കണ്ണൂർ: കണ്ണൂരിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ പോസ്റ്ററുമായി കെ. സുധാകരൻ അനുകൂലികൾ. സണ്ണി ജോസഫിന്‍റെ ഫ്ലക്സിന്‍റെ മുകളിലാണ് പോസ്റ്റർ പതിച്ചത്. 'നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ, തിരിച്ചടി നേരിടും. ശ്രീ കെ. സുധാകരന് അഭിവാദ്യങ്ങൾ' എന്നാണ് പോസ്റ്ററിൽ ഉള്ളത്. കണ്ണൂരിൽ മത്സരിക്കുമെന്ന് കെ.സുധാകരൻ പ്രഖ്യാപിച്ചതോടെ ആരും സ്വയം സ്ഥാനാർഥിയാകേണ്ട എന്ന താക്കീതുമായി സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. 'സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഘടകക്ഷികൾക്ക് സീറ്റുകൾ നൽകുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോൺഗ്രസ് നേതാവിനും പാർട്ടി ഘടകത്തിനും ചേർന്നതല്ല. അത്തരം പ്രസ്താവനകൾ അച്ചടക്കലംഘനമായി കോൺഗ്രസ് കരുതും. നേതാക്കൾക്കോ വിവിധ പാർട്ടി ഘടങ്ങൾക്കോ അഭിപ്രായം രേഖപ്പെടുത്താനുണ്ടെങ്കിൽ അതിന് നേതൃത്വത്തെ സമീപിക്കാം' എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. എന്നാൽ മത്സരിക്കുമെന്ന് സുധാകരൻ വാശി പിടിച്ചതോടെ ഡൽഹിയിലെ ഫ്ലാറ്റിലെത്തി സണ്ണി ജോസഫ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എം.പിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്‍റേതാകുമെന്ന് നിർണായക കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ് ഇരുവരെയും ധരിപ്പിച്ചു. എം.പിമാർ മത്സരിക്കേണ്ട എന്നാണ് കോൺഗ്രസ് നേതൃത്യത്തിന്‍റെ തീരുമാനമെങ്കിലും സുധാകരന് ഇളവുണ്ടാകും എന്നാണ് സൂചന. കണ്ണൂരിൽ മത്സരിക്കാനുള്ള താൽപ്പര്യം സുധാകരൻ നേരത്തെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നതിന് മുമ്പാണ് സുധാകരൻ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചത്. എം.പിമാരിൽ സുധാകരന് മാത്രം ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദവുമായി വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

'നന്ദിയില്ലെങ്കിലും നന്ദികേടാവരുത്' സണ്ണി ജോസഫിനെതിരെ കെ. സുധാകരൻ അനുകൂലികൾ
M
MadhyamamSource Link
about 2 months ago