12 വർഷത്തിനിടെ അഞ്ചുലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തു, എം.എസ്.പി കടലാസിൽ മാത്രം; കേന്ദ്രത്തിന്റെ വാദങ്ങൾ തള്ളി എസ്.കെ.എം

12 വർഷത്തിനിടെ അഞ്ചുലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തു, എം.എസ്.പി കടലാസിൽ മാത്രം; കേന്ദ്രത്തിന്റെ വാദങ്ങൾ തള്ളി എസ്.കെ.എം

M
MadhyamamSource Link
ന്യൂഡൽഹി: രാജ്യത്ത് 12 വർഷത്തിനിടെ അഞ്ചുലക്ഷത്തിലധികം കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യ ​ചെയ്തതായി സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം). കർഷകരുടെ വരുമാനം ഇരട്ടിയാക്കിയെന്ന കേന്ദ്രസർക്കാരിന്റെ അവകാശ വാദങ്ങളെ നിരാകരിച്ചുകൊണ്ടാണ് സംയുക്ത കിസാൻ മോർച്ചയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കിയെന്ന് പാർലമെന്റിൽ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രസ്താവിച്ചിരുന്നു. കടബാധ്യതയെ തുടർന്ന് ​ശരാശരി 31 കർഷകർ പ്രതിദിനം ആത്മഹത്യ ചെയ്യുകയാണ്. കഴിഞ്ഞ 12 വർഷത്തിനിടെ അഞ്ചുലക്ഷത്തിലധികം കർഷകരും കർഷകത്തൊഴിലാളികളും കുടിയേറ്റ തൊഴിലാളികളും ജീവിതം അവസാനിപ്പിച്ചു. അടിസ്ഥാന താങ്ങുവില (എം.എസ്.പി) കടലാസിൽ മാത്രമാണ് നിലനിൽക്കുന്നത്. അടിസ്ഥാന താങ്ങുവില സംബന്ധിച്ച സർക്കാരിന്റെ ഉറപ്പ് നടപ്പിലാക്കിയിട്ടില്ല. നിലവിൽ 15 ശതമാനത്തിൽ താഴെ വിളകൾ മാത്രമാണ് അടിസ്ഥാന താങ്ങുവില നൽകി സംഭരിക്കുന്നതെന്നും എസ്.കെ.എം ആരോപിച്ചു. കേന്ദ്ര സർക്കാർ കർഷക സമൂഹത്തെ പിന്തുണക്കുന്നുവെന്ന് അവകാശപ്പെടുമ്പോൾ കർഷകർക്ക് പതിവായി തങ്ങളുടെ ഉൽപ്പന്നങ്ങൾ അടിസ്ഥാന താങ്ങുവിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽക്കേണ്ടിവരുന്നതായി ആൾ ഇന്ത്യ കിസാൻ സഭ നേതാവ് പി. കൃഷ്ണ പ്രസാദ് പറഞ്ഞു. ഉൽപാദന ചെലവിനേക്കാൾ 50 ശതമാനം കൂടുതൽ അടിസ്ഥാന താങ്ങുവില നിശ്ചയിക്കുന്ന സ്വാമിനാഥൻ കമ്മിറ്റിയുടെ സി2 ഫോർമൂല നടപ്പാക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം ആവർത്തിച്ചു. കാർഷിക മേഖലയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്ന് എ.ഐ.കെ.എസ് ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ പറഞ്ഞു. ബാങ്കുകളിൽ നിന്നും കമ്മീഷൻ ഏജന്റുമാരിൽ നിന്നുമുള്ള വായ്പകൾ തിരിച്ചടക്കാനാകാതെ പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിൽ രണ്ട് സഹോദരന്മാർ അടുത്തിടെ ആത്മഹത്യ ചെയ്ത സംഭവം അദ്ദേഹവും ചൂണ്ടിക്കാണിച്ചു. കർഷകരെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ കേന്ദ്ര സർക്കാരിന്റെ വിദേശനയം കാർഷിക മേഖലയിലെ സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ടെന്നും കൃഷ്ണൻ ആരോപിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

12 വർഷത്തിനിടെ അഞ്ചുലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തു, എം… | Boolokam