'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്': സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതിഷേധവുമായി പ്രതിപക്ഷം

'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്': സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതിഷേധവുമായി പ്രതിപക്ഷം

M
MadhyamamSource Link
ന്യൂഡൽഹി: ഗസ്സയിൽ ഇസ്രായേൽ സൈന്യം വധിച്ച അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ ജീവിതകഥ പറയുന്ന 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സെൻസർ ബോർഡിന്റെ (CBFC) നടപടിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ഓസ്കാർ നാമനിർദ്ദേശം ലഭിച്ച ഈ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ ചോദ്യം ചെയ്ത് 'ഇൻഡ്യ' സഖ്യത്തിലെ എട്ട് എം.പിമാർ കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്താൽ അത് ഇന്ത്യ-ഇസ്രായേൽ നയതന്ത്ര ബന്ധത്തെ തകർക്കുമെന്ന് സെൻസർ ബോർഡ് അംഗം പറഞ്ഞതായി ചിത്രത്തിന്റെ ഇന്ത്യൻ വിതരണക്കാരനായ മനോജ് നന്ദാവന വെളിപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. കോൺഗ്രസ് നേതാവ് ജയറാം രമേശ്, സി.പി.എം എം.പി ജോൺ ബ്രിട്ടാസ്, സമാജ്‌വാദി പാർട്ടിയുടെ രാം ഗോപാൽ യാദവ്, ജാവേദ് അലി ഖാൻ, ആർ.ജെ.ഡിയിലെ മനോജ് കുമാർ ത്സാ, ഡി.എം.കെയിലെ രാജാത്തി സൽമ, ജെ.എം.എം നേതാവ് സർഫറാസ് അഹമ്മദ്, മുസ്ലിം ലീഗ് എം.പി ഹാരിസ് ബീരാൻ എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അത് നയതന്ത്ര ബന്ധങ്ങളുടെ പേരിൽ തടയാനാവില്ലെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. സിനിമയുടെ പ്രദർശനാനുമതി ഉടൻ നൽകണമെന്നും ഭരണഘടനാപരമായ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും എം.പിമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. അസ്വസ്ഥതയുണ്ടാക്കുന്ന വിഷയങ്ങളെ അഭിമുഖീകരിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തില്ലെന്നും മറിച്ച് കരുത്തുറ്റതാക്കുമെന്നും കത്തിൽ പറയുന്നു. 2024 ജനുവരിയിൽ ഗസ്സയിൽ നിന്ന് കുടുംബത്തോടൊപ്പം പലായനം ചെയ്യുന്നതിനിടെയാണ് ഹിന്ദ് റജബ് സഞ്ചരിച്ചിരുന്ന കാറിന് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തത്. കുടുംബാംഗങ്ങളും അവരെ രക്ഷിക്കാൻ വന്ന പാരാമെഡിക്കൽ ജീവനക്കാരും കൊല്ലപ്പെട്ടു. താൻ ഒറ്റക്കാണെന്നും ഭയമാകുന്നുവെന്നും പറഞ്ഞ് റെഡ് ക്രസന്റിന് ഹിന്ദ് നടത്തിയ ഫോൺ കോളുകളെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്': സെൻസർ ബോർഡ് പ്രദർശനാനുമതി നിഷ… | Boolokam