‘ഹുർമൂസിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല’; ലോക്‌സഭയിൽ പ്രധാനമന്ത്രി

‘ഹുർമൂസിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല’; ലോക്‌സഭയിൽ പ്രധാനമന്ത്രി

M
MadhyamamSource Link
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വ്യാപാര കേന്ദ്രമായ ഹുർമൂസ് കടലിടുക്കിലുണ്ടായ അനിശ്ചിതത്വത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ജലപാതകൾ തടസ്സപ്പെടുത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഇത് ആഗോള സമാധാനത്തെയും വ്യാപാരത്തെയും ദോഷകരമായി ബാധിക്കുമെന്നും പ്രധാനമന്ത്രി ലോക്‌സഭയിൽ പറഞ്ഞു. 'വാണിജ്യ കപ്പലുകൾക്കു നേരെയുള്ള ആക്രമണവും ഹുർമൂസിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്നതും ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കും. സമാധാനം പുനസ്ഥാപിക്കാൻ നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യ ഇടപെടൽ തുടരുകയാണ്" - നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യക്കാവശ്യമായ അസംസ്‌കൃത എണ്ണ, ഗ്യാസ്, വളം എന്നിവയുടെ പ്രധാന വിതരണ പാതയാണ് ഹുർമൂസ്. യുദ്ധം കപ്പൽ ഗതാഗതത്തിന് വെല്ലുവിളിയാണെങ്കിലും നയതന്ത്ര നീക്കങ്ങളിലൂടെ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചുവെന്നും കുടുങ്ങിക്കിടന്ന കപ്പലുകളെ സുരക്ഷിതമായി തിരിച്ചെത്തിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. അതോടൊപ്പം സംഘർഷ മേഖലയിലുള്ള ഒരു കോടിയോളം ഇന്ത്യക്കാരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രി വ്യക്തമാക്കി. ഇവരുടെ സുരക്ഷക്കായി പശ്ചിമേഷ്യയിലെ വിവിധ രാഷ്ട്രത്തലവൻമാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇതിനകം മൂന്ന് ലക്ഷത്തോളം പേർ മടങ്ങിയെത്തിയിട്ടുണ്ട്. ഊർജ്ജ പ്രതിസന്ധി നേരിടാൻ എൽ.പി.ജി വിതരണം ഗാർഹിക ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം 41 രാജ്യങ്ങളിൽനിന്ന് ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ആവശ്യത്തിന് പെട്രോളിയം കരുതൽ ശേഖരം ഉണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മോദി അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഹുർമൂസിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാ… | Boolokam