ഗസോൾ: സംസ്ഥാനത്ത് 15 ദിവസം താമസിച്ച് പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 15 അല്ല, 365 ദിവസം താമസിച്ചിട്ടും പ്രയോജനമില്ലെന്നും കാരണം ബംഗാൾ ജനതക്ക് താങ്കളെ ഇഷ്ടമല്ലെന്നും അവർ തുറന്നടിച്ചു. ഗസോളിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത. കഴിഞ്ഞ ദിവസം ഭബാനിപൂരിൽ, ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പത്രികാ സമർപ്പണ വേളയിലാണ്, 15 ദിവസം ബംഗാളിൽ തങ്ങി പ്രചാരണം നടത്തുമെന്ന് ഷാ പ്രഖ്യാപിച്ചത്. ‘‘സർക്കാർ ഏജൻസികളും പണശക്തിയും ഉപയോഗിച്ച് എല്ലാം കൈകാര്യം ചെയ്യാൻ കഴിയുന്ന ഡൽഹിയല്ല ബംഗാൾ. 15 ദിവസം ഇവിടെ തങ്ങുമെന്ന് താങ്കൾ പറയുന്നു. 365 ദിവസം താമസിച്ചാലും ഒന്നും സംഭവിക്കില്ല. ഇവിടത്തെ ആളുകൾക്ക് നിങ്ങളെ ഇഷ്ടമല്ല’’ - മമത പറഞ്ഞു. പേര് പരാമർശിക്കാതെ, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെയും അവർ വിമർശനമെയ്തു. മാൾഡയിൽ കഴിഞ്ഞ ദിവസമുണ്ടായ അസ്വാരസ്യങ്ങൾക്ക് കാരണം എം.ഐ.എം ആണെന്ന് മമത കുറ്റപ്പെടുത്തി. എസ്.ഐ.ആർ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഏഴ് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഓഫിസിനുള്ളിൽ മണിക്കൂറുകളോളം ചിലർ തടഞ്ഞുവെച്ചിരുന്നു. ഈ പ്രതിഷേധത്തിനു പിന്നിൽ ബി.ജെ.പിയുടെ ‘ഹൈദരാബാദ് കുക്കൂ’ ആണെന്നായിരുന്നു ഉവൈസിയെ ഉന്നമിട്ട് മമതയുടെ ആരോപണം. സംഭവത്തിൽ തദ്ദേശവാസികൾക്ക് ഉത്തരവാദിത്തമില്ല. ഹൈദരാബാദിൽനിന്ന് വന്നവരാണ് ഇതിനു പിന്നിൽ. തങ്ങൾ അവരെ കൈയോടെ പിടികൂടിയെന്നും മമത പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായുള്ള പാർട്ടി ബംഗാളിലെ ന്യൂനപക്ഷ വോട്ടുകൾ വെട്ടിക്കുറക്കാനും ബി.ജെ.പി വിരുദ്ധ വോട്ടർമാരെ ഭിന്നിപ്പിക്കാനും ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.

‘365 ദിവസം തമ്പടിച്ചിട്ടും കാര്യമില്ല; ബംഗാളികൾക്ക് താങ്കളെ ഇഷ്ടമല്ല’; അമിത് ഷായെ പരിഹസിച്ച് മമത
M
MadhyamamSource Link
about 1 month ago