'എന്തിനാണ് മനുഷ്യജീവൻ പണയം വെക്കുന്ന  ഇത്തരം പൂരങ്ങൾ?'; വെടിക്കെട്ട് ദുരന്തത്തിൽ ആഞ്ഞടിച്ച് ആർ. ശ്രീലേഖ

'എന്തിനാണ് മനുഷ്യജീവൻ പണയം വെക്കുന്ന ഇത്തരം പൂരങ്ങൾ?'; വെടിക്കെട്ട് ദുരന്തത്തിൽ ആഞ്ഞടിച്ച് ആർ. ശ്രീലേഖ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ 15 പേർ മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആർ. ശ്രീലേഖ. മനുഷ്യജീവനും മൃഗങ്ങൾക്കും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന ആചാരങ്ങളെക്കുറിച്ച് ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെയെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. വെടിക്കെട്ട് അപകടത്തെ 'ഹാ കഷ്ടം' എന്ന് വിശേഷിപ്പിച്ച ശ്രീലേഖ, സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തതിനെയും ഉദ്യോഗസ്ഥരുടെ വീഴ്ചയെയും രൂക്ഷമായി വിമർശിച്ചു. പോലീസും ഫയർഫോഴ്സും അറിഞ്ഞാണോ ഇത്തരം നിർമ്മാണശാലകൾ പ്രവർത്തിക്കുന്നതെന്നും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നോ എന്നും അവർ ചോദിക്കുന്നു. നാട്ടിൽ എത്ര പടക്ക നിർമ്മാണ ശാലകൾ ഉണ്ടെന്നോ അവയിൽ എത്രയെണ്ണം സുരക്ഷിതമാണെന്നോ നോക്കാൻ ഉദ്യോഗസ്ഥർക്ക് സമയമില്ല. എല്ലാവരും രാഷ്ട്രീയക്കളിയിൽ മുഴുകിയിരിക്കുകയാണ്. അത്യാവശ്യ കാര്യത്തിന് വിളിച്ചാൽ ഫോൺ എടുക്കുന്ന ഒരു ജില്ലാ പോലീസ് മേധാവി പോലും ഇപ്പോഴില്ലെന്നും ശ്രീലേഖ കുറിച്ചു. എന്തിനാണ് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങളെന്നും മനുഷ്യജീവന് വില കൽപ്പിക്കാത്ത ഇത്തരം ഉത്സവങ്ങൾ എന്തിനാണെന്നും അവർ ചോദിക്കുന്നു. കാട്ടിൽ കഴിയേണ്ട ആനകളെ നിരത്തി നിർത്തി പീഡിപ്പിക്കുന്നത് ശരിയല്ല. ക്ഷേത്രങ്ങളിൽ ആചാരപ്രകാരമുള്ള പൂജകൾക്കും ഭക്തരുടെ ദർശനത്തിനുമല്ലേ പ്രാധാന്യം നൽകേണ്ടത്? ഉത്സവങ്ങളുടെ ഭാഗമായി മനുഷ്യനും മൃഗങ്ങൾക്കും ദോഷമുണ്ടാക്കുന്ന വെടിക്കെട്ട് പോലുള്ള കാര്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാവണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം തൃശൂർ ഒരു വെടിപ്പുരക്ക് തീ പിടിച്ച് 15 പേർ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ! പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു ഇവിടെ. പോലീസും ഫയർ & റെസ്ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നു എന്ന്? വേണ്ട സുരക്ഷാ നടപടികൾ ചെയ്തിരുന്നോ? ഇനിയും ഇതുപോലെ എത്ര പടക്ക നിർമ്മാണ ശാലകൾ തൃശ്ശൂരിൽ ഉണ്ട്‌ എന്നറിയാമോ? അവയിൽ എത്രയെണ്ണം വേണ്ട സുരക്ഷിതത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമോ? ഇതൊക്കെ നോക്കാൻ ആർക്കാണ് സമയം? എല്ലാ ഉദ്യോഗസ്ഥരും ഇപ്പോൾ രാഷ്ട്രീയം കളിച്ച് നടക്കുകയല്ലേ?? ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് ആരെങ്കിലും ഒന്ന് ഫോൺ ചെയ്താൽ അതെടുക്കുന്ന ഏതെങ്കിലും ജില്ലാ പോലീസ് മേധാവികൾ ഉണ്ടോ? എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ? ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെ? നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ?

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'എന്തിനാണ് മനുഷ്യജീവൻ പണയം വെക്കുന്ന ഇത്തരം പൂരങ്ങൾ?'; വെട… | Boolokam