‘സംരക്ഷണപ്പണം’ നൽകാൻ വിസമ്മതിച്ചു; മക്കളുടെ മുന്നിലിട്ട് 45കാരനെ അടിച്ചുകൊന്നു

‘സംരക്ഷണപ്പണം’ നൽകാൻ വിസമ്മതിച്ചു; മക്കളുടെ മുന്നിലിട്ട് 45കാരനെ അടിച്ചുകൊന്നു

M
MadhyamamSource Link
ബെംഗളൂരു: ‘സംരക്ഷണപ്പണം’ നൽകാൻ വിസമ്മതിച്ച 45കാരനായ മെക്കാനിക്കിനെ ഒരു സംഘം മർച്ചുകൊന്നു. ബെംഗളൂരുവിലെ വിൽസൺ ഗാർഡനിൽ ഞായറാഴ്ച രാത്രിയാണ് ക്രൂരമായ സംഭവം. വാഹന മെക്കാനിക്കായ റഷീദ് പാഷയാണ് കൊല്ലപ്പെട്ടത്. സ്വന്തം മക്കളുടെ മുന്നിലിട്ട് ക്രിക്കറ്റ് ബാറ്റും മുളവടികളും ഉപയോഗിച്ചായിരുന്നു സംഘം ഇയാളെ അക്രമിച്ചത്. റഷീദ് പാഷ വിൽസൺ ഗാർഡനിൽ പുതിയ ഗാരേജ് നിർമിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. നിർമാണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട മൂന്നംഗ സംഘം 50,000 രൂപ 'സംരക്ഷണപ്പണം' നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ റഷീദ് നൽകാൻ തയാറായില്ല. നിരന്തരം പണം ആവശ്യപ്പെട്ട് എത്തിയ സംഘത്തോട് റഷീദ് വിസമ്മതം പ്രകടിപ്പിച്ചതോടെ അക്രമിസംഘം മാരകായുധങ്ങളുമായി ചാടിവീഴുകയായിരുന്നു. അച്ഛനെ മർദ്ദിക്കുന്നത് കണ്ട് മക്കൾ നിലവിളിച്ചെങ്കിലും അക്രമികൾ പിന്മാറിയില്ല. ഗുരുതരമായി പരിക്കേറ്റ റഷീദിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിൽസൺ ഗാർഡൻ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘സംരക്ഷണപ്പണം’ നൽകാൻ വിസമ്മതിച്ചു; മക്കളുടെ മുന്നിലിട്ട് 45… | Boolokam