തെലുങ്ക് നടൻ രാഹുൽ രാമകൃഷ്ണയുടെ സഹോദരൻ പാരാക്വാട്ട് വിഷബാധയെത്തുടർന്ന് മരിച്ചു. സഹോദരന്‍റെ മരണ വിവരം നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. പാരാക്വാട്ട് പോലുള്ള വളരെ വിഷാംശം നിറഞ്ഞ കളനാശിനി എളുപ്പത്തിൽ ലഭ്യമാകുമെന്നതിലെ ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും തന്‍റെ പോസ്റ്റിൽ രാമകൃഷ്ണ ടാഗ് ചെയ്തു. 'ഇന്ന് എന്റെ സഹോദരനെ പാരാക്വാട്ട് വിഷബാധയെ തുടർന്ന് എനിക്ക് നഷ്ടപ്പെട്ടു. ഇത് ഭയാനകമാംവിധം മാരകവും ആത്മഹത്യക്കായി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതുമാണ്. എല്ലായിടത്തും ഇത് എത്ര എളുപ്പത്തിൽ ലഭ്യമാണ് എന്നതിൽ ഞാൻ ഞെട്ടിപ്പോയി. കേസുകളുടെ എണ്ണത്തിൽ ഡോക്ടർമാർ വലഞ്ഞിരിക്കുന്നു. ദയവായി ഇത് എത്രയും വേഗം നിരോധിക്കുക. ജീവൻ രക്ഷിക്കുക' -അദ്ദേഹം എക്സിൽ കുറിച്ചു. Honourable Sirs @TelanganaCMO @PMOIndia , Lost my brother today to Paraquat poisoning. It’s terrifyingly lethal and widely misused for self-destruction. Shocked by how easily it is available everywhere. Doctors are overwhelmed by the amount of cases.Please ban it ASAP-save lives🙏🏽 — Rahul Ramakrishna (@eyrahul) March 26, 2026 പാരാക്വാറ്റ് എന്നത് കാർഷിക മേഖലയിൽ കളകളെ നശിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ശക്തമായ കളനാശിനിയാണ്. ഇത് മനുഷ്യർക്ക് വളരെ അപകടകരമാണ്. ചെറിയ അളവിൽ ഉള്ളിൽ ചെന്നാൽ പോലും ശരീരത്തിന് ഗുരുതരമായ നാശമുണ്ടാക്കുകയും വായ, ദഹനവ്യവസ്ഥ, ശ്വാസകോശം എന്നിവയെ ബാധിക്കുകയും ശ്വസന ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. പാരാക്വാറ്റിന്റെ അപകടകരമായ സ്വഭാവം കാരണം, നിരവധി രാജ്യങ്ങൾ അതിന്മേൽ കർശനമായ നിയന്ത്രണങ്ങളോ നിരോധനങ്ങളോ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, തെലുങ്ക് സിനിമ വ്യവസായത്തിലെ പ്രമുഖ നടനാണ് രാഹുൽ രാമകൃഷ്ണ. തരുൺ ഭാസ്‌കർ ധാസ്യം സംവിധാനം ചെയ്ത സൈൻമ എന്ന ഹ്രസ്വചിത്രത്തിലൂടെ അദ്ദേഹം തന്‍റെ കരിയർ ആരംഭിക്കുന്നത്. ജയമ്മു നിശ്ചയമ്മു രാ (2016) എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. വിജയ് ദേവരകൊണ്ട നായകനായ അർജുൻ റെഡ്ഡിയാണ് അദ്ദേഹത്തിന്‍റെ കരിയറിലെ വഴിത്തിരിവായി മാറിയത്. ഭരത് അനേ നേനു, ഗീത ഗോവിന്ദം, അല വൈകുണ്ഠപുരമുലൂ, ആർ.ആർ.ആർ, ജാതി രത്നലു തുടങ്ങി നിരവധി വിജയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

'എനിക്ക് എന്‍റെ സഹോദരനെ നഷ്ടമായി'; വിഷ കളനാശിനി നിരോധിക്കണമെന്ന് മോദിയോട് അഭ്യർഥനയുമായി നടൻ
M
MadhyamamSource Link
about 1 month ago