'ഇൻസ്റ്റന്‍റ് ഫണ്ട്സ്' ലോൺ ആപ്പിൽ അമ്പരപ്പിക്കും സംവിധാനങ്ങൾ: ജോലി ചെയ്യുന്നത് 40 ഓളം ജീവനക്കാർ

'ഇൻസ്റ്റന്‍റ് ഫണ്ട്സ്' ലോൺ ആപ്പിൽ അമ്പരപ്പിക്കും സംവിധാനങ്ങൾ: ജോലി ചെയ്യുന്നത് 40 ഓളം ജീവനക്കാർ

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളജ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കിയ ഇൻസ്റ്റന്‍റ് ഫണ്ട്സ് എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രതികളെ നോയിഡയിൽനിന്ന് അതിസാഹസികമായി കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയപ്പോൾ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന സംവിധാനങ്ങൾ. ഒരു ഐ.ടി പാർക്കിന് സമാനമായ സജീകരണങ്ങളാണ് ഇൻസ്റ്റന്‍റ് ഫണ്ട്സ് എന്ന ലോൺ ആപ്പ് നടത്തിപ്പുകാർ ഇവിടെ ഒരുക്കിയിരിക്കുന്നത്. എല്ലാ ജീവനക്കാർക്കും ഉപയോഗിക്കുന്നതിനുള്ള കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും. വിവരങ്ങൾ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും മറ്റ് ഉപകരണങ്ങൾ. ഒരേ സമയം നിരവധി ജീവനക്കാരെ ഉൾക്കൊള്ളാനാവുന്ന സജീകരണങ്ങൾ എന്നിങ്ങനെ മൾട്ടി കോർപറേറ്റ് കമ്പനികൾ തോറ്റു പോകുന്ന സജീകരണങ്ങളുമായാണ് ഇവരുടെ പ്രവർത്തനം. സ്ഥാപനത്തിൽ 40 ഓളം ജീവനക്കാർ ജോലി ചെയ്തിരുന്നു. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനുള്ള സംവിധാനമോരുക്കുന്നതും ഇവിടെനിന്നാണ്. ഇനി അറിയാനുള്ളത്, ഇവിടെനിന്നാണോ ഭീഷണി വന്നത് എന്നുമാത്രമാണ്. ഒരാളുടെ പൂർണ വിവരങ്ങൾ നൽകിയ ശേഷമാണ് ലോൺ നൽകുക. ഫോണിലെ വിവരങ്ങളും അവർക്ക് ലഭിക്കും. തിരിച്ചടവ് മുടങ്ങിയാൽ പിന്നെ ഭീഷണിയും മറ്റുമാണ്. അത് ലോൺ എടുത്ത് ആൾക്ക് മാത്രമല്ല, ഫോണിലുള്ള എല്ലാ നമ്പറുകളിലേക്കും വിളിയെത്തും. വിളിക്കുന്ന നമ്പറുകളിൽ തിരിച്ചുവിളിച്ചാൽ കിട്ടില്ല. കണ്ണൂരിൽ നിന്നുള്ള സൈബർ പൊലീസിന്റെ അന്വേഷണത്തിൽ പ്രതികൾ ആളുകളെ വിളിക്കാൻ ഫോണിന് പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയായിരുന്നു ഇവ. പ്രതികളെയും ഇവർ ഉപയോഗിച്ച സിം ബോക്സുകളും സിം കാർഡുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്. അധ്യാപിക നൽകിയ പരാതിയിലാണ് കണ്ണൂർ സിറ്റി സൈബർ പൊലീസിന്റെ നടപടി. വിദ്യാർഥി ലോൺ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാത്തതിനെത്തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയ ടീച്ചറുടെ നമ്പറിലേക്ക് നിരന്തരം കോളുകളും സന്ദേശങ്ങളും വരുകയായിരുന്നു. പണമടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽത്തന്നെ നിരവധി തവണ കോളുകൾ ചെയ്തിരുന്നതായി അധ്യാപകർ പറഞ്ഞു. ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽനിന്ന് കോളുകൾ വന്നുകൊണ്ടിരുന്നു. പ്രതികൾ കോൺടാക്ട് ചെയ്ത നമ്പറുകൾ എല്ലാം സ്വിച്ച് ഓഫായെങ്കിലും സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നോയിഡയിലുണ്ടെന്ന് പൊലീസ് മനസിലാക്കി. തുടർന്ന് നോയിഡ പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജ് ഐ.പി.എസിന്‍റെ നിർദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.ഐ എസ്.വി. മിഥുനിന്‍റെ നേതൃത്വത്തിൽ സി.പി.ഒമാരായ കെ. സുനിൽ, പി.കെ. ദിജിൻ രാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ഇൻസ്റ്റന്‍റ് ഫണ്ട്സ്' ലോൺ ആപ്പിൽ അമ്പരപ്പിക്കും സംവിധാനങ്ങ… | Boolokam