽ.പി.ജിയാണ് ഈ കപ്പലുകളിൽ ഇന്ത്യയിലേക്ക് എത്തുന്നത്. ശിവാലിക് മാർച്ച് 16നും നന്ദ ദേവി മാർച്ച് 17നും ഇന്ത്യൻ തീരം തൊടുമെന്ന് തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിലെ സ്‌പെഷൽ സെക്രട്ടറി രാജേഷ് കുമാർ വ്യക്തമാക്കി. ഊർജ പ്രതിസന്ധി പരിഗണിച്ച് സൗഹൃദ രാജ്യമായ ഇന്ത്യയ്ക്ക് മാത്രമായി ഇറാൻ നൽകിയ ഇളവാണിതെന്നാണ് സൂചന. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഈ നിർണായക തീരുമാനത്തിന് വഴിയൊരുങ്ങിയത്. ഇന്ത്യ-ഇറാൻ നയതന്ത്ര ബന്ധം പ്രാധാന്യമേറിയതാണെന്നും ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതപാത ഒരുക്കുമെന്നും ഇറാനിയൻ അംബാസഡർ മുഹമ്മദ് ഫത്താലിയും നേരത്തെ സൂചിപ്പിച്ചിരുന്നു. ആഗോള എണ്ണയുടെയും കടൽമാർഗമുള്ള എൽ.എൻ.ജിയുടെയും 20 ശതമാനത്തോളം വ്യാപാരം ചെയ്യുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. യു.എസിനോ സഖ്യകക്ഷികൾക്കോ ​​കടലിടുക്ക് അനുവദിക്കാൻ സാധ്യമല്ലെന്ന് ഇറാൻ പറഞ്ഞെങ്കിലും ഇന്ത്യക്ക് ഇളവ് അനുവദിക്കുകയായിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ രാജ്യത്ത് പാചകവാതക വിതരണത്തിൽ വലിയ പ്രതിസന്ധിയായിരുന്നു നേരിട്ടത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി ഉൾപ്പെടെയുള്ള ഇന്ധനങ്ങൾക്ക് രാജ്യത്ത് ഒരു ക്ഷാമവുമില്ലെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. പെട്രോളും ഡീസലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ആവശ്യത്തിന് ലഭ്യമാണ്. അനാവശ്യമായി ഇന്ധനം സംഭരിക്കുന്നതോ അനാവശ്യ ബുക്കിങ്ങുകൾ നടത്തുന്നതോ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തി ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനകം വിതരണം ആരംഭിച്ചു കഴിഞ്ഞു. എൽ.പി.ജി സിലിണ്ടർ ബുക്കിങ് ഓൺലൈൻ സംവിധാനം വഴി 100 ശതമാനമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പേർഷ്യൻ ഗൾഫ് മേഖലയിൽ നിലവിൽ 22 ഇന്ത്യൻ കപ്പലുകളിലായി 611 നാവികർ ജോലി ചെയ്യുന്നുണ്ടെന്നും ഇവരെല്ലാവരും സുരക്ഷിതരാണെന്നും സർക്കാർ സ്ഥിരീകരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ശിവാലിക്കും‘ ‘നന്ദ ദേവി’യും ഹുർമുസ് കടന്നു; പാചകവാതക പ്രതി… | Boolokam