പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പ്രഹരത്തിന് പിന്നാലെ, ജനവിധി അംഗീകരിച്ച് പാലക്കാട്ടെ മുൻ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. പി. സരിൻ. "ദി മെസ്സേജ് ഈസ് ലൗഡ് ആൻഡ് ക്ലിയർ !" എന്ന് കുറിച്ചുകൊണ്ടാണ് സരിൻ ഇടതുമുന്നണിയുടെ പരാജയവും തകർച്ചയും ഫേസ്ബുക്കിലൂടെ ഏറ്റുപറഞ്ഞത്. തോൽവി ഒന്നിന്റെയും അവസാനമല്ല. തോൽവിക്ക് കാരണങ്ങൾ പലതുണ്ടാകാം. അത് ഓരോന്നോരോന്നായി കണ്ടെത്തുകയും തിരുത്തുകയും വേണം. പുതുശക്തിയായി നിലകൊണ്ട്, പൂർവാധികം അരുണിമയോടെ വരുംകാല പുലരികൾ നമ്മൾ ചുവപ്പിക്കുക തന്നെ ചെയ്യും,"- സരിൻ കുറിച്ചു. ജനങ്ങളെ മാനിക്കണമെന്നും അവരിലേക്ക് തിരികെ പോകാനുള്ള കാരണങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നത് ചെങ്കൊടിയേന്തുന്ന ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ അറിയിച്ച സരിൻ, കേരളത്തെ നയിക്കാൻ നിയോഗം ലഭിച്ച യുഡിഎഫിന് ആശംസകൾ നേരാനും മറന്നില്ല. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം ദി മെസ്സേജ് ഈസ് ലൗഡ് ആൻഡ് ക്ലിയർ ! ജനവിധി അംഗീകരിച്ചേ മതിയാകൂ; അത് അന്തിമമാണ്. പക്ഷെ ഒന്നിന്റെയും അവസാനമല്ല... തോൽവിക്ക് കാരണങ്ങൾ പലതുണ്ടാകാം. അത് ഓരോന്നോരോന്നായി കണ്ടെത്തുകയും തിരുത്തുകയും വേണം. പുതുശക്തിയായി നിലകൊണ്ട്, പൂർവാധികം അരുണിമയോടെ വരുംകാല പുലരികൾ നമ്മൾ ചുവപ്പിക്കുക തന്നെ ചെയ്യും! അന്ന് ഇതേ ജനങ്ങൾ തന്നെ നമ്മെ കൈപിടിച്ചുയർത്തും! അവരെ മാനിക്കുക. വിശ്വസിക്കുക. വീണ്ടും നമ്മളിലേക്ക് തിരികെ വരാനുള്ള കാരണങ്ങൾ അവർക്കായി ഉണ്ടാക്കിയെടുക്കുക എന്നത് ചെങ്കൊടിയേന്തുന്ന നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നിയോഗമാണ്. ഇനിയുള്ള ദിനങ്ങൾ അതിനുള്ളതാണ്! മുഴുവൻ വിജയികൾക്കും അഭിനന്ദനങ്ങൾ. കേരളത്തെ അടുത്ത അഞ്ചുവർഷം നയിക്കാൻ നിയോഗം ലഭിച്ച യുഡിഎഫിന് ആശംസകൾ.

'തിരിച്ചുവരും, പൂർവാധികം അരുണിമയോടെ'; തോൽവി സമ്മതിച്ച് സരിൻ; യുഡിഎഫിന് ആശംസകൾ
M
MadhyamamSource Link
about 2 hours ago
