ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് ടൈഗർ ഷ്റോഫ് . ആക്ഷൻ രംഗങ്ങളിലുള്ള വൈദഗ്ദ്യം കൊണ്ട് വളരെ പെട്ടന്നുതന്നെ ആരാധക മനസ്സിൽ ഇടം പിടിക്കാൻ ടൈഗറിന് സാധിച്ചിട്ടുണ്ട്. ആദ്യകാലത്ത് ജൂനിയർ ഹൃത്വിക് റോഷൻ എന്നുപോലും പലരും ടൈഗറിനെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ ശക്തമായ ആ ശരീരത്തിനുള്ളിൽ അത്ര കട്ടിയില്ലാത്ത ഒരു മനസ്സായിരുന്നുവെന്ന് പറയുകയാണ് താരം. അടുത്തിടെ ലില്ലി സിങ്ങിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. 'ഞാൻ അത്ര ആത്മവിശ്വാസമുള്ള വ്യക്തിയല്ല. മാറ്റം സ്ഥിരമാണെന്ന് എനിക്കറിയാം, പക്ഷേ മാറ്റത്തെ ഞാൻ ഭയപ്പെടുന്നു' ടൈഗർ പറഞ്ഞു. ആത്മവിശ്വാസക്കുറവ് പലപ്പോഴും ഒരു ബലഹീനതയായി കാണപ്പെടുമെങ്കിലും അത് തനിക്ക് ഒരു പ്രചോദനമായി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. പരാജയഭയം , മത്സരാധിഷ്ഠിതമായ ഒരു മേഖലയിൽ സ്വയം നമ്മെ മെച്ചപ്പെടാനും മുന്നിൽ നിൽക്കാനും പ്രേരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'എനിക്ക് പ്രിയപ്പെട്ട കാര്യങ്ങളെ ചേർത്തു പിടിക്കാൻ ഇഷ്ടമാണ്. എന്റേതായതിനെ മുറുകെ പിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ച് എനിക്ക് നിരന്തരം അരക്ഷിതാവസ്ഥ തോന്നാറുണ്ട്. എന്നാൽ ആ ഒരു തോന്നലാണ് പലപ്പോഴും എന്നെ മുന്നോട്ട് നയിക്കുന്നത്. പരാജയഭീതി പലപ്പോഴും എന്നെ മുന്നോട്ട് നയിക്കുന്നു' ടൈഗർ പറഞ്ഞു. നടൻ തന്‍റെ ആത്മവിശ്വാസക്കുറവിനെ കുറിച്ച് തുറന്നുപറയുന്നത് ഇതാദ്യമല്ല. 2019ൽ ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിൽ ടൈഗർ ഇതേ വിഷയത്തിൽ സംസാരിക്കുകയുണ്ടായി. അച്ഛന് തന്‍റെ അഭിനയം ഇഷ്ടപെടുമൊ, ആരാധകർ തന്റെ വർക്കിനെ അഭിനന്ദിക്കുമോ എന്നതിനെകുറിച്ചെല്ലാം ടെൻഷൻ ഉണ്ടായിരുന്നുവെന്ന് ടൈഗർ പറഞ്ഞു. ' ഹൃതിക് റോഷൻ സാറിനൊപ്പം ഒരു സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തിന് എന്‍റെ അഭിനയം ഇഷ്ടപെടണമെന്ന് ഞാൻ ആഗ്രഹിച്ചു. അദ്ദേഹം എന്റെ നായകനാണ്. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു' -ടൈഗർ കൂട്ടിച്ചേർത്തു.

'പരാജയപ്പെടുമോ എന്ന ഭയമായിരുന്നു എനിക്ക്; മാറ്റങ്ങളെ പേടിച്ചിരുന്ന, ആത്മവിശ്വാസമില്ലാതെ ഒരാളായിരുന്നു ഞാൻ' മനസ്സുതുറന്ന് ടൈഗർ ഷ്റോഫ്
M
MadhyamamSource Link
about 1 month ago