ഗസ്സ സിറ്റി: വെടിനിർത്തൽ കരാറിൽ ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യം ഇസ്രായേൽ നടത്തുന്ന വംശഹത്യ തുടരാനുള്ള ഗൂഢനീക്കമാണെന്ന് ഹമാസ് വക്താവ് അബു ഉബൈദ. അമേരിക്കൻ മധ്യസ്ഥതയിൽ മുന്നോട്ടുവെച്ച കരാറിന്റെ ഒന്നാം ഘട്ടം ഇസ്രായേൽ പൂർണ്ണമായും നടപ്പിലാക്കാതെ ആയുധം താഴെവെക്കുന്നതിനെക്കുറിച്ച് സംസാരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് ഹമാസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാനായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിയിൽ ഹമാസിന്റെ നിരായുധീകരണത്തെ കുറിച്ച് പറയുന്നുണ്ട്. എന്നാൽ ആയുധങ്ങളെക്കുറിച്ചുള്ള ചർച്ചകൾ അപക്വമായ രീതിയിൽ ഉയർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഉബൈദ പറഞ്ഞു. അതോടൊപ്പം ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണ്ണമായും പിന്മാറാതെ ആയുധം കൈമാറുന്നതിനെക്കുറിച്ച് ചർച്ചയില്ലെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. "ശത്രുക്കൾ മധ്യസ്ഥർ വഴി മുന്നോട്ടുവെക്കുന്ന ഈ ആവശ്യങ്ങൾ അത്യന്തം അപകടകരമാണ്. ഇത് ഫലസ്തീൻ ജനതക്ക് നേരെയുള്ള വംശഹത്യ തുടരാനുള്ള ഒരു ശ്രമം മാത്രമാണ്. ഇത് ഒരു സാഹചര്യത്തിലും അംഗീകരിക്കില്ല." - അബു ഉബൈദ വ്യക്തമാക്കി. ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഇരു വിഭാഗം അംഗീകരിച്ച ശേഷവും ഇസ്രായേൽ കൂട്ടക്കുരുതി അവസാനിച്ചിട്ടില്ല. വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ നിരന്തരം ലംഘിക്കുകയും ഫലസ്തീനികളെ ആക്രമണങ്ങളിൽ കൊല്ലപ്പെടുത്തുകയും ചെയ്യുന്നത് ഇസ്രായേൽ തുടർന്നു കൊണ്ടിരിക്കുകയാണ്. 2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 72,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 1.72 ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടയുന്നതും ഇസ്രായേൽ അവസാനിപ്പിച്ചിട്ടില്ല. ഇറാൻ, ലെബനൻ എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെയും അബു ഉബൈദ ശക്തമായി അപലപിച്ചു. ഫെബ്രുവരി 28-ന് അമേരിക്കയുടെ സഹകരണത്തോടെ ഇറാനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ 'വഞ്ചനാപരം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇറാനിൽ ഇതുവരെ 2,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. മാർച്ച് 2 മുതൽ ലെബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ 1,400-ലധികം പേർ കൊല്ലപ്പെടുകയും 12 ലക്ഷത്തോളം പേർ പലായനം ചെയ്യേണ്ടി വരികയും ചെയ്തു. ഇസ്രായേലിനെതിരെ പോരാടുന്ന ഇറാൻ, ഹിസ്ബുല്ല, ഹൂതികൾ എന്നിവരെ അദ്ദേഹം പ്രശംസിച്ചു. കൂടാതെ ഫലസ്തീനികൾക്ക് മാത്രം ബാധകമാകുന്ന രീതിയിൽ ഇസ്രായേൽ പാർലമെന്റ് പാസാക്കിയ വധശിക്ഷാ നിയമത്തെ അപലപിച്ച അദ്ദേഹം ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കാൻ വെസ്റ്റ് ബാങ്കിലെ ജനങ്ങൾ പോരാടണമെന്നും ആഹ്വാനം ചെയ്തു.

'ഹമാസിന്റെ നിരായുധീകരണം ഇസ്രായേൽ വംശഹത്യ തുടരാനുള്ള ഗൂഢനീക്കം...' അമേരിക്കൻ സമാധാന പദ്ധതി തള്ളി ഹമാസ്
M
MadhyamamSource Link
about 1 month ago