ന്യൂയോർക്ക്: ഇറാനിൽ ആണവായുധങ്ങൾ പ്രയോഗിക്കാനുള്ള നീക്കങ്ങൾക്ക് ഐക്യരാഷ്ട്രസഭ കളമൊരുക്കുന്നുവെന്ന ആരോപണവുമായി യു.എൻ പ്രതിനിധി പദവി രാജിവെച്ചു. യു.എന്നിലെ പാട്രിയോട്ടിക് വിഷൻ അസോസിയേഷന്റെ (പി.വി.എ) മുഖ്യപ്രതിനിധിയായ മുഹമ്മദ് സഫയാണ് പദവി ഒഴിഞ്ഞത്. എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിലും രാജിക്കത്തിലുമാണ് യു.എൻ നേതൃത്വത്തിലെ ചിലർ നിക്ഷിപ്ത താൽപര്യക്കാർക്കും ശക്തമായ ലോബികൾക്കും വേണ്ടി പ്രവർത്തിക്കുകയാണെന്ന് സഫ ആരോപിച്ചത്. തന്റെ എക്സിലൂടെയാണ് സഫ തന്റെ രാജി പ്രഖ്യാപിച്ചത്. തെഹ്‌റാൻ നഗരത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ: "യുദ്ധക്കൊതിയന്മാരായ ആളുകൾ ബോംബിടാൻ കൊതിക്കുന്ന തെഹ്‌റാൻ നഗരമാണിത്. ഇതൊരു വിജനമായ മരുഭൂമിയല്ല. ഒരു കോടിയോളം ആളുകൾ താമസിക്കുന്ന നഗരമാണ്. അവിടെ സാധാരണക്കാരായ മനുഷ്യരും കുഞ്ഞുങ്ങളും വളർത്തുമൃഗങ്ങളുമുണ്ട്. വാഷിങ്ടണിലോ, ലണ്ടനിലോ, പാരീസിലോ ആണവായുധം പ്രയോഗിക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ. യുദ്ധം ആഗ്രഹിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു? നിങ്ങൾ രോഗികളാണ്." I don't think people understand the gravity of the situation as the UN is preparing for possible nuclear weapon use in Iran.This is a picture of Tehran. For you uneducated, untraveled, never-served, warhawks licking your chops at the thought of bombing it. It's not some low… pic.twitter.com/BnzB4F3001 — Mohamad Safa (@mhdksafa) March 29, 2026 ആണവ മഞ്ഞുകാലം ഉണ്ടാകുന്നതിന് മുമ്പ് ലോകം ഉണരണമെന്നും ഈ രഹസ്യം പുറത്തുവിടാനാണ് താൻ നയതന്ത്ര കരിയർ ഉപേക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ ശക്തമായ ചില ലോബികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. മിഡിൽ ഈസ്റ്റിലെ സാഹചര്യം ലോകം കുറച്ചുകാണുകയാണ്. ഭയാനകമായ ദുരന്തം തടയാൻ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കണം. ആണവായുധ പ്രയോഗം ലോകത്തെ തന്നെ ഇല്ലാതാക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സഫ മുന്നറിയിപ്പ് നൽകി. 2023 മുതൽ തന്നെ താൻ രാജിയെക്കുറിച്ച് ചിന്തിച്ചിരുന്നതായി സഫ വെളിപ്പെടുത്തി. യു.എന്നിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ അമേരിക്കയെയും ഇസ്രായേലിനെയും അന്താരാഷ്ട്ര നിയമലംഘനങ്ങളിൽ നിന്നും യുദ്ധക്കുറ്റങ്ങളിൽ നിന്നും സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒക്ടോബർ 2023-ലെ ഹമാസ് ആക്രമണത്തിന് പിന്നാലെ താൻ വ്യത്യസ്തമായ നിലപാടുകൾ സ്വീകരിച്ചപ്പോൾ എനിക്കും കുടുംബത്തിനും നേരെ വധഭീഷണികൾ ഉണ്ടായി. യു.എൻ എന്നെ കൈവിട്ടു. യു.എൻ സംവിധാനമല്ല, മറിച്ച് ചില ഉന്നത ഉദ്യോഗസ്ഥർ തനിക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഈ ആരോപണങ്ങളോട് ഐക്യരാഷ്ട്രസഭ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ, ഇറാനിൽ സൈനിക നടപടികൾ വ്യാപിപ്പിക്കാൻ അമേരിക്ക തയാറെടുക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. ഗ്രൗണ്ട് റെയ്ഡുകൾ മുതൽ സൈനിക വിന്യാസം വരെ അമേരിക്കയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന. അതേസമയം, വൈറ്റ് ഹൗസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അറിയിക്കുന്നത്.

'യുദ്ധം ആഗ്രഹിക്കുന്നവർക്ക് മാനസികരോഗമാണ്': ഇറാന് മേൽ ആണവാക്രമണത്തിന് യു.എൻ ഒരുങ്ങുന്നുവെന്ന് ആരോപണം; നയതന്ത്രജ്ഞൻ രാജി വെച്ചു
M
MadhyamamSource Link
about 1 month ago