രാമായണത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ നടൻ പ്രകാശ് രാജി നെതിരെ പരാതി. അദ്ദേഹത്തിന്റെ പ്രസ്താവനകൾ ഹിന്ദു മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് പരാതി നൽകിയതോടെയാണ് വിവാദം ശക്തമായത്. ആന്ധ്രാപ്രദേശിലെ ബി.ജെ.പി നേതാവും ടി.ടി.ഡി (TTD) ബോർഡ് അംഗവുമായ ഭാനു പ്രകാശ് ആണ് നടനെതിരെ പരാതി നൽകിയത്. പ്രകാശ് രാജ് രാമായണത്തെ വളച്ചൊടിക്കുകയും ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന രീതിയിൽ അപകീർത്തികരവും ദുരുദ്ദേശ്യപരവുമായ പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു. പ്രകാശ് രാജിനെതിരെ മാത്രമല്ല, ഇത്തരം പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും കർശന നിയമനടപടി വേണമെന്ന് ഭാനു പ്രകാശ് ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികൾ സാമുദായിക സൗഹാർദ്ദം തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ജനുവരിയിൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) പ്രകാശ് രാജ് നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് കാരണമായത്. രാമൻ, ലക്ഷ്മണൻ, രാവണൻ, ശൂർപ്പണക തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ ഇന്നത്തെ കാലഘട്ടത്തിലെ ജി.എസ്.ടി (GST), ഡിജിറ്റൽ പേയ്‌മെന്റുകൾ തുടങ്ങിയവയുമായി ബന്ധിപ്പിച്ച് അവതരിപ്പിച്ച കുട്ടികളുടെ നാടകത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഈ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു. ഏപ്രിൽ 16ന് അഭിഭാഷകയായ അമിത സച്ച്‌ദേവയും പ്രകാശ് രാജിനെതിരെ പരാതി നൽകി. സനാതന ധർമ്മത്തെയും ഹിന്ദു ദേവതകളെയും മനഃപൂർവം അപമാനിക്കുന്നതാണ് പ്രകാശ് രാജിന്റെ വാക്കുകളെന്ന് അവർ ആരോപിച്ചു. നിലവിൽ അധികാരികൾ ഈ പരാതികൾ പരിശോധിച്ചു വരികയാണ്. എന്നാൽ പ്രകാശ് രാജ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

'രാമായണത്തെക്കുറിച്ചുള്ള ആ പരാമർശം ഹിന്ദു മതവികാരം വ്രണപ്പെടുത്തി'; പ്രകാശ് രാജിനെതിരെ പരാതിയുമായി ബി.ജെ.പി നേതാവ്
M
MadhyamamSource Link
18 days ago