നാല് വർഷത്തെ ഇടവേളക്ക് ശേഷം ബി.ടി.എസ് നടത്തുന്ന വമ്പൻ തിരിച്ചുവരവ് കൺസേർട്ടിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. എന്നാൽ കൺസേർട്ടിന് തൊട്ടുമുമ്പ് ഗ്രൂപ്പ് ലീഡർ ആർ.എംന് പരിക്കേറ്റ വാർത്ത ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൺസേർട്ടിന് ഒരു ദിവസം മുമ്പ് ബിഗ് ഹിറ്റ് മ്യൂസിക് ആണ് ഈ വിവരം പുറത്തുവിട്ടത്. ആർ.എമ്മിന്റെ കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൺസേർട്ടിൽ അദ്ദേഹം പങ്കെടുക്കുമെങ്കിലും, നൃത്തച്ചുവടുകളിൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സോളിലെ ഗ്വാങ്‌വാമുൻ പരിസരത്ത് ഏകദേശം 2.5 ലക്ഷം ആരാധകർ എത്തുമെന്നാണ് കണക്കാക്കുന്നത്. 2002ലെ ലോകകപ്പിന് ശേഷം കൊറിയ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനക്കൂട്ടമാണിത്. 2022ലെ ഹാലോവീൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് സർക്കാർ. 15,000 സുരക്ഷാ ഉദ്യോഗസ്ഥരെയും 6,500 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് വഴി 190 രാജ്യങ്ങളിലായി 5 കോടിയിലധികം ആളുകൾ ഈ കൺസേർട്ട് തത്സമയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്വാങ്‌വാമുനിലെ ഈ പരിപാടി ഒരു തുടക്കം മാത്രമാണ്. 82 സ്റ്റേഡിയം ഷോകളടങ്ങുന്ന ബി.ടി.എസിന്റെ ഈ ലോക പര്യടനം കെ-പോപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം നേടുന്ന ടൂറായി മാറുമെന്നാണ് വിലയിരുത്തൽ. ഇതിനോടകം തന്നെ യൂറോപ്പിലെയും അമേരിക്കയിലെയും ടിക്കറ്റുകൾ വിറ്റുതീർന്നു കഴിഞ്ഞിട്ടുണ്ട്. മാർച്ച് 20ന് പുറത്തിറങ്ങിയ ബി.ടി.എസിന്റെ പുതിയ ആൽബം 'അരിരംഗ്' ആദ്യദിനം തന്നെ ചരിത്ര റെക്കോർഡുകൾ കുറിച്ചു. ആദ്യ 24 മണിക്കൂറിനുള്ളിൽ 3.9 ദശലക്ഷം (39 ലക്ഷം) കോപ്പികളാണ് വിറ്റഴിഞ്ഞത്. ഇത് ബി.ടി.എസിന്റെ തന്നെ മുൻ റെക്കോർഡുകളെ ഇത് തകർത്തിട്ടുണ്ട്. ആൽബത്തിലെ 'SWIM', 'Body to Body' എന്നീ ഗാനങ്ങൾ ദക്ഷിണ കൊറിയൻ മ്യൂസിക് ചാർട്ടുകളിൽ ഒന്നാമതെത്തി.

15,000 സുരക്ഷാ ഉദ്യോഗസ്ഥർ, ഡ്രോൺ ജാമറുകൾ, സോളിൽ ‘ബി.ടി.എസ്’പവർ; തിരിച്ചുവരവ് ആഘോഷമാക്കി ആരാധകർ
M
MadhyamamSource Link
about 2 months ago