ന്യൂഡൽഹി: രാഷ്ട്രീയത്തിൽ പൂർണ വിരാമമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവധി പൂർത്തിയായ 37 അംഗങ്ങൾക്ക് ബുധനാഴ്ച രാജ്യസഭയിൽ നൽകിയ യാത്രയയപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷകരവും പ്രയാസകരവുമായ നിമിഷങ്ങൾക്കൊപ്പം എല്ലാ അംഗങ്ങളിൽ നിന്നും അർഥവത്തായ സംവാദങ്ങൾക്കും സംഭാവനകൾക്കും സഭ സാക്ഷ്യം വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജനപ്രതിനിധികൾ ഒരിക്കലും പൊതുജീവിതത്തിൽ നിന്ന് വിരമിക്കുന്നില്ലെന്നും പാർലമെന്ററി കാലാവധിക്കപ്പുറം രാജ്യസേവനം തുടരുന്നതിന് ഊന്നൽ നൽകണമെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പാർലമെന്ററി ജനാധിപത്യം ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടിയ സി.പി.ഐ എം.പി പി. സന്തോഷ് കുമാർ വിരമിക്കുന്ന എം.പിമാർ ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരണമെന്ന് അഭ്യർഥിച്ചു. വിരമിക്കുന്ന അംഗങ്ങൾക്ക് മാന്യവും ന്യായയുക്തവുമായ പെൻഷൻ ഉറപ്പാക്കണമെന്ന് ലീഗ് അംഗം പി.വി. അബ്ദുൽ വഹാബ് സഭാ അധ്യക്ഷനോട് ആവശ്യപ്പെട്ടു. എൻ.സി.പി നേതാവ് ശരദ് പവാർ, കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ, ഫൗസിയ ഖാൻ, പ്രിയങ്ക ചതുർവേദി തുടങ്ങി മഹാരാഷ്ട്രയിൽനിന്ന് ഏഴുപേരും തിരുച്ചി ശിവ, ആർ. ഇളങ്കോ, എം. തമ്പി ദുരൈ തുടങ്ങി തമിഴ്നാട്ടിൽ നിന്ന് ആറുപേരും ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് അടക്കം ബിഹാറിൽ നിന്ന് അഞ്ചും ബംഗാളിൽ നിന്ന് സാകേത് ഗോഖലെ, മൗസം നൂർ അടക്കം അഞ്ചും തെലങ്കാന, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് നാലുപേർ വീതവും അസമിൽനിന്ന് മൂന്നും ഛത്തിസ്ഗഢിൽനിന്നും ഹരിയാനയിൽ നിന്നും രണ്ടുപേർ വീതവുമാണ് വിരമിച്ചത്.
