'19-ാം വയസ്സിൽ നായകനായി, 23 വയസ്സിൽ സിനിമയിൽ നിന്നും വിലക്ക്'; പിന്നിട്ട വിവാദങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് ഷെയ്ൻ നിഗം

'19-ാം വയസ്സിൽ നായകനായി, 23 വയസ്സിൽ സിനിമയിൽ നിന്നും വിലക്ക്'; പിന്നിട്ട വിവാദങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് ഷെയ്ൻ നിഗം

മലയാള സിനിമയിലെ യുവ താരങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ഷെയ്ൻ നിഗം . തന്‍റേതായ അവതരണ ശൈലികൊണ്ടും അഭിനയ വൈഭവംകൊണ്ടും ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമ മേഖലയിൽ സ്വന്തം സ്ഥാനം കണ്ടെത്താൻ ഷെയ്നിന് സാധിച്ചിട്ടുണ്ട്. എന്നാൽ ചെറു പ്രായത്തിൽ തന്നെ നായക നടനായി ഉയർന്നുവന്ന ഷെയ്ൻ നിരവധി വിവാദങ്ങളിലും അകപെട്ടു. ഇത് നടന്‍റെ സിനിമ ജീവിതത്തേയും സാമ്പത്തിക സ്ഥിതിയെയും മോശമായി ബാധിച്ചു. ജീത്തു ജോസഫിന്‍റെ നിർമാണത്തിൽ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ദൃഢം എന്ന ചിത്രത്തിന്‍റെ റിലീസിന് തയ്യാറെടുക്കുകയാണ് ഷെയ്ൻ ഇപ്പോൾ. ഒരുപാട് വിജയത്തിനും തോൽവിക്കുമിപ്പുറം സ്വയം കെട്ടിപ്പെടുക്കുന്ന സ്വപ്നത്തിൽ വീണ്ടും അതിജീവനത്തിന് ഒരിങ്ങുകയാണ് ഷെയ്ൻ. ഒരു നെപ്പോ കിഡ് എന്ന ലേബലോടെ ഇന്‍റസ്ട്രിയിലേക്ക് എത്തിയെങ്കിലും മറ്റു താര പുത്രമാരെ അപേക്ഷിച്ച് വ്യത്യസ്തമായിരുന്നു ഷെയ്നിന്‍റെ ജീവിതം. ഹലോ കുട്ടിച്ചാത്തൻ സീരിയലിലെ അഭിനയത്തിലൂടെയും സൂപ്പർ ഡാൻസർ ജൂനിയർ എന്ന റിയാലിറ്റി ടെലിവിഷൻ ഷോയിലെ മത്സരാർത്ഥി എന്ന നിലയിലും പ്രശസ്തനായ ബാലതാരമായിരുന്നിട്ടും, സിനിമാ മേഖല ഒരു പുതിയ ലോകം പോലെയാണ് തനിക്ക് തോന്നിയതെന്ന് ഷെയ്ൻ അഭിപ്രായപ്പെട്ടു. അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കലാഭവൻ അബിയുടെ മകനായതിനാൽതന്നെ ആദ്യ കാലങ്ങളിൽ ആ പരിഗണനയിലാണ് ഷെയ്ൻ നിഗം അറിയപ്പെട്ടത്. പൃഥ്വിരാജ് സുകുമാരൻ നായകനായ താന്തോന്നി (2010) എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം അമൽ നീരദിന്‍റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, രാജീവ് രവിയുടെ അന്നയും റസൂലും എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 'ആളുകളിൽ നിന്ന് ധാരാളം സ്നേഹം ലഭിച്ചു. അന്ന് ഞാൻ അഭിനയിച്ച സിനിമകളും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഒരു വശത്ത് പ്രേക്ഷകരുടെ സ്നേഹവും മറുവശത്ത് വ്യവസായത്തിന്റെ അധികാര രാഷ്ട്രീയത്തെക്കുറിച്ചുള്ള എന്റെ ധാരണയില്ലായ്മയും ഉണ്ടായിരുന്നു. 19-ാം വയസ്സിൽ ഞാൻ നായകനായി, 23 വയസ്സിൽ സിനിമയിൽ നിന്നും വിലക്ക്. ഞാൻ ആരെ കുറിച്ചും മോശമായി സംസാരിക്കുന്നില്ല, എന്നെത്തന്നെ ന്യായീകരിക്കാനും ശ്രമിക്കുന്നില്ല' ഷെയ്ൻ നിഗം പറഞ്ഞു. 'വെയിൽ' എന്ന സിനിമയുടെ നിർമാണം പുരോഗമിക്കുന്നതിനിടെ മുടി മുറിച്ചതിന് നിർമാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയെന്ന് പരസ്യമായി ആരോപിച്ചതോടെയാണ് നടനെ ചുറ്റിപ്പറ്റിയുള്ള ആദ്യകാല വിവാദങ്ങളിലൊന്ന് പൊട്ടിപ്പുറപ്പെട്ടത്. വെയിൽ എന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം തന്റെ അടുത്ത ചിത്രമായ കുർബാനിയുടെ ചിത്രീകരണത്തിനായി പുതിയ ഹെയർസ്റ്റൈൽ ചെയ്തുവെന്ന് അവകാശപ്പെട്ട ഷെയ്ൻ, ജോബി അതിൽ അസന്തുഷ്ടനാണെന്ന് ആരോപിച്ചു. തുടർന്ന് വെയിലിന്റെ തുടർച്ചയെ ഇത് ബാധിക്കുമെന്ന് പറഞ്ഞ് ജോബി തനിക്ക് വധഭീഷണി മുഴക്കിയെന്നും നടൻ പറഞ്ഞു. 2023-ൽ ആർ‌.ഡി‌.എക്‌സിന്റെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയതായി ആരോപിച്ച് ഷെയ്ൻ മറ്റൊരു വിവാദത്തിലും അകപ്പെട്ടു. 'നിർമാണത്തിന്റെ പകുതി കഴിഞ്ഞപ്പോൾ, ആർ‌.ഡി‌.എക്‌സിൽ തനിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ഷെയ്ൻ നിർബന്ധിച്ചു. നിർമാണത്തിനിടയിൽ സിനിമ എഡിറ്റ് ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സിനിമയിൽ അഭിനയിക്കില്ലെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുക പോലും ചെയ്തു' എന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെ.‌എഫ്‌.പി‌.എ) പിന്നീട് വെളിപ്പെടുത്തി. കെ‌.എഫ്‌.പി‌.എ, ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള, അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്നിവ ഷെയ്‌നുമായി ഇനി സഹകരിക്കില്ലെന്ന് തീരുമാനിക്കുകയും അദ്ദേഹത്തിന് മേൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു . എന്നിരുന്നാലും പ്രശ്നങ്ങൾ പിന്നീട് പരിഹരിക്കപ്പെട്ടു. 2024-ൽ ഒരു സിനിമാ പ്രമോഷനു വേണ്ടി സഹനടൻ ഉണ്ണി മുകുന്ദനെക്കുറിച്ച് മോശം പരാമർശം നടത്തിയതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പേര് വീണ്ടും വാർത്തകളിൽ ഇടം നേടി. പിന്നീട് അദ്ദേഹം ഇതിന് ക്ഷമാപണം നടത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'19-ാം വയസ്സിൽ നായകനായി, 23 വയസ്സിൽ സിനിമയിൽ നിന്നും വിലക്ക… | Boolokam