‘സ്ഥിരതയാണ് വിജയമന്ത്രം’, ഫിറ്റ്‌നസ് ഫ്രീക്കായി അനിൽ കപൂർ; വൈറലായി ജിം വിഡിയോ

‘സ്ഥിരതയാണ് വിജയമന്ത്രം’, ഫിറ്റ്‌നസ് ഫ്രീക്കായി അനിൽ കപൂർ; വൈറലായി ജിം വിഡിയോ

M
MadhyamamSource Link
പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ആരോഗ്യവും നിലനിർത്തുന്നതിൽ ബോളിവുഡ് താരം അനിൽ കപൂർ എന്നും വിസ്മയമാണ്. ഇപ്പോഴിതാ തന്റെ ഫിറ്റ്‌നസ് രഹസ്യം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ വർക്കൗട്ട് വിഡിയോയിലൂടെ സ്ഥിരത എന്ന മന്ത്രമാണ് അദ്ദേഹം ഉയർത്തിക്കാട്ടുന്നത്. ‘ജീവിതത്തിലെ ഏറ്റവും ശക്തമായ ശക്തികളിൽ ഒന്നാണ് സ്ഥിരത. ഒരു കാര്യം തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു ചെയ്യാനുള്ള കഴിവ്. അങ്ങനെയാണ് വലിയ ചലനങ്ങൾ ഉണ്ടാകുന്നത്. വലിയ ഫലങ്ങൾ ലഭിക്കുന്നതും ശരീരം കെട്ടിപ്പടുക്കുന്നതും ബിസിനസ്സ് വളർത്തുന്നതുമെല്ലാം ഈ രീതിയിലാണ്. ഓരോ ദിവസവും നേടുന്ന ചെറിയ വിജയങ്ങളാണ് യഥാർത്ഥ സ്ഥിരത’ എന്നാണ് ജിമ്മിൽ കഠിനമായ വ്യായാമമുറകളിൽ ഏർപ്പെടുന്ന വിഡിയോക്കൊപ്പം അനിൽ കപൂർ കുറിച്ചത്. 69-ാം വയസ്സിലും അനിൽ കപൂർ പുലർത്തുന്ന ചുറുചുറുക്കിന് പിന്നിൽ കൃത്യമായ ചില ശീലങ്ങളുണ്ട്. ദിവസവും പുലർച്ചെ 6 മണിക്ക് അദ്ദേഹം തന്റെ വ്യായാമം ആരംഭിക്കും. വെറും ജിം വർക്കൗട്ടുകൾ മാത്രമല്ല, സൈക്ലിങ്, ജോഗിങ്, യോഗ എന്നിവയും അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമാണ്. ആഴ്ചയിൽ ആറ് ദിവസവും അദ്ദേഹം വ്യായാമത്തിനായി മാറ്റിവെക്കുന്നു. വറുത്ത ഭക്ഷണങ്ങളും പഞ്ചസാരയും പൂർണ്ണമായും ഒഴിവാക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. സസ്യാഹാരത്തിന് മുൻഗണന നൽകുന്ന അദ്ദേഹം ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കാറുണ്ട്. ശാരീരികക്ഷമത പോലെ തന്നെ പ്രധാനമാണ് പോസിറ്റീവായ ചിന്താഗതിയെന്നും അദ്ദേഹം പലപ്പോഴും പറയാറുണ്ട്. പെട്ടെന്നുണ്ടാകുന്ന ഫലങ്ങൾക്ക് പിന്നാലെ പായുന്ന ഇന്നത്തെ കാലത്ത്, ലളിതവും സത്യസന്ധവുമായ ഒരു തത്വമാണ് അനിൽ കപൂർ മുന്നോട്ട് വെക്കുന്നത്. കഠിനാധ്വാനത്തിലൂടെയുള്ള മാറ്റങ്ങൾ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ലെന്നും അത് ദിവസേനയുള്ള പരിശ്രമത്തിന്റെ ഫലമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഫിറ്റ്‌നസ് പ്രേമികൾക്ക് മാത്രമല്ല, ജീവിതത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനമേകുന്നതാണ് ഈ സന്ദേശം. അടുത്തിടെ പുറത്തിറങ്ങിയ സുബേദാർ എന്ന ചിത്രത്തിൽ വിരമിച്ച പട്ടാളക്കാരനായി അനിൽ കപൂർ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഹൻസൽ മേത്ത സംവിധാനം ചെയ്യുന്ന ഫാമിലി ബിസിനസ് എന്ന വെബ് സീരീസാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. വിജയ് വർമയും ഈ പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘സ്ഥിരതയാണ് വിജയമന്ത്രം’, ഫിറ്റ്‌നസ് ഫ്രീക്കായി അനിൽ കപൂർ;… | Boolokam