മാഡ്രിഡ്: ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറും റയൽ മാഡ്രിഡും തമ്മിലുള്ള ബന്ധം ഉലയുന്നതായി റിപ്പോർട്ട്. ഈ സീസണിൽ കളിക്കളത്തിലെ പ്രകടനത്തിൽ സ്ഥിരത പുലർത്താൻ കഴിയാതെ പോയ വിനീഷ്യസിനെ റയൽ വിൽക്കണമെന്ന ആവശ്യവുമായി പ്രമുഖ സ്പാനിഷ് കായിക നിരീക്ഷകൻ ജുവാൻഫെ സാൻസ് രംഗത്തെത്തി. താരം ഇതുവരെ കരാർ പുതുക്കാൻ തയ്യാറാകാത്തതും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം അലാവസിനെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയ ശേഷം വിനീഷ്യസ് ബെർണബ്യൂവിലെ കാണികളോട് മാപ്പപേക്ഷിച്ചിരുന്നു. എന്നാൽ, താരത്തിന്റെ പെരുമാറ്റദൂഷ്യം ടീമിന് ഗുണകരമല്ലെന്നാണ് സാൻസിന്റെ പക്ഷം. ബാഴ്സലോണയ്ക്കെതിരായ മത്സരദിവസം ഡ്രസ്സിങ് റൂമിൽ വിനീഷ്യസ് വലിയ രീതിയിലുള്ള ഭിന്നതയുണ്ടാക്കിയെന്നും ടീമിൽ അനാവശ്യ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചുവെന്നും സാൻസ് ആരോപിച്ചു. "വിനീഷ്യസിനെ ഒഴിവാക്കുന്നതാണ് റയൽ മാഡ്രിഡിന് എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനം എന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം തന്റെ തെറ്റുകൾ സമ്മതിക്കുന്നതായാണ് കഴിഞ്ഞ ദിവസത്തെ പ്രവൃത്തിയിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ അദ്ദേഹത്തിന് ലഭിച്ച അവസരങ്ങളെല്ലാം ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ അദ്ദേഹത്തിന്റെ മോശം സ്വഭാവങ്ങളെ ക്ലബ്ബ് കണ്ടില്ലെന്ന് നടിച്ചു. എന്നാൽ ഇപ്പോൾ പ്രകടനം മോശമായതോടെ അദ്ദേഹത്തിന്റെ സ്വഭാവദൂഷ്യം ടീമിനെ ദോഷകരമായി ബാധിക്കുന്നു"- ജുവാൻഫെ സാൻസ് വ്യക്തമാക്കി.

'വിനീഷ്യസിനെ വിൽക്കുന്നതാണ് റയലിന് നല്ലത്; ഡ്രസ്സിങ് റൂമിൽ ഭിന്നതയുണ്ടാക്കുന്നു'
M
MadhyamamSource Link
18 days ago