1,637 പത്രിക സ്വീകരിച്ചു, 337 എണ്ണം തള്ളി; പലയിടത്തും നാടകീയ രംഗങ്ങൾ

1,637 പത്രിക സ്വീകരിച്ചു, 337 എണ്ണം തള്ളി; പലയിടത്തും നാടകീയ രംഗങ്ങൾ

M
MadhyamamSource Link
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളിൽ സൂക്ഷ്മപരിശോധനക്ക് ശേഷം 1,637 എണ്ണം സ്വീകരിച്ചു, 337 എണ്ണം തള്ളി. രണ്ടുപേർ പിൻവലിച്ചു. സൂക്ഷ്മപരിശോധനക്കിടെ പലയിടത്തും അരങ്ങേറിയത് നാടകീയ രംഗങ്ങൾ. വരുമാനം മറച്ചുവെച്ചെന്ന പരാതിയില്‍ പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേമത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പത്രികകളുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചെങ്കിലും പിന്നീട് സ്വീകരിച്ചു. യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി ജി. സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴയിൽ സുധാകരന്‍റെ അപരന്റെ പത്രിക തള്ളി. ബേപ്പൂരിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അൻവറിന്റെ നാല് അപരന്മാരുടെയും പത്രിക സ്വീകരിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിന്റെ ഒരു അപരന്റെ പത്രികയാണ് തള്ളിയത്. വി.ഡി. സതീശൻ പത്രികയിൽ അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനവും ഔദ്യോഗിക വാഹനത്തിൻമേലുള്ള ട്രാഫിക് പിഴകളുടെ വിവരങ്ങളും കുടിശ്ശികയും കൈവശമുള്ള സ്വർണത്തിന്റെ കൃത്യമായ വിപണിമൂല്യവും ഉൾപ്പെടുത്തിയില്ലെന്നായിരുന്നു പരാതി. സതീശൻ നൽകിയ വിശദീകരണം തൃപ്തികരമാണെന്നുകണ്ടാണ് പത്രിക സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻ.ഡി.എ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രികയിൽ ബംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതിയും വരണാധികാരി തള്ളി. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം കോടതിയിൽ കേസുമായി മുന്നോട്ടുപോകാമെന്ന അഭിഭാഷകന്‍റെ വാദം അംഗീകരിച്ചാണ് പത്രിക സ്വീകരിച്ചത്. അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരന്റെ അപരനായി മത്സരിച്ച പാതിരപ്പള്ളി സ്വദേശി സുധാകരന്റെ പത്രികയാണ് തള്ളിയത്. ബേപ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി. അന്‍വറിന്റെ പത്രിക സ്വീകരിച്ചതില്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്ന് എൽ.ഡി.എഫ് പറയുന്നു. അന്‍വര്‍ നല്‍കിയ സത്യമാങ്മൂലത്തില്‍ ഒരു കേസിന്‍റെ വിവരം ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി. കോഴിക്കോട് എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ മത്സരിക്കാനൊരുങ്ങിയ പി.കെ. ശശീന്ദ്രന്‍റെ പത്രിക സൂക്ഷ്മപരിശോധനക്കിടെ സ്വീകരിച്ച് മേശപ്പുറത്ത് വെച്ച രസീതുമായി ഒരാൾ ഇറങ്ങിയോടി. കുത്തത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കോവൂർ കുഞ്ഞുമോൻ സ്വതന്ത്രനായും ആർ.എസ്.പി (ലെനിനിസ്റ്റ്) സ്ഥാനാർഥിയായും നൽകിയ രണ്ടു പത്രികയും സ്വീകരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

1,637 പത്രിക സ്വീകരിച്ചു, 337 എണ്ണം തള്ളി; പലയിടത്തും നാടകീ… | Boolokam